ഇന്ത്യയില്‍ EG.5.1 വകഭേദം കണ്ടെത്തി രണ്ട് മാസം പിന്നിട്ടിട്ടും കൊവിഡ് കേസുകളില്‍ വലിയ വര്‍ദ്ധനവൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ ഈ വകഭേദം വലിയ ആഘാതമൊന്നും ഉണ്ടാക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

മുംബൈ: യുകെയില്‍ അടുത്തിടെ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ EG.5.1 നേരത്തെ തന്നെ ഇന്ത്യയില്‍ കണ്ടെത്തിയതാണെന്ന് വെളിപ്പെടുത്തല്‍. മഹാരാഷ്ട്രയിലെ ജീനോം സീക്വന്‍സിങ് കോര്‍ഡിനേറ്ററും ബി.ജെ മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ ഡോ. രാജേഷ് കരിയാകര്‍തെയാണ് ഇക്കാര്യം അറിയിച്ചത്. മേയ് മാസത്തില്‍ തന്നെ ഈ കൊവിഡ് വൈറസ് വകഭേദത്തെ മഹാരാഷ്ട്രയില്‍ കണ്ടെത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ EG.5.1 വകഭേദം കണ്ടെത്തി രണ്ട് മാസം പിന്നിട്ടിട്ടും കൊവിഡ് കേസുകളില്‍ വലിയ വര്‍ദ്ധനവൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ ഈ വകഭേദം വലിയ ആഘാതമൊന്നും ഉണ്ടാക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയ വകഭേദത്തിന് മുമ്പേ കണ്ടെത്തിയ XBB.1.16, XBB.2.3 എന്നീ ഒമിക്രോണ്‍ വകഭേദങ്ങളാണ് ഇപ്പോഴും കൊവിഡ് വൈറസ് ബാധയുമായെത്തുന്ന ഏറ്റവുമധികം പേരില്‍ കണ്ടെത്തുന്നത്. പുതിയ വകഭേദം രണ്ട് മാസം മുമ്പ് കണ്ടെത്തിയ മഹാരാഷ്ട്രയില്‍ രണ്ട് ദിവസം മുമ്പുള്ള കണക്ക് പ്രകാരം നിലവിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 115 ആണ്. 

ഇറിസ് എന്ന് വിളിക്കുന്ന ഒമിക്രോണ്‍ വകഭേദം EG.5.1 ജൂലൈ 31നാണ് യുകെയില്‍ സ്ഥിരീകരിച്ചത്. നിലവില്‍ യുകെയില്‍ കൊവിഡ് വ്യാപനം വര്‍ദ്ധിച്ചിട്ടുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രതയിലാണെന്നും അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്ത് EG.5.1 വകഭേദം അതിവേഗം വ്യാപിക്കുന്നു എന്ന് കണ്ടെത്തിയിട്ടുമുണ്ട്. എന്നാല്‍ EG.5.1 കാരണം ഇത്തരമൊരു അവസ്ഥ ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് ഡോ. രാജേഷ് വ്യക്തമാക്കുന്നു. നിലവില്‍ കൊവിഡ് കേസുകളില്‍ ചെറിയ തോതിലുള്ള വര്‍ദ്ധനവ് കാണുന്നുണ്ടെങ്കിലും അത് അപകടകരമായ തരത്തിലാണെന്ന് പറയാനാവില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

Read also: പേരില്‍ 'അതിഥി തൊഴിലാളി സൗഹൃദം', അടിസ്ഥാനപരമായ ക്ഷേമ പദ്ധതികള്‍ പോലും നടപ്പാക്കാതെ കേരളം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...