കുട്ടികളിലെ വ്യക്തിത്വ വളർച്ചയുടെ പ്രധാന അടയാളങ്ങളാണ് ആത്മവിശ്വാസവും ആത്മാഭിമാനവും. ഒരു കുട്ടിയുടെ ആത്മവിശ്വാസം അവരുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും വളരാൻ സഹായിക്കുന്നു. Tips for Raising Confident in Kids

കൗമാരക്കാരിലും കുട്ടികളിലും ഒക്കെ ആത്മവിശ്വാസക്കുറവ് ഉണ്ടാകുന്ന അവസ്ഥ പല മാതാപിതാക്കളിലും ഉത്കണ്ഠ ഉണ്ടാക്കുന്നതായി കാണാറുണ്ട്. ആത്മവിശ്വാസം കുറയുന്നതിന്റെ കാരണങ്ങൾ പരിശോധിക്കാം

● സ്വന്തം രൂപത്തെയോ, കഴിവുകളെയോ അംഗീകരിക്കാൻ കഴിയാത്ത അവസ്ഥ

● എപ്പോഴും മനസ്സിൽ നെഗറ്റീവ് ആയി മാത്രം സംസാരിക്കുക

● സ്വയം കുറ്റപ്പെടുത്തുന്ന രീതിയിൽ ഉള്ള ചിന്തകൾ

● ചെയ്യുന്ന കാര്യങ്ങൾ എല്ലാം അങ്ങേയറ്റം മികച്ചതാകണം എന്നും താൻ എപ്പോഴും പെർഫെക്റ്റ് അല്ലെങ്കിൽ ഒരു പരാജയമാണ് എന്ന് ചിന്തിക്കുക

● സ്വന്തം കുറവുകളിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും എല്ലാ നന്മകളും മറന്നുപോവുകയോ അല്ലെങ്കിൽ അവയൊന്നും പ്രധാനമല്ലെന്നോ ചിന്തിക്കുക

● എപ്പോഴും കുട്ടികൾക്ക് ചുറ്റുമുള്ളവർ (മാതാപിതാക്കൾ, അദ്ധ്യാപകർ, മറ്റുള്ളവർ) അവരെ കുറ്റപ്പെടുത്തുകയോ, അവരിൽ അമിത പ്രതീക്ഷ വെക്കുകയോ ചെയ്യുന്നത്

● കുട്ടികളോട് സ്നേഹക്കൂടുതൽ കാരണം അവർക്ക് അമിത സംരക്ഷണം നൽകുന്ന രീതി

● പ്രോത്സാഹനം കിട്ടാതെ പോവുക

● മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ നിരന്തരം കണ്ടുവളരുന്നത് (ഞാൻ ജനിച്ചതാണ് എല്ലാ പ്രശ്ങ്ങൾക്കും കാരണം എന്ന് കുട്ടി ചിന്തിച്ചു തുടങ്ങും)

● പഠനവൈകല്യം

● മറ്റുള്ളവരുടെ കളിയാക്കലിന് ഇരയാവുക

മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

● പുതിയ കാര്യങ്ങൾ ചെയ്യാൻ കുട്ടി പേടിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക

● അമിത സംരക്ഷണം നൽകുന്ന രീതി സ്വന്തമായി കാര്യങ്ങൾ ചെയ്യാനാവാത്ത നിലയിൽ കുട്ടിയെ ബാധിക്കുമെന്നതിനാൽ അത് ഒഴിവാക്കണം

● എപ്പോഴും കുട്ടി സ്വയം കുറ്റപ്പെടുത്തിയാണോ സംസാരിക്കുന്നത് എന്ന് നോക്കുക

● സ്വയം തീരുമാനങ്ങൾ എടുക്കാതെ എപ്പോഴും മറ്റുള്ളവർ അവർക്കായി തീരുമാനമെടുക്കാൻ കാത്തിരിക്കുന്നുണ്ടെങ്കിൽ അത് ആത്മവിശ്വാസമില്ലായ്മയുടെ ലക്ഷണമാണ്.

● മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന രീതി അമിതമായി കുട്ടിയിൽ ഉണ്ടെന്നു കണ്ടാൽ അതിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞു മനസ്സിലാക്കുക

● പഠനത്തിലും മറ്റെല്ലാ കാര്യങ്ങളിലും കുട്ടി പിന്നോക്കമാകുന്നു എന്നു കണ്ടാൽ അതിന്റെ കാരണങ്ങൾ ചോദിച്ചു മനസ്സിലാക്കുക

● ആത്മവിശ്വാസം നഷ്ടപ്പെട്ടത് മനസ്സിനെ വളരെ അധികം ബാധിക്കുന്നു എന്നു കണ്ടാൽ സൈക്കോളജിസ്റ്റിനെ സമീപിക്കുക

(ലേഖിക പ്രിയ വർഗീസ് തിരുവല്ലയിലെ ബ്രീത്ത് മൈൻഡ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. ഫോൺ നമ്പർ : 8281933323 ).