Asianet News MalayalamAsianet News Malayalam

കുട്ടികളില്‍ അമിതവണ്ണം എന്തെല്ലാം പ്രശ്നങ്ങളുണ്ടാക്കും?; മാതാപിതാക്കള്‍ക്ക് ചെയ്യാവുന്ന ചിലത്...

അഞ്ച് മുതല്‍ 18 വയസ് വരെ പ്രായം വരുന്ന കുട്ടികളിലും കൗമാരക്കാരിലും അമിതവണ്ണം വരാതിരിക്കാൻ മാതാപിതാക്കള്‍ക്കോ വീട്ടിലെ മുതിര്‍ന്നവര്‍ക്കോ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനാകും. അത്തരത്തില്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

things to care for preventing obesity in children
Author
First Published Nov 27, 2023, 8:10 PM IST

ഇന്ന് കുട്ടികളില്‍ അമിതവണ്ണം കാണുന്നത് കൂടുതലായിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ തന്നെ ചൂണ്ടിക്കാണിക്കാറുണ്ട്. ഇങ്ങനെ കുട്ടികളില്‍ ശരീരഭാരം അധികമാകുന്നതും പ്രത്യേകിച്ച് അത് അമിവണ്ണത്തിലേക്ക് എത്തുന്നതുമെല്ലാം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നയിക്കാം. ചെറുപ്പത്തിലേ വണ്ണം അധികമാകുമ്പോള്‍ പിന്നീടത് കുറയ്ക്കുന്നതിനും ഏറെ പ്രയാസം വരുന്നു. 

കുട്ടികളില്‍ ഹൃദയാഘാതം കൂടുന്നു, പക്ഷാഘാം കൂടുന്നു, പ്രമേഹം - ഫാറ്റി ലിവര്‍ പോലുള്ള രോഗങ്ങളെല്ലാം കൂടുന്നു. ഇതിനെല്ലാം പിന്നില്‍ അമിതവണ്ണം വലിയ കാരണമായി നില്‍ക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

അഞ്ച് മുതല്‍ 18 വയസ് വരെ പ്രായം വരുന്ന കുട്ടികളിലും കൗമാരക്കാരിലും അമിതവണ്ണം വരാതിരിക്കാൻ മാതാപിതാക്കള്‍ക്കോ വീട്ടിലെ മുതിര്‍ന്നവര്‍ക്കോ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനാകും. അത്തരത്തില്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

ഒന്ന്..

ഇന്ന് കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണശീലങ്ങളില്ല. മുതിര്‍ന്നവര്‍ തന്നെ അനാരോഗ്യകരമായ ഭക്ഷണരീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇതിലപ്പുറമാവുകയാണ് കുട്ടികള്‍. അതിനാല്‍ ആദ്യം മാതാപിതാക്കളോ വീട്ടിലുള്ള മുതിര്‍ന്നവരോ കുട്ടികള്‍ക്ക് മാതൃകയെന്നോണം ആരോഗ്യകരമായ ഭക്ഷണരീതിയിലേക്ക് എത്തുക. ശേഷം കുട്ടികളുടെ ഭക്ഷണകാര്യങ്ങള്‍ നിയന്ത്രിക്കുക.

മധുരം, മധുരപലഹാരങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പാക്കറ്റ് ഫുഡ്, പ്രോസസ്ഡ് ഫുഡ്സ്, ആനാരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം പരമാവധി കുട്ടികള്‍ക്ക് നല്‍കി ശീലിപ്പിക്കാതിരിക്കണം. പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും നട്ട്സും സീഡ്സുമെല്ലാം കുട്ടികളെ കഴിച്ച് ശീലിപ്പിക്കുകയും വേണം.

രണ്ട്....

മിക്ക കുട്ടികളും ഇന്ന് അധികസമയവും ഫോണില്‍ ചിലവിടുകയാണ് ചെയ്യുന്നത്. പണ്ടത്തെ പോലെ കായികമായ അധ്വാനം വരുന്ന കളികളോ വിനോദങ്ങളോ ഒന്നും കുട്ടികള്‍ക്ക് ഇല്ല. ഫോണില്‍ ചിലവിടുന്ന സമയമത്രയും കുട്ടികള്‍ വെറുതെ ഇരിക്കുകയാണ്.

