നിലവില്‍ ലോകത്ത് അസുഖങ്ങള്‍ മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മരണങ്ങളില്‍ ആറിലൊന്ന് ക്യാൻസര്‍ മൂലമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 2020ല്‍ മാത്രം ഒരു കോടിയിലധികം ആളുകളാണ് ക്യാൻസര്‍ ബാധയെ തുടര്‍ന്ന് മരിച്ചത്.
ക്യാൻസര്‍ രോഗം സമയബന്ധിതമായി കണ്ടെത്താനായാല്‍ ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. എന്നാല്‍ പലപ്പോഴും ക്യാൻസര്‍ സമയത്തിന് കണ്ടെത്താൻ സാധിക്കുന്നില്ല എന്നതാണ് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കുന്നത്.
നിലവില്‍ ലോകത്ത് അസുഖങ്ങള്‍ മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മരണങ്ങളില്‍ ആറിലൊന്ന് ക്യാൻസര്‍ മൂലമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 2020ല്‍ മാത്രം ഒരു കോടിയിലധികം ആളുകളാണ് ക്യാൻസര്‍ ബാധയെ തുടര്‍ന്ന് മരിച്ചത്.
സ്തനാര്‍ബുദം, ശ്വാസകോളാര്‍ബുദം, മലാശയാര്‍ബുദം, ആമാശയ അര്‍ബുദം, പ്രോസ്റ്റേറ്റ് അര്‍ബുദം, ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം എന്നിവയാണത്രേ ഏറ്റവും കൂടുതലായി കാണപ്പെടുന്നയിനം ക്യാൻസര്‍ രോഗങ്ങള്‍. ഇവയില്‍ ശ്വാസകോശാര്‍ബുദം, മലാശയാര്‍ബുദം, ആമാശയാര്‍ബുദം, സ്തനാര്‍ബുദം എന്നിവയും കരളിനെ ബാധിക്കുന്ന അര്‍ബുദവുമാണ് ഏറ്റവുമധികം പേരെ മരണത്തിലേക്ക് നയിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ക്യാൻസര്‍ പാരമ്പര്യമായി പിടിപെടാം. അതായത് കുടുംബത്തിലാര്‍ക്കെങ്കില്‍ ക്യാൻസര്‍ ഉണ്ടായിരുന്നുവെങ്കില്‍ മറ്റുള്ളവരില്‍ ഇതിനുള്ള സാധ്യതകളുണ്ട്. എന്നാല്‍ എല്ലായ്പോഴും ഇങ്ങനെ സംഭവിക്കണമെന്നുമില്ല. പാരമ്പര്യഘടകങ്ങള്‍ക്ക് പുറമെ ജീവിതരീതികളും വലിയ രീതിയില്‍ ക്യാൻസറിന് കാരണമാകാറുണ്ട്. ഏതാണ്ട് 3-040 ശതമാനം ക്യാൻസറും ഇങ്ങനെ ലൈഫ്സ്റ്റൈല്‍ ശ്രദ്ധിക്കുന്നത് മൂലം ഒഴിവാക്കാമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
അത്തരത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില ജീവിതരീതികള്‍ അഥവാ ലൈഫ്സ്റ്റൈലുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഇതില്‍ ഏറ്റവും പ്രധാനം അമിതവണ്ണമാണ്. പ്രായത്തിനും ശരീരപ്രകൃതിക്കും അനുസരിച്ചുള്ള ശരീരഭാരമേ നമുക്ക് ഉണ്ടാകാവൂ. ചിലരില്‍ അവരുടേതായ സവിശേഷതയായി അല്‍പം വണ്ണമുണ്ടാകാം. ഇതിനെ അനാരോഗ്യകരമായ അവസ്ഥയായി പറയാൻ സാധിക്കില്ല. എന്നാല്‍ ഇടയ്ക്ക് വച്ച് വണ്ണം കൂടി പിന്നീടത് കുറയ്ക്കാനുള്ള ശ്രമങ്ങളൊന്നുമില്ലാതെ തുടരുന്നവരാണെങ്കില്‍ ക്യാൻസര്‍ സാധ്യത വരാം.
അമിതവണ്ണം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാം. ഇതിന്‍റെ തുടര്‍ച്ചയാണ് ഇവരില്‍ ക്യാൻസര്‍ ബാധിക്കുന്നതും.
