മാറിടത്തില്‍ മുഴയുണ്ടായതിനെ തുടര്‍ന്നാണ് ആലപ്പുഴ സ്വദേശിയായ രജനി കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയത്. അവിടെ നിന്നുള്ള ബയോപ്‌സി ഫലം വരാന്‍ വൈകുമെന്നതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് സ്വകാര്യ ലാബിനെ കൂടി സമീപിച്ചത്. ഇവിടെ നിന്നുള്ള ഫലം ലഭിച്ചതോടെ ക്യാന്‍സറിനുള്ള ചികിത്സ ആരംഭിക്കുകയായിരുന്നു
ക്യാന്‍സറില്ലാതെ, ക്യാന്‍സറാണെന്ന് തെറ്റിദ്ധരിച്ച് വീട്ടമ്മയ്ക്ക് കീമോതെറാപ്പി ചെയ്ത ഞെട്ടിക്കുന്ന വാര്‍ത്ത നമ്മള്‍ കേട്ടു. സ്വകാര്യ ലാബ് തെറ്റായ റിസള്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ചികിത്സ ആരംഭിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വീഴ്ച ആരുടെ പക്ഷത്താണെങ്കിലും അത് ഗുരുതരമായ നഷ്ടമാണ് കീമോയ്ക്ക് വിധേയയായ വീട്ടമ്മയിലുണ്ടാക്കിയത്. മുടി മുഴുവനായി കൊഴിയുകയും, വായ്ക്കകം പൊള്ളിയടരുകയും ചെയ്തതുള്‍പ്പെടെ പലവിധ പ്രശ്‌നങ്ങളാണ് കീമോയെ തുടര്‍ന്ന് ഇവര്‍ നേരിടുന്നത്.
മാറിടത്തില്‍ മുഴയുണ്ടായതിനെ തുടര്‍ന്നാണ് ആലപ്പുഴ സ്വദേശിയായ രജനി കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയത്. അവിടെ നിന്നുള്ള ബയോപ്‌സി ഫലം വരാന്‍ വൈകുമെന്നതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് സ്വകാര്യ ലാബിനെ കൂടി സമീപിച്ചത്. ഇവിടെ നിന്നുള്ള ഫലം ലഭിച്ചതോടെ ക്യാന്‍സറിനുള്ള ചികിത്സ ആരംഭിക്കുകയായിരുന്നു.
ആദ്യഘട്ട കീമോ കഴിഞ്ഞ ശേഷമാണ് മുഴ ക്യാന്‍സറല്ലെന്ന മെഡിക്കല്‍ കോളേജ് ലാബിന്റെ റിപ്പോര്‍ട്ട് വന്നത്. പിന്നീട് തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലും (ആര്‍സിസി) പരിശോധന നടത്തി. ക്യാന്‍സറില്ലെന്ന് തന്നെയായിരുന്നു ആര്‍സിസിയില്‍ നിന്ന് കിട്ടിയ റിപ്പോര്‍ട്ടും സ്ഥിരീകരിച്ചത്. ഇതിനിടെ മാറിടത്തിലുണ്ടായ മുഴ ഏപ്രിലോടെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്തിരുന്നു.
മാറിടത്തിലെന്നല്ല, ശരീരത്തിലെവിടെയുണ്ടാകുന്ന മുഴയും ഉടന്‍ തന്നെ ക്യാന്‍സറാണെന്ന് വിധിയെഴുതുന്ന രീതി നമുക്കിടയിലുണ്ട്. രജനിയുടെ കാര്യത്തില്‍ മെഡിക്കല്‍ വൃത്തങ്ങള്‍ക്ക് പിഴവ് സംഭവിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ ഇത്തരത്തില്‍ സങ്കീര്‍ണ്ണമാവുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ശരീരത്തില്‍ കണ്ടെത്തുന്ന എല്ലാ മുഴകളും ക്യാന്‍സര്‍ ആകണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്.
'ട്യൂമര്‍'ഉം ക്യാന്‍സറും തമ്മിലുള്ള വ്യത്യാസം...
'ട്യൂമര്‍' അഥവാ കോശങ്ങള്‍ വളര്‍ന്ന് മുഴയാകുന്നത് രണ്ട് തരത്തിലാണ് പ്രധാനമായും ഉള്ളത്. ഒന്ന് ശരീരം മുഴുവന്‍ പടരുന്ന ക്യാന്‍സറസായ 'ട്യൂമര്‍'. രണ്ട്, ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് മാത്രമുണ്ടാകുന്ന വളര്‍ച്ച. ഇവ രണ്ടും തമ്മില്‍ വലിയ അന്തരമാണുള്ളത്. ക്യാന്‍സറസായ മുഴകള്‍ അല്‍പം അപകടകാരികള്‍ തന്നെയാണ്. തുടക്കത്തിലേ കണ്ടെത്തിയില്ലെങ്കില്‍ രക്തത്തിലൂടെയും കോശദ്രാവകങ്ങളിലൂടെയുമെല്ലാം പരന്ന് ശരീരത്തിലെവിടെ വേണമെങ്കിലും ഇവയെത്താം. അതാണ് ക്യാന്‍സറിന്റെ രണ്ടാംഘട്ടമായി അറിയപ്പെടുന്നത്.
ഓരോ ഘട്ടം കടക്കുമ്പോഴും ക്യാന്‍സറിനുള്ള ചികിത്സകള്‍ വിജയം കാണാനുള്ള സാധ്യതകള്‍ അല്‍പാല്‍പമായി കുറഞ്ഞുവരും. ഇത് അതത് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
്ക്യാന്‍സറസല്ലാത്ത മുഴകളും പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. എന്നാല്‍ ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതേയുള്ളൂ. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും പിന്നീട് ഇതുമൂലം ഉണ്ടാകണമെന്നുമില്ല.
ക്യാന്‍സറിനെ തിരിച്ചറിയാനാകുമോ!
അപകടകാരിയല്ലാത്ത മുഴയേയും ക്യാന്‍സറസായ മുഴയേയും അത്ര എളുപ്പത്തില്‍ തിരിച്ചറിയാനാകില്ലെന്നതാണ് പ്രാഥമികമായി മനസിലാക്കേണ്ട കാര്യം. അതിന് കൃത്യമായ പരിശോധനകള്‍ നിര്‍ബന്ധമായും നടത്തേണ്ടതുണ്ട്. പരിശോധനാഫലം പല തവണ ഉറപ്പുവരുത്തേണ്ടതും ഉണ്ട്. ഇക്കാര്യം ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കാറുണ്ട്.
ശരീരത്തില്‍ ഏത് ഭാഗത്താണെങ്കിലും അസാധാരണമായ തടിപ്പോ, വളര്‍ച്ചയോ തോന്നിയാല്‍ വൈകാതെ ഡോക്ടറെ കാണുകയാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്നുള്ള കാര്യങ്ങള്‍ ആധികാരികതയോടെ ഡോക്ടര്‍മാര്‍ ചെയ്യട്ടേ. അതിന് മുമ്പ് വിധിയെഴുതേണ്ട ആവശ്യമില്ല. അതുപോലെ രണ്ടിലധികം ആശുപത്രികളിലോ ഡോക്ടര്‍മാരെയോ ഫലം ഉറപ്പിക്കാനായി സമീപിക്കണം.
ഓരോ തരം ക്യാന്‍സറിനും ഓരോ തരത്തിലുള്ള ലക്ഷണമാണ് കാണിക്കുക, ഇതും വിശദമായി ചോദിച്ചറിയാന്‍ ഡോക്ടര്‍മാര്‍ക്കേ കഴിയൂ. അതിനാല്‍, ആരോഗ്യകാര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ വ്യക്തമായി ഡോക്ടര്‍ക്ക് വിശദീകരിച്ചുനല്‍കാം. ചികിത്സ വൈകിപ്പിക്കാതിരിക്കുകയെന്നത് മാത്രമാണ് ഇക്കാര്യത്തില്‍ സാധാരണക്കാരെ സംബന്ധിച്ച് ചെയ്യാനാകുന്ന ഏകവിഷയം. ആറ് മാസം കൂടുമ്പോള്‍ മുഴുവന്‍ ചെക്കപ്പുകളും നടത്താനാകുന്നവരാണെങ്കില്‍ അത്രയും നല്ലത്.
