നമ്മുടെ ദൈനംദിന കാര്യങ്ങള്‍ക്ക് ശരീരത്തിന് പല അവശ്യഘടകങ്ങളും വേണ്ടതായി വരുന്നുണ്ട്. ഇവയില്‍ വൈറ്റമിനുകളും, ധാതുക്കളും, പ്രോട്ടീനുമെല്ലാം ഉള്‍പ്പെടുന്നു. ഇവയുടെ ഓരോന്നിന്റെയും പ്രധാന്യം പ്രത്യേകം എടുത്തുപറയേണ്ടവയാണ്

നിത്യജീവിതത്തില്‍ ചെറുതും വലുതുമായ പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ( Health Issues ) നാം നേരിടാറുണ്ട്. ഇവയെല്ലാം തമ്മില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധവുമുണ്ടാകാം. അത്തരത്തില്‍ നമ്മളില്‍ പ്രകടമാകുന്ന പല വിഷമതകളും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണം ( Symptoms ) തന്നെയും ആകാറുണ്ട്. 

ഒന്നുകില്‍ ഡയറ്റിലെ പോരായ്മകള്‍, അല്ലെങ്കില്‍ വ്യായാമമില്ലായ്മ പോലുള്ള ജീവിതരീതി പ്രശ്‌നങ്ങള്‍, അതും അല്ലെങ്കില്‍ ഏതെങ്കിലും രോഗങ്ങളുടെ തന്നെ ഭാഗം. ഇങ്ങനെ ഏത് രീതിയിലുമാകാം ശാരീരികമായ വിഷമകള്‍ നേരിടുന്നത്. 

നമ്മുടെ ദൈനംദിന കാര്യങ്ങള്‍ക്ക് ശരീരത്തിന് പല അവശ്യഘടകങ്ങളും വേണ്ടതായി വരുന്നുണ്ട്. ഇവയില്‍ വൈറ്റമിനുകളും, ധാതുക്കളും, പ്രോട്ടീനുമെല്ലാം ഉള്‍പ്പെടുന്നു. ഇവയുടെ ഓരോന്നിന്റെയും പ്രധാന്യം പ്രത്യേകം എടുത്തുപറയേണ്ടവയാണ്. 

ഇതിലേതെങ്കിലുമൊരു ഘടകത്തില്‍ കുറവ് വന്നാല്‍ തന്നെ അത് ശരീരത്തില്‍ പ്രതിഫലിക്കും. അത്തരത്തില്‍ വൈറ്റമിന്‍- സിയുടെ കുറവ് എങ്ങനെയെല്ലാം നമ്മളില്‍ പ്രതിഫലിക്കുമെന്നാണ് ഇനി പങ്കുവയ്ക്കുന്നത്. 

വിശപ്പില്ലായ്മ, തളര്‍ച്ച, വണ്ണം കാര്യമായി കുറയുന്ന അവസ്ഥ, അലസത തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം വൈറ്റമിന്‍- സി കുറവ് മൂലം ഒരു വ്യക്തിയില്‍ കണ്ടേക്കാം. വൈറ്റമിന്‍ -സി കുറവ് നേരിട്ട് എട്ട് മുതല്‍ 12 ആഴ്ചകള്‍ക്കുള്ളിലാണ് ഈ ലക്ഷണങ്ങളെല്ലാം കണ്ടുതുടങ്ങുക. 


ഇവയ്ക്ക് പുറമെ മറ്റ് ചില പ്രശ്‌നങ്ങള്‍ കൂടി വൈറ്റമിന്‍ സി കുറവ് മൂലം കാണാം. 

ഒന്ന്...

മോണയ്ക്ക് അയവ് തോന്നുക, ഒപ്പം തന്നെ മോണയില്‍ നിന്ന് രക്തസ്രാവവും ഉണ്ടാവുക. അതുപോലെ മലത്തിന് കടുത്ത നിറവും ഉണ്ടാവുക. ഈ ലക്ഷണങ്ങളെല്ലാം വൈറ്റമിന്‍ സി കുറവിനെ സൂചിപ്പിക്കുന്നതാണ്. 

രണ്ട്...

മുറിവുണങ്ങാന്‍ അധികസമയമെടുക്കുന്നുണ്ടെങ്കില്‍ അതും ഒരുപക്ഷേ വൈറ്റമിന്‍ സിയുടെ കുറവിനെ സൂചിപ്പിക്കുന്നതാകാം. മുറിവുണങ്ങാന്‍ സമയമെടുക്കുന്നതിന് വേറെയും കാരണങ്ങളുണ്ടാകാം അതിനാല്‍ അത് പരിശോധിക്കുക തന്നെ ചെയ്യേണ്ടതുണ്ട്. 

മൂന്ന്...

എപ്പോഴും ക്ഷീണവും അതുപോലെ അസ്ഥിരതയും ദുര്‍ബലതയും അനുഭവപ്പെടുന്നുവോ? എങ്കില്‍ അതും വൈറ്റമിന്‍-സിയുടെ കുറവ് മൂലമാകാം. 

നാല്...

ഇടയ്ക്കിടെ നമ്മെ തേടി അസുഖങ്ങളെത്തുന്നുവെങ്കില്‍ അത് പ്രതിരോധവ്യവസ്ഥയുടെ ശക്തിക്ഷയത്തെയാണ് സൂചിപ്പിക്കുന്നതാണ്. 

വൈറ്റമിന്‍ സിയുടെ കുറവ് ഏറ്റവുമധികം ബാധിക്കപ്പെടുന്നൊരു മേഖലയാണ് രോഗ പ്രതിരോധശേഷി. 

അഞ്ച്...

വൈറ്റമിന്‍ സിയുടെ കുറവ് ദീര്‍ഘകാലത്തേക്ക് നിലനിന്നാല്‍ പല്ല് കൊഴിഞ്ഞുപോരുക, പല്ല് പൊട്ടിപ്പോരുക, നഖങ്ങല്‍ പൊട്ടുക, സന്ധിവേദന, എല്ല് പൊട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങളും കാണാം. 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഏത് കണ്ടാലും അത് വൈറ്റമിന്‍ സി കുറവ് തന്നെയാണെന്ന് സ്വയം നിര്‍ണയിക്കരുത്. അത്തരത്തിലൊരു സൂചന ഉണ്ടാകാം എന്ന് മാത്രമേ നമുക്ക് പറയാന്‍ സാധിക്കൂ. കൃത്യമായ കാരണങ്ങളും ചികിത്സയും എപ്പോഴും ഡോക്ടറെ കണ്ട ശേഷം തന്നെ സ്ഥിരീകരിക്കുക. 

Also Read:- ആമാശയത്തിലെ ക്യാന്‍സര്‍; അറിയാം ലക്ഷണങ്ങള്‍...