എൻഡോമെട്രിയല്‍ ക്യാൻസര്‍, അന്നനാളത്തിലെ ക്യാൻസര്‍, വൃക്കയെ ബാധിക്കുന്ന ക്യാൻസര്‍, കരള്‍ ക്യാൻസര്‍, പോസ്റ്റ്-മെനോപോസല്‍ (ആര്‍ത്തവവവിരാമത്തിന് ശേഷം ) ക്യാൻസര്‍, പാൻക്രിയാസ് ക്യാൻസര്‍, മലാശയത്തെ ബാധിക്കുന്ന ക്യാൻസര്‍ എന്നിവയെല്ലാം അമിതവണ്ണം മൂലമുണ്ടാകാം.
അമിതവണ്ണം കഴിഞ്ഞാല്‍ മദ്യപാനവും പുകവലിയും തന്നെയാണ് ക്യാൻസറിലേക്ക് നയിക്കുന്ന ദോഷകരമായ ലൈഫ്സ്റ്റൈല്‍ ശീലം. വായിലെ ക്യാൻസര്‍, ഫാരിംഗ്സ് ക്യാൻസര്‍, ലാരിംഗ്സ് ക്യാൻസര്‍, ശ്വാസകോശത്തെ ബാധിക്കുന്ന ക്യാൻസര്‍, അന്നനാളത്തിലെ ക്യാൻസര്‍, കരള്‍ ക്യാൻസര്‍, മലാശയത്തെ ബാധിക്കുന്ന ക്യാൻസര്‍, സ്തനാര്‍ബുദം എന്നിവയ്ക്കെല്ലാം ഇതില്‍ സാധ്യതയുണ്ട്.
യുഎസിലെ 'ഹാര്‍വാര്‍ഡ് ടിഎച്ച് ചാൻ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്'ല്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയൊരു പഠനപ്രകാരം സ്ത്രീകളില്‍ ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ 41 ശതമാനം ക്യാൻസര്‍ കേസുകളും 59 ശതമാനം ക്യാൻസര്‍ മരണങ്ങളും ഒഴിവാക്കാവുന്നതാണ്. പുരുഷന്മാരിലാണെങ്കില്‍ 63 ശതമാനം ക്യാൻസര്‍ കേസുകളും 67 ശതമാനം ക്യാൻസര്‍ മരണങ്ങളും ഒഴിവാക്കാം.
വണ്ണം നിയന്ത്രിക്കുന്നതിനും പുകവലി- മദ്യപാനം പോലുള്ള ശീലങ്ങള്‍ ഒഴിവാക്കുന്നതിനും പുറമെ അവരവരുടെ പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും യോജിക്കും വിധം വ്യായാമം ചെയ്യുന്നതും വലിയൊരു പരിധി വരെ ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും.
എല്ലാ രീതിയിലും ആരോഗ്യം ശ്രദ്ധിക്കുന്നവരിലും ക്യാൻസര്‍ ബാധയുണ്ടാകില്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. പല ദുശ്ശീലങ്ങളുമുള്ളവരില്‍ ഇതുപോലുള്ള രോഗം കാണുന്നില്ലല്ലോ എന്ന സംശയവും വരാം. ആരോഗ്യകാര്യങ്ങള്‍ നല്ലരീതിയില്‍ ശ്രദ്ധിക്കുന്നവരിലും ക്യാൻസര്‍ വരുന്ന കേസുകള്‍ ഒന്നുകില്‍ പാരമ്പര്യഘടകങ്ങള്‍ മൂലമായിരിക്കാം. അങ്ങനെയല്ലെങ്കില്‍ പോലും പരിപൂര്‍ണമായ ഉറപ്പ് ഒരു രോഗത്തിന്‍റെ കാര്യത്തിലും നല്‍കാനാകില്ലെന്ന് കൂടി മനസിലാക്കുക. അതുകൊണ്ടാണ് പല ദുശ്ശീലങ്ങളും ഉള്ളവരിലും മറ്റ് രോഗങ്ങള്‍ കാണാത്ത സാഹചര്യവുമുണ്ടാകുന്നത്. എന്നാല്‍ മോശം ജീവിതരീതിയുമായി മുന്നോട്ടുപോകുന്നത് ക്യാൻസര്‍ അടക്കം നിരവധി രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്നും അറിയുക.
Also Read:- നടുവേദന ക്യാൻസറിനെയും സൂചിപ്പിക്കും; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍
