കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യമാണ് രാജ്യത്തിലുള്ളത്. എങ്കിലും അവശ്യസാധനങ്ങള്‍ വാങ്ങിക്കാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവരും നിരവധിയാണ്. മറ്റുള്ള സമയങ്ങളിലെല്ലാം കൃത്യമായി ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുകയും പുറത്തുപോകുമ്പോള്‍ മാത്രം ഇക്കാര്യങ്ങള്‍ മറന്നുകളയുന്നവരുമാണ് തില്‍ മിക്കവാറും പേരും. 

സാധനങ്ങള്‍ വാങ്ങിക്കാന്‍ മാത്രമല്ലേ പുറത്തുപോകുന്നുള്ളൂ, അല്ലാത്ത സമയങ്ങളില്‍ അകത്ത് തന്നെയല്ലേ എന്ന ആശ്വാസമാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ പോകുന്നതിലും ചെറുതല്ലാത്ത തരത്തിലുള്ള വെല്ലുവിളി നിലനില്‍ക്കുണ്ട്. അണുക്കള്‍ ശരീരത്തിലേക്ക് പകരാതിരിക്കാനാണല്ലോ നമ്മള്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹികാകലം പാലിക്കുന്നതുമെല്ലാം. എന്നാല്‍ കടകളില്‍ പോകുമ്പോല്‍ പല മാര്‍ഗങ്ങളിലൂടെ നമ്മളിലേക്ക് അണുക്കള്‍ എത്തിയേക്കാം. ഇത് സാധ്യതകള്‍ മാത്രമാണ്. ഈ സാധ്യതകളെ അറിഞ്ഞിരിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ തീര്‍ച്ചയായും ഗുണകരമാണ്. 

ഒന്ന്...

കടകളില്‍ പോകുമ്പോള്‍, പ്രത്യേകിച്ച് സൂപ്പര്‍മാര്‍ക്കറ്റുകളാണെങ്കില്‍ അവിടെ ചെന്നയുടന്‍ നമ്മള്‍ തിരയുന്നത് ഷോപ്പിംഗിനായി നിരത്തിവച്ചിട്ടുള്ള കാര്‍ട്ടുകളാണ്. അവയിലൊന്ന് എടുത്ത് കയ്യില്‍ വച്ച ശേഷമാണ് സാധനങ്ങള്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങുന്നത്. ഈ കാര്‍ട്ട് ദിവസത്തില്‍ തന്നെ എത്രയോ പേര്‍ തൊട്ടതാകാം. 

അണുക്കള്‍ നമ്മളിലേക്കെത്താന്‍ ഒരു സാധ്യത നിലനില്‍ക്കുന്നത് ഇങ്ങനെയെന്ന് പറയാം. ഒന്നുകില്‍ കാര്‍ട്ടില്‍ സാധനങ്ങളെടുക്കുന്നത് ഒഴിവാക്കാം, അല്ലെങ്കില്‍ ഈ അവസരത്തില്‍ ഗ്ലൗസ് ധരിക്കാം. 

രണ്ട്...

രണ്ടാമതായി ശ്രദ്ധിക്കേണ്ട കാര്യം, നമ്മള്‍ ഷോപ്പിംഗിനായി തെരഞ്ഞെടുക്കുന്ന കടകളാണ്. അധികം തിരക്കുള്ള കടകള്‍ എപ്പോഴും ഒഴിവാക്കുന്നതാണ് നല്ലത്. തിരക്കൊഴിഞ്ഞ ചെറിയ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കാം. ഒരുപാട് സാധനങ്ങള്‍ ഒന്നിച്ച് വാങ്ങിക്കൂട്ടുന്ന പ്രവണത ഒന്ന് നിയന്ത്രിച്ചാല്‍ മാത്രം മതി. 

മൂന്ന്...

നമ്മള്‍ ഏത് കടയിലേക്കാണോ പോകുന്നത്, അവിടത്തെ വൃത്തിയും പെരുമാറ്റ രീതികളും ഈ ഘട്ടത്തില്‍ നിര്‍ബന്ധപൂര്‍വ്വം ശ്രദ്ധിക്കുക. ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യുന്നവനാണ് കച്ചവടക്കാരനെങ്കില്‍ ആ കടയെ തന്നെ ആശ്രയിക്കാം. മറിച്ച്, വൃത്തിയില്ലാതെ കിടക്കുന്ന- അലക്ഷ്യമായി പെരുമാറുന്നയാളാണെങ്കില്‍ ആ സ്ഥലവും അത്രകണ്ട് സുരക്ഷിതമല്ലെന്ന് മനസിലാക്കുക. 

നാല്...

നമുക്കറിയാം, നേരിട്ടുള്ള പണമിടപാടുകള്‍ നിലവിലെ സാഹചര്യത്തില്‍ വലിയ രോഗഭീഷണി ഉയര്‍ത്തുന്നുണ്ട്. 

കറന്‍സിയുടെ കൊടുക്കല്‍ വാങ്ങലുകള്‍ അണുക്കളുടെ കൂടി കൈമാറ്റം ആയേക്കാം. അതിനാല്‍ ഓണ്‍ലൈന്‍ സേവനങ്ങളെ കൂടുതലായി ആശ്രയിക്കാന്‍ ശ്രമിക്കാം. അല്ലാത്ത പക്ഷം കറന്‍സിയിടപാടിന് ശേഷം കൈ വൃത്തിയായി കഴുകാനും സാനിറ്റൈസ് ചെയ്യാനും മറക്കാതിരിക്കുക. 

അഞ്ച്...

മിക്ക കടകളിലും ഇപ്പോള്‍ സാധനങ്ങള്‍ പൊതിഞ്ഞുതരുന്നത് പേപ്പര്‍ ബാഗുകളിലാണ്. പേപ്പര്‍ ബാഗുകളിലൂടെയും അണുക്കള്‍ പകരാനിടയുണ്ട്. അതിനാല്‍ സാധനങ്ങള്‍ ഇടാനുള്ള സഞ്ചിയോ കവറോ വീട്ടില്‍ നിന്ന് കൊണ്ടുപോകുന്നതാണ് അല്‍പം കൂടി സുരക്ഷിതമായ രീതി. തുണസഞ്ചിയാണെങ്കില്‍, അതും വീട്ടില്‍ തന്നെയുള്ളത് ഉപയോഗിക്കുന്നതാണ് ഉത്തമം. 

Also Read:- കൊവിഡ് 19; പച്ചക്കറിയും പഴങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്...

ആറ്...

പച്ചക്കറിയോ പഴങ്ങളോ ഒക്കെ നന്നായി കഴുകിയ ശേഷം മാത്രമാണ് നമ്മള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ബോട്ടിലുകളിലും ടിന്നുകളിലും വരുന്ന ഭക്ഷ്യവസ്തുക്കളോ? അവയിലും എത്ര പേരുടെ വിരല്‍ പതിഞ്ഞുകാണും! ഇത്തരം സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിയാല്‍ ഉടനെ ഇതിന്റെ പുറം ഭാഗം സാനിറ്റൈസ് ചെയ്യാം. അതുപോലെ കയ്യും സമയബന്ധിതമായി തന്നെ വൃത്തിയാക്കേണ്ടതുണ്ട്.