കൊളസ്‌ട്രോളിന്റെ അളവ് കൂടിയാൽ അത് ഹൃദയാരോഗ്യത്തെ ബാധിക്കാം. കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.   

കൊളസ്ട്രോളിനെ ഭയക്കുന്ന കാലമായി ഇത് മാറിക്കഴിഞ്ഞു. കൊളസ്‌ട്രോളിന്റെ അളവ് കൂടിയാൽ അത് ഹൃദയാരോഗ്യത്തെ ബാധിക്കാം. കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. കൊളസ്ട്രോള്‍ കൂടുമ്പോള്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. 

ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍... 

1. ചര്‍മ്മത്തിന്‍റെ നിറത്തിലുള്ള വ്യത്യാസം, ചർമ്മത്തിൽ മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ള വളർച്ച തുടങ്ങിയവ ചിലപ്പോള്‍ ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ ലക്ഷണമാകാം. 

2. കണ്ണിന്റെ മൂലകളിൽ, കൈ രേഖയിൽ, കാലിന്റെ പുറകിൽ ഒക്കെ കൊളസ്‌ട്രോൾ അടിയാം. ഇവിടെയൊക്കെ കാണുന്ന തടിപ്പും കൊളസ്‌ട്രോളിന്‍റെ ലക്ഷണമാകാം. 

3. കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

4. കാലുകളില്‍ വേദന, കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കാലുകളുടെ പേശികളില്‍ വേദന, കാലുകളിലോ പാദത്തിലോ മുറിവുകള്‍ തുടങ്ങിയവ ഉണ്ടാകാം. 

5. കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകുക, മങ്ങിയ നഖങ്ങള്‍, തളര്‍ച്ച, ക്ഷീണം തുടങ്ങിയവയും കാണപ്പെടാം.

ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താന്‍ സാധിക്കുകയുള്ളൂ. പ്രത്യേകിച്ച് ഭക്ഷണശീലത്തില്‍ ഒന്നു ശ്രദ്ധിച്ചാല്‍ കൊളസ്‌ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണശീലത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, ചുവന്ന മാംസം തുടങ്ങിയവ പരമാവധി ഒഴിവാക്കുക. 

2. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. 

3. മധുരമടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗവും കുറയ്ക്കുക. 

4. അമിതമായി ഭക്ഷണം കഴിക്കരുത്. ഭക്ഷണത്തിന് കൃത്യമായ അളവ് സൂക്ഷിക്കുക.

5. രാത്രി ഉറങ്ങുന്നതിന് മുമ്പുള്ള അമിത ഭക്ഷണം, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക.

6. ഓട്‌സും ബാര്‍ലിയും മറ്റ് മുഴുധാന്യങ്ങളും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇലക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. 
പയറുവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാം. 

7. അവക്കാഡോ, നട്സ്, ഫാറ്റി ഫിഷ്, സോയാബീൻസ്, വെളുത്തുള്ളി, സവാള തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: മുപ്പതുകളില്‍ സ്ത്രീകള്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

youtubevideo