ഹെപ്പറ്റൈറ്റിസ് ആണ് കരളിനെ ബാധിക്കുന്ന ഗുരുതരമായൊരു രോഗം. ഹെപ്പറ്റൈറ്റിസ് ചികിത്സയിലൂടെ ഭേദപ്പെടുത്താന്‍ സാധിക്കുന്നതാണ്. എന്നാല്‍ പഴകുംതോറും കരളിലെ കോശങ്ങള്‍ നശിച്ചുപോകുന്നത് പിന്നീട് വീണ്ടെടുക്കാന്‍ കഴിയാത്ത വിധത്തിലേക്ക് നീങ്ങുകയാണെങ്കില്‍ അത് ലിവര്‍ സിറോസിസ് അഥവാ കരള്‍ അര്‍ബുദമായി പരിണമിക്കാം
നമ്മുടെ ശരീരത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ അവയവമാണ് കരള്‍ ( Second largest organ). കരളിന്റെ പ്രാധാന്യത്തെ കുറിച്ച് എടുത്തുപറയേണ്ടതില്ല. അത്രമാത്രം സുപ്രധാനമായ ധര്‍മ്മങ്ങളാണ് കരള്‍ ( Functions of liver ) നിര്‍വഹിക്കുന്നത്. ദഹനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഷുഗര്‍ നിയന്ത്രണം, ശരീരത്തില്‍ നിന്ന് പുറന്തള്ളേണ്ടവയെ പുറന്തള്ളുന്ന പ്രക്രിയ, കൊളസ്‌ട്രോള്‍ നിയന്ത്രണം, ആവശ്യമായ സമയങ്ങളില്‍ രക്തം കട്ട പിടിപ്പിക്കുന്നത്, അണുബാധകളോട് പൊരുതുന്നത് തുടങ്ങി പല ധര്‍മ്മങ്ങളും കരള്‍ നിറവേറ്റുന്നുണ്ട്.
കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഇതിലൂടെ വ്യക്തമായിരിക്കുമല്ലോ. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ ജീവിതരീതികളില്‍ പലതും കരളിനെ അപകടപ്പെടുത്തിയേക്കാം.
ഇന്ന് ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ക്യാന്‍സര്‍ മരണങ്ങളില്‍ മൂന്നാമത് സ്ഥാനമാണ് കരള്‍ ക്യാന്‍സറിനുള്ളത്. ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നത് പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം രോഗികള്‍ മരിക്കുന്നതിനുള്ള പത്താമത് കാരണമായി കരള്‍രോഗങ്ങള്‍ പട്ടികപ്പെടുത്തിയിരിക്കുന്നു. രാജ്യത്ത് ഓരോ വര്‍ഷവും ശരാശരി 10 ലക്ഷം ലിവര്‍ സിറോസിസ് രോഗികളെങ്കിലും ഉണ്ടാകുന്നതായും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
ഹെപ്പറ്റൈറ്റിസ് ആണ് കരളിനെ ബാധിക്കുന്ന ഗുരുതരമായൊരു രോഗം. ഹെപ്പറ്റൈറ്റിസ് ചികിത്സയിലൂടെ ഭേദപ്പെടുത്താന്‍ സാധിക്കുന്നതാണ്. എന്നാല്‍ പഴകുംതോറും കരളിലെ കോശങ്ങള്‍ നശിച്ചുപോകുന്നത് പിന്നീട് വീണ്ടെടുക്കാന്‍ കഴിയാത്ത വിധത്തിലേക്ക് നീങ്ങുകയാണെങ്കില്‍ അത് ലിവര്‍ സിറോസിസ് അഥവാ കരള്‍ അര്‍ബുദമായി പരിണമിക്കാം.
ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി, പ്രമേഹം, പാരമ്പര്യമായി കിട്ടുന്ന ചില കരള്‍രോഗങ്ങള്‍, മദ്യപാനത്തിലൂടെയല്ലാതെ പിടിപെടുന്ന കരള്‍വീക്കം, അമിത മദ്യപാനം എന്നിങ്ങനെ പല ഘടകങ്ങളും ലിവര്‍ സിറോസിസിലേക്ക് നയിക്കാം.
ഇനി, എങ്ങനെയാണ് കരള്‍ രോഗത്തെ, പ്രധാനമായും കരള്‍ അര്‍ബുദത്തെ തിരിച്ചറിയുക എന്നറിയാം. ചില സൂചനകളിലൂടെ നമുക്കിതിലേക്കുള്ള സാധ്യതയെ മനസിലാക്കാം. ചുരുങ്ങിയ സമയത്തിനുള്ളില്‍ ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, വയറിന്റെ മുകള്‍ഭാഗത്ത് വേദന, അവിടെ തന്നെ വീക്കം, ഓക്കാനം/ ഛര്‍ദ്ദി, ചര്‍മ്മത്തില്‍ മഞ്ഞനിറം പടരുക, കണ്ണിലെ വെളുത്ത ഭാഗത്ത് മഞ്ഞനിറം പടരുക എന്നിവയെല്ലാം കരള്‍ അര്‍ബുദത്തിന്റെ ലക്ഷണമാകാം. എന്നിരുന്നാലും ഈ ലക്ഷണങ്ങളിലേതെങ്കിലും കാണുന്നപക്ഷം സ്വയം നിര്‍ണയത്തിന് മുതിരാതെ ആശുപത്രിയിലെത്തി, ഡോക്ടറുടെ നിര്‍ദേശപ്രകാരം തന്നെ വേണ്ട പരിശോധനകള്‍ നടത്തുകയാണ് വേണ്ടത്.
ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ കരളിനെ ഒരു പരിധി വരെ സുരക്ഷിതമായി നിര്‍ത്താന്‍ സാധിക്കും. അത്തരത്തിലുള്ള ചിലതാണ് ഇനി പങ്കുവയ്ക്കുന്നത്.
ഡയറ്റിന്റെ കാര്യമെടുത്താല്‍ കൂടുതല്‍ പച്ചക്കറികളും, ഇലക്കറികളും ഉള്‍പ്പെടുത്താം. ബ്രൊക്കോളി, ബ്രസല്‍സ് സ്പ്രൗട്ട് എന്നിവയെല്ലാം ഇതിന് ഉത്തമമാണ്. ഇവ കരളിനെ വൃത്തിയാക്കാനാണ് സഹായിക്കുന്നത്. വൈറ്റമിന്‍-സി സമ്പന്നമായ ഭക്ഷണങ്ങളും ഡയറ്റിലുള്‍പ്പെടുത്താം. സിട്രസ് ഫ്രൂട്ട്‌സ്, നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
ശരീരഭാരം ഉയരത്തിനും പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ച് കാത്തുസൂക്ഷിക്കുന്നതിലൂടെയും കരളിനെ സുരക്ഷിതമാക്കാം. അമിതവണ്ണം, പ്രത്യേകിച്ച് വയറിലോ അരക്കെട്ടിലോ കൊഴുപ്പ് അടിഞ്ഞുകിടക്കുന്ന അവസ്ഥ എന്നിവ കരള്‍വീക്കത്തിന് സാധ്യത കൂട്ടും.
ഹെപ്പറ്റൈറ്റിസ്- ബി ബാധ ഒഴിവാക്കുന്നതിനായി ഇതിനെതിരെയുള്ള വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. ഇതും കരള്‍രോഗത്തെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. ഹെപ്പറ്റൈറ്റിസ്-സി ആണെങ്കില്‍ ഇതിന് വാക്‌സിന്‍ ഇല്ല. എന്നാല്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, ലൈംഗികരോഗങ്ങള്‍, ഞരമ്പില്‍ കുത്തിവയ്ക്കുന്ന ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവയെല്ലാം ഹെപ്പറ്റൈറ്റിസ്-സി വൈറസിനുള്ള സാധ്യതകള്‍ കൂട്ടുന്നുണ്ട്. ഇവയെല്ലാം ഒഴിവാക്കിനിര്‍ത്താവുന്നതാണ്.
മദ്യപാനം നിര്‍ത്തുക അല്ലെങ്കില്‍ വളരെ മിതമായ അളവിലേക്ക് മാറുക, ജങ്ക് ഫുഡ് ഒഴിവാക്കുക, റെഡ് മീറ്റ് ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക, കരളിനെ അപകടപ്പെടുത്തുംവിധമുള്ള മരുന്നുകള്‍- ഗുളികകള്‍ ഉപയോഗിക്കാതിരിക്കുക എന്നിവയെല്ലാം കരള്‍രോഗത്തെ അകറ്റിനിര്‍ത്താന്‍ സഹായിക്കും.
Also Read:- ഇടവിട്ട് അനുഭവപ്പെടുന്ന മൂത്രശങ്ക; ഏതെങ്കിലും അസുഖങ്ങളുടെ ലക്ഷണമാണോ?
