കണ്ടീഷ്ണര്‍ ഉപയോഗിക്കുമ്പോള്‍ അത് തലയോട്ടിയില്‍ പതിയാതെ വേണം പ്രയോഗിക്കാന്‍. പതിവായി തലയില്‍ കണ്ടീഷ്ണര്‍ വീഴുന്നത് മുടിക്ക് കേടുപാടുകളുണ്ടാക്കിയേക്കാം. അതുപോലെ പൊതുവില്‍ 'സില്‍ക്കി' ആയ മുടിയുള്ളവരാണെങ്കില്‍ കണ്ടീഷ്ണര്‍ ഉപയോഗം പരിമിതപ്പെടുത്തണം

മുടിയുടെ ആരോഗ്യത്തെ ( Hair Health ) ചൊല്ലി പരാതികള്‍ പറയുന്നവര്‍ ഏറെയാണ്. മുടി കൊഴിച്ചില്‍ ( Hair fall) , മുടിയുടെ കട്ടി കുറയുന്നത്, മുടി ഡ്രൈ ആകുന്നത്, മുടിയുടെ അറ്റം പിളരുന്നത്... ഇങ്ങനെ മുടിയെ കുറിച്ചുള്ള ആകുലതകള്‍ പലതാണ്. 

എങ്കിലും മുടി കൊഴിച്ചിലിനോളം ആശങ്കപ്പെടുത്തുന്ന മറ്റൊരു പ്രശ്‌നം മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഇല്ലെന്ന് തന്നെ പറയാം. പല കാരണങ്ങളാണ് മുടികൊഴിച്ചിലിലേക്ക് നയിക്കുന്നത്. ഡയറ്റിലെ പ്രശ്‌നമോ, കാലാവസ്ഥയോ, മാനസിക സമ്മര്‍ദ്ദമോ, ഹോര്‍മോണ്‍ വ്യതിയാനമോ എല്ലാം ഇത്തരത്തില്‍ കാരണമായി വരാറുണ്ട്. 

കൂട്ടത്തില്‍ മുടിയിലുപയോഗിക്കുന്ന 'ഹെയര്‍ കെയര്‍' ഉത്പന്നങ്ങളിലെ പാളിച്ചകളും മുടി കൊഴിച്ചിലിന് കാരണമായി വരാം. അങ്ങനെയെങ്കില്‍ മുടിയിലുപയോഗിക്കുന്ന എല്ലാ ഉത്പന്നങ്ങളും ശ്രദ്ധയോടെ വേണം തെരഞ്ഞെടുക്കാനും ഉപയോഗിക്കാനും, അല്ലേ? 

ഷാമ്പൂ, കണ്ടീഷ്ണര്‍, ജെല്‍, ഓയില്‍ എന്നിങ്ങനെ ഏത് തരം ഹെയര്‍ കെയര്‍ ഉത്പന്നമോ ആകട്ടെ, അവയെ സൂക്ഷ്മമായി വേണം തെരഞ്ഞെടുക്കാന്‍. മുന്‍കാലങ്ങളെ അപേക്ഷിച്ച് മുടിയില്‍ ഷാമ്പൂവും കണ്ടീഷ്ണറും ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടുതലാണ്. എന്നാല്‍ കണ്ടീഷ്ണര്‍ ഉപയോഗിച്ചാല്‍ മുടി കൊഴിച്ചിലുണ്ടാകുമോ എന്ന ഭയവും അത്ര തന്നെ ആളുകളില്‍ കൂടുതലാണ്. 

്‌വ്യാപകമായി ഇത്തരം പ്രചാരണങ്ങള്‍ നമുക്ക് കാണാനും സാധിക്കും. എന്നാല്‍ കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നത് ഒരിക്കലും മുടികൊഴിച്ചിലിന് കാരണമാകില്ല. പക്ഷേ അത് ഉപയോഗിക്കേണ്ടുന്ന വിധത്തിലായിരിക്കണം നിര്‍ബന്ധമായും ഉപയോഗിക്കേണ്ടത്. അല്ലാത്ത പക്ഷം മുടിയെ നശിപ്പിക്കാന്‍ ഇടയാക്കാം. 

'ഹെയര്‍ കണ്ടീഷ്ണര്‍ ഒരിക്കലും മുടി കൊഴിച്ചിലിന് കാരണമാകില്ല. പക്ഷേ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുടിയുടെ താഴേക്കുള്ള മുക്കാല്‍ ഭാഗത്തോളം സ്ഥലത്താണ് കണ്ടീഷ്ണര്‍ ഉപയോഗിക്കേണ്ടത്. മുടി കഴുകുമ്പോള്‍ കണ്ടീഷ്ണര്‍ പൂര്‍ണമായി കഴുകിക്കളയാനും ശ്രദ്ധിക്കുക...'- പ്രമുഖ ഡെര്‍മറ്റോളജിസ്റ്റ് ഡോ. അഞ്ചല്‍ പാന്ഥ് പറയുന്നു. 

എന്ന് മാത്രമല്ല, കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നത് മുടിക്ക് പലവിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുമെന്നും ഡോ. അഞ്ചല്‍ പറയുന്നു. അവയില്‍ ചില ഗുണങ്ങള്‍...

- കെട്ട് കുരുങ്ങാതെ മുടിയെ സൂക്ഷിക്കാന്‍ സഹായിക്കുന്നു.
- മുടിയുടെ തകരാറുകളെ പരിഹരിക്കാന്‍ സഹായിക്കുന്നു.
- അറ്റം പിളരുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നു.
- ചൂടോ കാലാവസ്ഥയോ മുടിക്കുണ്ടാക്കുന്ന ആഘാതം കുറയ്ക്കുന്നു.
- മുടി ഡ്രൈ ആകുകയും പൊട്ടുകയും ചെയ്യുന്നത് തടയുന്ന.
- മുടിക്ക് തിളക്കവും മിനുമിനുപ്പും നല്‍കുന്നു.

കണ്ടീഷ്ണര്‍ ഉപയോഗിക്കുമ്പോള്‍ അത് തലയോട്ടിയില്‍ പതിയാതെ വേണം പ്രയോഗിക്കാന്‍. പതിവായി തലയില്‍ കണ്ടീഷ്ണര്‍ വീഴുന്നത് മുടിക്ക് കേടുപാടുകളുണ്ടാക്കിയേക്കാം. അതുപോലെ പൊതുവില്‍ 'സില്‍ക്കി' ആയ മുടിയുള്ളവരാണെങ്കില്‍ കണ്ടീഷ്ണര്‍ ഉപയോഗം പരിമിതപ്പെടുത്തണം. പൊതുവില്‍ തന്നെ കണ്ടീഷ്ണര്‍ ഉപയോഗം അമിതമാകാതെ നോക്കണം.

Also Read:- താരൻ അകറ്റാൻ ഇതാ ചില പ്രകൃതിദത്ത വഴികൾ