ഇന്ന് തിരക്കുപിടിച്ച ജീവിതരീതികളിലാണ് മിക്കവരും മുന്നോട്ട് പോകാറ്. അങ്ങനെ വരുമ്പോള്‍ ആദ്യം തന്നെ തകരുക ഭക്ഷണരീതി ആയിരിക്കും. ഈയൊരു സാഹചര്യത്തില്‍ നിങ്ങളുടെ ഭക്ഷണരീതി അനാരോഗ്യകരമാണോ എന്ന് മനസിലാക്കൂ...

നമ്മള്‍ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതായത് ഭക്ഷണമെന്നത് അത്രയും പ്രധാനമെന്ന് സാരം. ഇക്കാരണം കൊണ്ടുതന്നെ എന്ത് ഭക്ഷണം, എപ്പോള്‍, എങ്ങനെ കഴിക്കുന്നു എന്നതെല്ലാം വളരെ പ്രധാനമാണ്. 

ഇന്ന് തിരക്കുപിടിച്ച ജീവിതരീതികളിലാണ് മിക്കവരും മുന്നോട്ട് പോകാറ്. അങ്ങനെ വരുമ്പോള്‍ ആദ്യം തന്നെ തകരുക ഭക്ഷണരീതി ആയിരിക്കും. ഈയൊരു സാഹചര്യത്തില്‍ നിങ്ങളുടെ ഭക്ഷണരീതി അനാരോഗ്യകരമാണോ എന്ന് സ്വയം അറിയാനും, മനസിലാക്കാനും, തിരുത്താനും സഹായകമായ ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

എന്നുവച്ചാല്‍ ഇനി വിശദീകരിക്കുന്ന ഭക്ഷണരീതികളാണ് നിങ്ങളുടേതെങ്കില്‍ അത് എത്രയും പെട്ടെന്ന് നിങ്ങള്‍ മാറ്റിപ്പിടിക്കുന്നതാണ് ഉചിതം. പകരം ആരോഗ്യകരമായ ഭക്ഷണരീതി ശീലത്തിലാക്കാനും ശ്രദ്ധിക്കണം.

ഒന്ന്...

ഇത് പ്രോസസ്ഡ് ഫുഡ്സിന്‍റെ കാലമാണ്. ബര്‍ഗര്‍, പിസ, കോള്‍ഡ് കട്ട്സ്, ഹോട്ട് ഡോഗ്സ്, ചിപ്സ് പോലുള്ള പാക്കറ്റ് ഫുഡ്സ് എന്നിവയെല്ലാം പ്രോസസ്ഡ് ഫുഡ്സിലുള്‍പ്പെടുന്നതാണ്. പതിവായി പ്രോസസ്ഡ് ഫുഡ്സ് കഴിച്ചാല്‍ അത് തീര്‍ച്ചയായും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാമാണ് ഇതിന്‍റെ ഭാഗമായി നമ്മെ ബാധിക്കുക. അതിനാല്‍ എത്രയും പെട്ടെന്ന് തന്നെ ഈ ഭക്ഷണരീതി മാറ്റിപ്പിടിക്കണം.

രണ്ട്...

ഒരുപാട് മധുരം അകത്തെത്തുന്നതും ഇതുപോലെ ആരോഗ്യത്തിന് വലിയ വെല്ലുവിളിയായിത്തീരും. മധുരപാനീയങ്ങള്‍ മാത്രമല്ല, മറ്റ് പലഹാരങ്ങള്‍, ബേക്കറി വിഭവങ്ങള്‍, സ്വീറ്റ്സ്, ഡിസേര്‍ട്ട്സ് എന്നിങ്ങനെ മധുരം അകത്തെത്താൻ മാര്‍ഗങ്ങള്‍ പലതാണ്. എന്നാലിങ്ങനെ മധുരം കാര്യമായി കഴിക്കുന്നതും നന്നല്ല. അതിനാല്‍ ഏത് ഭക്ഷണത്തിലൂടെയും പാനീയത്തിലൂടെയും നാമെടുക്കുന്ന മധുരത്തിന്‍റെ അളവില്‍ നിയന്ത്രണം വരുത്തണം. 

മൂന്ന്...

ചിലരുണ്ട്- ദിവസവും നല്ലതുപോലെ ഭക്ഷണം കഴിക്കും. എന്നാല്‍ എന്തെല്ലാമാണ് കഴിക്കുന്നത് എന്ന് നോക്കിയാല്‍ എല്ലാം അനാരോഗ്യകരമായവ ആയിരിക്കും. പ്രത്യേകിച്ച് പച്ചക്കറികളോ പഴങ്ങളോ ഒന്നും ഡയറ്റിലുണ്ടാകില്ല. ഇങ്ങനെ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടാത്ത ഭക്ഷണരീതിയും വൈകാതെ നിങ്ങളെ രോഗിയാക്കി മാറ്റും. അതിനാല്‍ ഇക്കാര്യവും ശ്രദ്ധിക്കുക. 

നാല്...

'ഗ്ലൂട്ടൻ' അധികം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും അത്ര നല്ലതല്ല. 'ഗ്ലൂട്ടൻ' എന്നാല്‍ ഗോതമ്പ് പോലുള്ള ധാന്യങ്ങളിലും മറ്റും അടങ്ങിയിരിക്കുന്നൊരു പ്രോട്ടീൻ ആണ്. ബ്രഡ്, പിസ, സെറില്‍ പോലുള്ള വിഭവങ്ങളിലാണ് ഇത് കൂടുതലായി കാണാറ്. അതിനാല്‍ തന്നെ ഈ വിഭവങ്ങളെല്ലാം പതിവായി കഴിക്കുന്നത് 'ഗ്ലൂട്ടൻ' അമിതമാകുന്നതിലേക്ക് നയിക്കും. പക്ഷേ ഇത് എല്ലാവര്‍ക്കും ഒരുപോലെ പ്രശ്നമാകാറില്ല. ചിലര്‍ക്ക് പ്രയാസമുണ്ടാക്കുമെന്ന് മാത്രം. 

അഞ്ച്...

അമിതമായി മദ്യപിക്കുന്ന ശീലവും ആരോഗ്യത്തിന് വെല്ലുവിളിയാണ്. ഇതും ഡയറ്റിന്‍റെ ഭാഗം തന്നെ. മദ്യപാനം അധികമാകുമ്പോള്‍ അത് ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. പതിവായ മദ്യപാനവും വളരെ ദോഷകരം തന്നെ. ഇക്കാര്യവും നിങ്ങളുടെ ശീലത്തില്‍ നിന്ന് എടുത്തുമാറ്റിയേ മതിയാകൂ.

Also Read:- തണുപ്പുകാലത്ത് ഈ ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണാറുണ്ടോ? ; നിങ്ങളെ ബാധിച്ചിരിക്കുന്ന രോഗം....

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo