പാക്കറ്റ് ഫുഡ്, പ്രോസസ്ഡ് ഫുഡ് എന്നിവയിലെല്ലാം ഉപ്പിന്‍റെ അളവ് കൂടുതലാണ്. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെയും ഉപ്പ് കാര്യമായി ശരീരത്തിലെത്തുന്നു. ഇവയെല്ലാം വൃക്കകള്‍ക്ക് ഭീഷണിയാണ്.
നാം നിത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ടതായ ഒരുപാട് കാര്യങ്ങളുണ്ട്. ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവയെല്ലാം ഇത്തരത്തില്‍ ഏറെ ശ്രദ്ധ നല്‍കേണ്ട ഘടകങ്ങള്‍ തന്നെയാണ്. ഇവയിലെല്ലാമുള്ള അശ്രദ്ധയോ അനാരോഗ്യകരമായ പ്രവണതകളോ നമ്മെ പല രീതിയില്‍ ബാധിക്കാം.
ഇങ്ങനെ വൃക്കയെ ബാധിക്കുന്ന, വൃക്കയെ രോഗത്തിലേക്ക് നയിക്കുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ധാരാളം ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നൊരു സംഗതിയാണ് അമിതവണ്ണം. ഇത് വൃക്കയെയും പ്രശ്നത്തിലാക്കുന്നതില്‍ മുൻപന്തിയില്‍ തന്നെ. വൃക്ക രോഗം മാത്രമല്ല പ്രമേഹം, ബിപി (രക്തസമ്മര്‍ദ്ദം), കൊഴുപ്പ് നില ഉയരുന്നത്, ഹൃദ്രോഗം തുടങ്ങി ഗൗരവമുള്ള പല പ്രശ്നങ്ങളിലേക്കും അമിതവണ്ണം നയിക്കാം. ഈ പ്രശ്നങ്ങളും വൃക്കയെ പ്രത്യക്ഷമായോ പരോക്ഷമായോ വീണ്ടും ബാധിക്കുകയും ചെയ്യുന്നു.
രണ്ട്...
ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുന്നത് ഓരോരുത്തരുടെയും അഭിരുചിക്ക് അനുസരിച്ചാണ്. എന്നാല്‍ ഉപ്പ് പതിവായി കൂടുതല്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് വൃക്കയുടെ പ്രവര്‍ത്തനത്തെ ക്രമേണ തകരാറിലാക്കാം. ഉപ്പ് ഭക്ഷണത്തില്‍ നാം ചേര്‍ത്ത് കഴിക്കുന്നതിലൂടെ മാത്രമല്ല ശരീരത്തിലെത്തുന്നത്.
പാക്കറ്റ് ഫുഡ്, പ്രോസസ്ഡ് ഫുഡ് എന്നിവയിലെല്ലാം ഉപ്പിന്‍റെ അളവ് കൂടുതലാണ്. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെയും ഉപ്പ് കാര്യമായി ശരീരത്തിലെത്തുന്നു. ഇവയെല്ലാം വൃക്കകള്‍ക്ക് ഭീഷണിയാണ്. ഒപ്പം തന്നെ രക്തസമ്മര്‍ദ്ദവും ഏറാൻ കാരണമാകുന്നു. പ്രത്യേകിച്ച് പ്രായമായവരിലും വണ്ണം കൂടുതലുള്ളവരിലുമെല്ലാം ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള സാധ്യത ഏറെയാണത്രേ. പൊതുവെ ഇന്ത്യക്കാരില്‍ ഉപ്പിന്‍റെ അമിതോപയോഗം വൃക്കകളെ പെട്ടെന്ന് ബാധിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം നമ്മുടെ ആരോഗ്യസ്ഥിതി തന്നെയെന്നും ഇവര്‍ പറയുന്നു.
മൂന്ന്...
പുകവലിക്കുന്ന ശീലമുള്ളവരിലും വൃക്കകള്‍ പെട്ടെന്ന് ബാധിക്കപ്പെടുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ബിപിക്കും, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും, ഹൃദയാഘാതം- പക്ഷാഘാതം പോലുള്ള ഗൗരവമുള്ള അവസ്ഥകള്‍ക്കുമെല്ലാം കാരണമാകുന്നു.
സിഗരറ്റില്‍ നാന്നൂറിലധികം വിഷപദാര്‍ത്ഥങ്ങളാണ് അടങ്ങിയിട്ടുള്ളത്. ടാര്‍, ആര്‍സെനിക്, ഫോര്‍മാള്‍ഡിഹൈസ്, കാര്‍ബണ്‍ മോണോക്സൈഡ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്. സിഗരറ്റിലടങ്ങിയിരിക്കുന്ന നിക്കോട്ടൻ അഡിക്ഷനുണ്ടാക്കുന്നതാണ്. ഇവയെല്ലാം ചേര്‍ന്ന് ശരീരത്തിലെ മിക്ക അവയവങ്ങളെയും അല്‍പാല്‍പമായി ബാധിക്കുന്നു.
നാല്...
ഫിറ്റ്നസിനെ കുറിച്ച് മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആളുകള്‍ക്കിടയില്‍ കുറെക്കൂടി അവബോധം ഇന്നുണ്ട്. എങ്കിലും ഇന്നും ശാരീരികാധ്വാനം നടത്താതെ മുന്നോട്ട് പോകുന്നവരേറെയാണ്. ഈ ജീവിതരീതിയും വൃക്കയെ പ്രതികൂലമായി ബാധിക്കാം. ഏത് പ്രായക്കാരാണെങ്കിലും അവരവരുടെ ആരോഗ്യാവസ്ഥ അനുസരിച്ച് പതിവായി വ്യായാമം ചെയ്യുകയാണ് വേണ്ടത്.
അഞ്ച്...
പുകവലി പോലെ തന്നെ ശരീരത്തെ പതിയെ കാര്‍ന്നുതിന്നുന്ന മറ്റൊരു ദുശ്ശീലമാണ് മദ്യപാനം. ഇതും വൃക്കകളെ മോശമായ രീതിയില്‍ ബാധിക്കാം.
Also Read:- ലൈംഗിക താല്‍പര്യം വര്‍ധിപ്പിക്കാൻ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്...