ഇങ്ങനെ കായികാധ്വാനമേതുമില്ലാത്ത അവസ്ഥയാണ് കുട്ടികളില്‍ അമിതവണ്ണം വര്‍ധിക്കുന്നതിന് പ്രധാന കാരണമാകുന്നതെന്നും ഇതില്‍ തന്നെ ഫോണുപയോഗമാണ് വില്ലനെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍ ദിവസവും കുട്ടികളില്‍ കായികാധ്വാനം ഉറപ്പിക്കുക. ശേഷം മതി ഫോണുപയോഗം.

മൂന്ന്...

കുട്ടികള്‍ക്ക് ആരോഗ്യകരമായ ജീവിതരീതിയെ കുറിച്ച് അറിവ് പകര്‍ന്നുകൊടുക്കാനും മാതാപിതാക്കളും മറ്റുള്ളവരും ശ്രമിക്കണം. ഇതിനായി ഏത് മാര്‍ഗവും അവലംബിക്കാം. വീഡിയോകള്‍ കാണിക്കാം, ചെറിയ പുസ്തകങ്ങള്‍ വായിപ്പിക്കാം, നിങ്ങള്‍ക്ക് തന്നെ താല്‍പര്യപൂര്‍വം ഇതെക്കുറിച്ചെല്ലാം സംസാരിക്കാം. 

നാല്...

കുട്ടികള്‍ക്ക് പഠനസമ്മര്‍ദ്ദമോ വേറേതെങ്കിലും തരത്തിലുള്ള സ്ട്രെസോ ഉണ്ടെങ്കിലും അവരില്‍ വണ്ണം കൂടാം. അതിനാല്‍ കുട്ടികളുടെ മാനസികാരോഗ്യനിലയെ കുറിച്ച് മാതാപിതാക്കള്‍ക്കും കുട്ടിയോട് ഇടപഴകുന്ന മറ്റുള്ളവര്‍ക്കും ബോധ്യമുണ്ടായിരിക്കണം. 

അഞ്ച്... 

സ്കൂളില്‍ പോകുന്ന കുട്ടികള്‍ തീര്‍ച്ചയായും അവിടെ വച്ച് നിങ്ങളുടെ കണ്ണ് വെട്ടിച്ച് പലതും കഴിക്കാം. എന്നാല്‍ മാതാപിതാക്കള്‍ സ്നേഹപൂര്‍വം- സൗഹാര്‍ദ്ദപരമായി ഇതിന്‍റെ ഭവിഷ്യത്തുകളെ അവരെ പറഞ്ഞ് മനസിലാക്കിയിരിക്കണം. ഇത്തരത്തില്‍ വീട്ടില്‍ നിന്ന് മാറിയാലും അനാരോഗ്യകരമായ ഭക്ഷണരീതിയോ ജീവിതരീതിയോ കുട്ടികള്‍ തെരഞ്ഞെടുക്കാതിരിക്കാൻ അവര്‍ക്ക് കൃത്യമായ അടിത്തറ കിട്ടിയിരിക്കണം. 

ആറ്...

ചില കുടുംബങ്ങളില്‍ അമിതവണ്ണം പാരമ്പര്യമായിത്തന്നെ ഉണ്ടാകാറുണ്ട്. അങ്ങനെയുള്ളവര്‍ തീര്‍ച്ചയായും കുട്ടികളെ ചെറുപ്പം മുതല്‍ തന്നെ ഇക്കാര്യത്തില്‍ ചിട്ടയായി വളര്‍ത്തിക്കൊണ്ട് വരണം. കുട്ടികള്‍ക്ക് സമ്മര്‍ദ്ദമാകുംവിധത്തില്‍ അവരെ ഒരു കാര്യത്തിനും നിര്‍ബന്ധിക്കാതിരിക്കുക. മറിച്ച് അവരെ സൗഹാര്‍ദ്ദപൂര്‍വം വേണം ഓരോ കാര്യങ്ങളും മനസിലാക്കിച്ചുകൊടുക്കാൻ.

Also Read:- വായില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; അവ നല്‍കുന്ന സൂചനകള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios