ലക്ഷണങ്ങളിലൂടെ തന്നെ ഒരു പരിധി വരെ വന്ധ്യതയെ തിരിച്ചറിയാൻ സാധിക്കും. ഇതിന് വന്ധ്യതയുടെ ലക്ഷണങ്ങളെ കുറിച്ച് പ്രാഥമികമായെങ്കിലും മനസിലാക്കണം.

വന്ധ്യത, സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ്. ഇതില്‍ കാരണങ്ങളായി വരുന്ന കാര്യങ്ങളിലും സ്ത്രീക്കും പുരുഷനും സമാനതകളുണ്ടാകാം. ഹോര്‍മോണ്‍ പ്രശ്നങ്ങളും സ്ട്രെസും എല്ലാം ഇതിനുദാഹരണമാണ്. 

എന്നാല്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും ജൈവികമായ വ്യത്യാസങ്ങള്‍ അവരെ ബാധിക്കുന്ന രോഗങ്ങളിലും കാണും. പ്രത്യേകിച്ച് പ്രത്യുത്പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ട വന്ധ്യത പോലുള്ള രോഗങ്ങളില്‍.

പുരുഷന്മാരിലെ വന്ധ്യതയിലേക്ക് വന്നുകഴിഞ്ഞാല്‍ സമയബന്ധിതമായി രോഗം കണ്ടെത്താനും ചികിത്സിക്കാനും സാധിച്ചില്ല എന്നുണ്ടെങ്കില്‍ പ്രത്യുത്പാദനത്തിനുള്ള സാധ്യത തന്നെ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകാം. എന്നാല്‍ സമയബന്ധിതമായി ചികിത്സയെടുക്കാൻ വന്ധ്യതയുണ്ടോ എന്നത് എങ്ങനെ തിരിച്ചറിയാൻ? ഇതാണ് പലരുടെയും സംശയവും ആശങ്കയും. 

ലക്ഷണങ്ങളിലൂടെ തന്നെ ഒരു പരിധി വരെ വന്ധ്യതയെ തിരിച്ചറിയാൻ സാധിക്കും. ഇതിന് വന്ധ്യതയുടെ ലക്ഷണങ്ങളെ കുറിച്ച് പ്രാഥമികമായെങ്കിലും മനസിലാക്കണം.

വന്ധ്യതയുടെ ലക്ഷണങ്ങള്‍...

ഉദ്ധാരണപ്രശ്നങ്ങള്‍ തന്നെയാണ് പ്രധാന ലക്ഷണം. തുടര്‍ച്ചയായി ഉദ്ധാരണക്കുറവ്, ഉദ്ധാരണസമയത്തിലെ കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ആവര്‍ത്തിച്ചുവരുന്നുവെങ്കില്‍ നിങ്ങള്‍ ഡോക്ടറെ കാണുന്നതായിരിക്കും ഉചിതം. വൃഷണത്തില്‍ കാണുന്ന പ്രകടമായ മാറ്റങ്ങള്‍, അസ്വസ്ഥതകള്‍, വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളും മറച്ചുപിടിക്കരുത്. ഇവയും വന്ധ്യതയുമായി ബന്ധപ്പെട്ടിരിക്കാം. 

ശുക്ലത്തിന്‍റെ അളവ്, അതിന്‍റെ പ്രകൃതം എന്നിവയില്‍ വ്യത്യാസം, ശുക്ലത്തില്‍ രക്തത്തിന്‍റെ അംശം എന്നിവ കാണുന്നപക്ഷവും നിര്‍ബന്ധമായും ഡോക്ടറെ കാണണം. ഹോര്‍മോണ്‍ പ്രശ്നമുള്ള പുരുഷന്മാരില്‍ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും രോമവളര്‍ച്ച കുറവായിരിക്കും. ഇതൊരു സൂചനയാണ്. എന്നാല്‍ മുഖത്തോ ശരീരഭാഗങ്ങളിലോ രോമവളര്‍ച്ച കുറഞ്ഞ പുരുഷന്മാരിലെല്ലാം വന്ധ്യതയുണ്ടാകും എന്ന് ചിന്തിക്കരുത്. അത് അബദ്ധധാരണയാകും. 

വന്ധ്യതയുടെ കാരണങ്ങള്‍...

പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് പ്രധാനമായും കാരണമായി വരുന്നത് സ്ത്രീകളിലെ പോലെ തന്നെ ഹോര്‍മോണ്‍ പ്രശ്നങ്ങളാണ്. ഇതിനൊപ്പം പ്രത്യത്പാദനവ്യവസ്ഥയിലെ അവയവങ്ങളിലെ പ്രശ്നങ്ങള്‍, ബീജോത്പാദനത്തിലെ പ്രശ്നങ്ങള്‍, മദ്യപാനമോ പുകവലിയോ മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗമോ പോലുള്ള മോശം ജീവിതരീതി, സ്ട്രെസ് പ്രമേഹം- ബിപി- ലൈംഗികരോഗങ്ങള്‍ പോലുള്ള രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും എല്ലാം കാരണമായി വരാം. 

നല്ല ഭക്ഷണം, വ്യായാമം, സ്ട്രെസ് ഇല്ലാത്ത അന്തരീക്ഷം, സുഖകരമായ ഉറക്കം, പങ്കാളിയുമായി സന്തോഷകരമായ ബന്ധം. ദുശ്ശീലങ്ങളില്ലായ്മ എന്നിങ്ങനെ ആരോഗ്യകരമായി ജീവിതത്തെ കൊണ്ടുപോകാൻ സാധിച്ചാല്‍ ഒരു പരിധി വരെ വന്ധ്യതയെ പ്രതിരോധിക്കാൻ സാധിക്കും. എങ്കിലും പൂര്‍ണണായും നമുക്കിതിനെ തടഞ്ഞുനിര്‍ത്താൻ സാധിക്കില്ല. 

ലക്ഷണങ്ങള്‍ കാണുന്നപക്ഷമോ, സംശയം തോന്നുന്നപക്ഷമോ മടി കൂടാതെ ഡോക്ടറെ കാണുന്നതിനാണ് ആര്‍ജ്ജവം വേണ്ടത്. വന്ധ്യത ഒരു കുറ്റമോ പാപമോ അല്ല. അത് തീര്‍ത്തും ശാസ്ത്രീയമായ- ആരോഗ്യത്തെ ബാധിക്കുന്നൊരു പ്രശ്നം തന്നെയാണ്. അതിന് ചികിത്സ കൂടിയേ തീരൂ. പങ്കാളിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയുമെല്ലാം പരിഗണനയും സ്നേഹവും ഈ ഘട്ടത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ വന്ധ്യത മാനസികാരോഗ്യത്തെയും ബാധിക്കുന്ന നിലയിലേക്ക് വരാം. 

Also Read:- നിങ്ങളുടെ കുടുംബത്തിലാര്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo