മഞ്ഞുകാലമാകുന്നതോടെ ചുണ്ടിലെ പ്രശ്‌നങ്ങള്‍ തുടങ്ങുകയായി. ചുണ്ട് വരണ്ടുണങ്ങുകയും തൊലിയടര്‍ന്ന് പോവുകയും ചെയ്യുന്നതാണ് ഇതിലെ പ്രധാന പ്രശ്‌നം. മുഖത്തെ ചര്‍മ്മം സംരക്ഷിക്കാന്‍ നമ്മള്‍ പല കാര്യങ്ങളും ചെയ്യാറുണ്ട്, എന്നാല്‍ ചുണ്ടുകളിലെ തൊലി, എത്ര കേടായാലും അല്‍പം ബാം തേക്കുകയല്ലാതെ മറ്റൊന്നും നമ്മള്‍ സാധാരണഗതിയില്‍ ചെയ്യാറില്ല. 

ചര്‍മ്മം വൃത്തിയാക്കാനും തിളക്കമുള്ളതാക്കാനും 'സ്‌ക്രബ്' ചെയ്യുന്നത് പോലെ തന്നെ ചുണ്ടിനെ ഭംഗിയാക്കാനും 'സ്‌ക്രബ്' ആവശ്യമാണ്. ഇതിന് പ്രകൃതിദത്തമായ 'സ്‌ക്രബ്'കള്‍ തെരഞ്ഞെടുക്കാവുന്നതാണ്. അത്തരത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന മൂന്ന് 'സ്‌ക്രബു'കളെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

കോഫി പൗഡറുപയോഗിച്ച് തയ്യാറാക്കുന്ന 'സ്‌ക്രബി'നെ കുറിച്ചാണ് ആദ്യമായി പറയുന്നത്. കോഫി പൗഡര്‍ ചര്‍മ്മത്തിനും അതുപോലെ തന്നെ ചുണ്ടിലെ ചര്‍മ്മത്തിനുമെല്ലാം വളരെ നല്ലതാണ്. തേന്‍ ചേര്‍ത്തുകൊണ്ടാണ് കോഫി സ്‌ക്രബ് ഉണ്ടാക്കേണ്ടത്. കോഫി പൗഡറില്‍ അല്‍പം തേന്‍ ചേര്‍ത്ത് ഇത് നന്നായി യോജിപ്പിക്കുക. ശേഷം ചുണ്ടില്‍ മൃദുവായി തേച്ചുപിടിപ്പിക്കാം. അല്‍പസമയത്തിന് ശേഷം കഴുകിക്കളയാം

രണ്ട്...

വീട്ടില്‍ തയ്യാറാക്കുന്ന മിക്ക 'സ്‌ക്രബു'കളിലും നമ്മള്‍ ചേര്‍ക്കുന്ന ഒന്നാണ് പഞ്ചസാര. പഞ്ചസാരയും ഒലിവ് ഓയിലും ചേര്‍ത്തും ചുണ്ടിന് വേണ്ടിയുള്ള 'സ്‌ക്രബ്' തയ്യാറാക്കാവുന്നതാണ്. ഇവ രണ്ടും ചേര്‍ത്തിളക്കി, ഈ മിശ്രിതം ചുണ്ടില്‍ പതിയെ തേച്ചുകൊടുക്കാം. അല്‍പസമയം വച്ച ശേഷം വെള്ളമുപയോഗിച്ച് ചുണ്ട് കഴുകി വൃത്തിയാക്കാം. 

മൂന്ന്...

ചില സ്‌പൈസുകള്‍ സൗന്ദര്യസംരക്ഷണത്തിന് വളരെ മികച്ചതാണ്. അതില്‍പ്പെട്ട ഒന്നാണ് കറുവപ്പട്ട. ഇത് കൊണ്ടും ചുണ്ടിന് വേണ്ടിയുള്ള 'സ്‌ക്രബ്' തയ്യാറാക്കാം. പട്ട പൊടിച്ചതും അതിനോടൊപ്പം അല്‍പം ഒലിവ് ഓയിലും തേനും ചേര്‍ത്ത് യോജിപ്പിച്ച ശേഷം ഇത് ചുണ്ടില്‍ തേക്കാവുന്നതാണ്. വളരെ നല്ല മാറ്റമാണ് ഇത് ചുണ്ടിന് നല്‍കുക.