അള്‍സര്‍ എന്നാല്‍ പൊതുവായ അര്‍ത്ഥത്തില്‍ വ്രണം എന്നാണ്. സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. 

കുടലിനെ മാത്രമല്ല, ഇത് വായിലും ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന മറ്റേത് അവയവങ്ങളിലും കണ്ടേക്കാം. എങ്കിലും പൊതുവെ കുടലിനെ തന്നെയാണ് ബാധിക്കാറ്. 

കാരണങ്ങള്‍

ജീവിതചര്യ തന്നെയാണ് അള്‍സര്‍ പിടിപെടുന്നതിനുള്ള പ്രധാന കാരണമെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. സമയം തെറ്റിയുള്ള ആഹാരം, ധാരാളം മസാല ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത്, ജങ്ക് ഫുഡുകള്‍ അമിതമായി കഴിക്കുന്നത്, കാര്‍ബണേറ്റഡ് ഡ്രിംഗുകള്‍ കഴിക്കുന്നത്- എന്നിവയെല്ലാം അള്‍സര്‍ ഉണ്ടാക്കിയേക്കും. 

ഇവയ്ക്ക് പുറമെ മാനസികമായ വിഷമതകളും വയറിനെ ബാധിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം എന്നിവയും അള്‍സറിന് കാരണമാകുമത്രേ. 

ലക്ഷണങ്ങള്‍

വയറുവേദന തന്നെയാണ് അള്‍സറിന്റെ പ്രധാന ലക്ഷണം.  വയറിന്റെ മധ്യഭാഗത്തായി ചെറിയ തോതിലോ അല്ലാതെയോ വേദന തോന്നുന്നതാണ് ലക്ഷണം. 

വസ്ത്രങ്ങളിലുണ്ടാവുന്ന ദ്വാരം പോലെയാണ് അള്‍സര്‍ മൂലമുളള വ്രണങ്ങളെ കാണുന്നത്. ചെറിയൊരു ദ്വാരമോ മുറിവോ ആയിരിക്കും ആദ്യഘട്ടത്തില്‍ ഉണ്ടാവുന്നത്. അത് അവഗണിക്കുമ്പോള്‍ ദ്വാരം വലുതായി വരും.

കൂടാതെ ഭക്ഷണം കഴിച്ചയുടന്‍ വയര്‍ വീര്‍ത്തുവരുന്നത്, പുളിച്ചുതികട്ടുന്നത്, വയറില്‍ കത്തുന്ന പോലെ വേദന, ഭക്ഷണേശഷം വയറ്റില്‍ അസ്വസ്ഥത , ഉറങ്ങുന്ന സമയത്ത് വയറ്റില്‍ വേദന, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്,  നെഞ്ചരിച്ചില്‍,  തലചുറ്റല്‍,  വിശപ്പില്ലായ്മ, ക്ഷീണം, ഇടയ്ക്കിടെ ഏമ്പക്കം, വയര്‍ വീര്‍പ്പ്, അസാധാരണമായി ഭാരം കുറയല്‍ , ദഹനക്കുറവ് - ഇവയെല്ലാം അള്‍സറിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ മറ്റ് ഉദരരോഗങ്ങളുടെ ലക്ഷണങ്ങളും സമാനമായതിനാല്‍ രോഗം നിര്‍ണയിക്കാന്‍ കൃത്യമായ പരിശോധന തേടേണ്ടത് അത്യാവശ്യമാണ്. 

അള്‍സര്‍ ഉള്ളവര്‍ ശ്രദ്ധിക്കാന്‍

  • മരുന്ന് കഴിച്ച് നാലാഴ്ച മുതല്‍ ആറാഴ്ച കഴിഞ്ഞാല്‍ വീണ്ടും എന്‍ഡോസ്‌കോപ്പി, രക്തപരിശോധന പോലുള്ളവ നടത്തി രോഗാവസ്ഥ കുറഞ്ഞോയെന്ന് ഉറപ്പാക്കണം.
  • ചികിത്സ നടക്കുന്ന കാലയളവില്‍ മാനസിക സമ്മര്‍ദ്ദം, പുകവലി, മദ്യപാനം, മസാല ചേര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കണം, ഭക്ഷണം കൃത്യസമയത്ത് കഴിക്കണം.