വയറുവീർപ്പ്, അസിഡിറ്റി, ദഹനക്കേട്, വയറ്റിൽ അണുബാധ, ഓക്കാനം, വയറിളക്കം, മലബന്ധം എന്നിവ പലരെയും അലട്ടാറുണ്ട്.
ചൂടിൽ നിന്ന് വലിയ ആശ്വാസവുമായാണ് മഴക്കാലം എത്തുന്നതെങ്കിലും, ഈ സമയത്ത് ദഹനസംബന്ധമായ പ്രശ്നങ്ങൾ വർധിക്കുന്നത് സാധാരണമാണ്. വയറുവീർപ്പ്, അസിഡിറ്റി, ദഹനക്കേട്, വയറ്റിൽ അണുബാധ, ഓക്കാനം, വയറിളക്കം, മലബന്ധം എന്നിവ പലരെയും അലട്ടാറുണ്ട്. മഴക്കാലത്ത് ദഹനവ്യവസ്ഥയെ ബാധിക്കുന്ന കാര്യങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും എന്തൊക്കെയാണെന്ന് അറിയാം.
അന്തരീക്ഷത്തിലെ ഈർപ്പവും താപനിലയിലെ വ്യതിയാനങ്ങളും
അന്തരീക്ഷത്തിലെ ഈ മാറ്റങ്ങൾ ബാക്ടീരിയ, വൈറസ്, പരാദങ്ങൾ എന്നിവ വേഗത്തിൽ വളരുന്നതിന് അനുകൂല സാഹചര്യമൊരുക്കുന്നു.
ഭക്ഷണ-ജല മലിനീകരണ സാധ്യത
മഴക്കാലത്ത് വെള്ളവും ഭക്ഷണവും എളുപ്പത്തിൽ മലിനമാകാൻ സാധ്യത കൂടുതലാണ്.
ഭക്ഷണരീതിയിലെ മാറ്റങ്ങൾ
മഴക്കാലത്ത് എണ്ണയിൽ വറുത്ത പലഹാരങ്ങൾ, സ്ട്രീറ്റ് ഫുഡ്, മധുരപാനീയങ്ങൾ എന്നിവ കഴിക്കാനുള്ള പ്രവണത കൂടുന്നു. ഇത് ദഹനവ്യവസ്ഥയ്ക്ക് അധിക ഭാരമാകും.
മന്ദഗതിയിലാകുന്ന ദഹനം
അന്തരീക്ഷത്തിലെ ഈർപ്പം ശരീരത്തിന്റെ ദഹനശേഷിയെ മന്ദഗതിയിലാക്കാം. ഇതുമൂലം ഭക്ഷണം കഴിച്ച ശേഷം വയറിന് കനപ്പും വീർപ്പും അനുഭവപ്പെടുന്നു.
ശാരീരിക അധ്വാനം കുറയുന്നത്
മഴ കാരണം പുറത്തിറങ്ങിയുള്ള ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത് മന്ദഗതിയിലുള്ള ദഹനത്തിനും മലബന്ധത്തിനും കാരണമാകുന്നു.
രോഗപ്രതിരോധ ശേഷിയിലെ കുറവ്
ഈ സമയത്ത് വയറ്റിലെ അണുബാധകൾക്കെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധം കുറയാം. ഇത് ഫുഡ് പോയിസണിംഗ്, ഗ്യാസ്ട്രോഎൻട്രൈറ്റിസ് എന്നിവയ്ക്ക് വഴിതെളിക്കുന്നു.
ദഹനാരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭക്ഷണ ശുചിത്വം: എപ്പോഴും നന്നായി പാകം ചെയ്ത ചൂടുള്ള ഭക്ഷണം കഴിക്കുക. തുറന്നുവെച്ച തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.
പച്ചക്കറികളും പഴവർഗ്ഗങ്ങളും നന്നായി കഴുകുക: പുറത്തുനിന്ന് കഴിക്കുമ്പോൾ പച്ചക്കറി സലാഡുകൾക്ക് പകരം നന്നായി വേവിച്ച പച്ചക്കറികൾ തിരഞ്ഞെടുക്കുക.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക: മലിനമായ വെള്ളമാണ് മഴക്കാലത്ത് വയറ്റിലെ അണുബാധയ്ക്ക് പ്രധാന കാരണം.
തട്ടുകട ഭക്ഷണങ്ങൾ ഒഴിവാക്കുക: ശുചിത്വ നിലവാരം ഉറപ്പുവരുത്താൻ പ്രയാസമുള്ള റോഡ്സൈഡ് ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഒഴിവാക്കാം.
ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ
- ചോറ്, പരിപ്പ്, തൈര്, സൂപ്പുകൾ, നന്നായി കഴുകിയ ഫ്രഷ് പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
2. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ, ആവശ്യത്തിന് വെള്ളം, പ്രോബയോട്ടിക്സുകൾ എന്നിവ കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
3. അമിതമായ എണ്ണമയം, എരിവ്, പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങൾ എന്നിവ അസിഡിറ്റിയും വയറുവീർപ്പും വർധിപ്പിക്കും.
4. ഒരേസമയം വലിയ അളവിൽ കഴിക്കുന്നതിന് പകരം ചെറിയ അളവുകളിൽ പലതവണയായി കഴിക്കുന്നത് ദഹനംഎളുപ്പമാക്കും.


