കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഏറെ ആശങ്കകള്‍ക്കിടയിലും ഫലപ്രദമായ പ്രവര്‍ത്തനങ്ങളുമായി കേരളത്തിലെ ആരോഗ്യവകുപ്പ് അതിവേഗം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ഈ മികച്ച പ്രവര്‍ത്തനങ്ങളെ മറ്റ് സംസ്ഥാനങ്ങള്‍ കൂടി മാതൃകയാക്കണമെന്ന ആവശ്യമാണ് പലയിടങ്ങളില്‍ നിന്നും ഉയരുന്നത്. 

ഇതിനിടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കാകെയും അഭിമാനിക്കാവുന്ന തരത്തില്‍, വൈറലാവുകയാണ് തമിഴ്‌നാട് സ്വദേശി എഴുതിയ ഒരു ഫേസ്ബുക്ക് കുറിപ്പ്. പരിക്കേറ്റ മകനെയും കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയപ്പോള്‍ ലഭിച്ച തൃപ്തികരമായ ചികിത്സയെക്കുറിച്ചാണ് ബാലാജി വിശ്വനാഥന്‍ എന്ന വ്യവസായി എഴുതിയിരിക്കുന്നത്. 

അവധി ആഘോഷിക്കുന്നതിനായി കുടുംബസമേതം ആലപ്പുഴയിലെത്തിയതാണ് ബാലാജി. അവിടെ ബീച്ചില്‍ വച്ച് മകന് ചെറിയൊരു അപകടം സംഭവിച്ചു. ഉടനെ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി.

'എന്റെ ഓര്‍മ്മയില്‍ ആദ്യമായാണ് ഞാനൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ പോകുന്നത്. ചെന്ന് മുപ്പത് സെക്കന്‍ഡുകള്‍ കൊണ്ട് അവന്റെ എന്‍ട്രി രേഖപ്പെടുത്തി. അടുത്ത മുപ്പത് സെക്കന്‍ഡിനകം ഡോക്ടര്‍ ആദ്യവട്ട പരിശോധന നടത്തി, ഭയപ്പെടാനില്ലെന്ന് അറിയിച്ചു. അടുത്ത രണ്ട് മിനുറ്റ് കൊണ്ട് പ്രാഥമിക ശുശ്രൂഷ നല്‍കി. അടുത്ത അഞ്ച് മിനുറ്റില്‍ ഡ്യൂട്ടി ഡോക്ടര്‍ വന്നുനോക്കിയ ശേഷം എക്‌സ് റേ എടുക്കാന്‍ നിര്‍ദേശിച്ചു...'- ഇങ്ങനെ ആസുപത്രിയില്‍ ഓരോ കാര്യങ്ങള്‍ക്കുാമയി ചിലവിട്ട സമയം കൃത്യമായി രേഖപ്പെടുത്തിയാണ് ബാലാജിയുടെ കുറിപ്പ്. 

വൈകാതെ എക്‌സ് റേ എടുത്തു. അത് നോക്കിയ ഡോക്ടര്‍ പൊട്ടലോ മറ്റ് സങ്കീണമായ പരിക്കോ ഇല്ലെന്ന് അറിയിക്കുകയും ചെയ്തു. എങ്കിലും ഒരു 'ഓര്‍ത്തോ'യെ കാണിക്കണമെന്ന് നിര്‍ദേശിച്ച പ്രകാരം അതും ചെയ്‌തെന്ന് ബാലാജി പറയുന്നു. 

'ആകെ മൊത്തം ഇരുപത് മിനുറ്റ് കൊണ്ട് കാര്യം കഴിഞ്ഞു. ഇതിന് ചിലവായതോ പൂജ്യം രൂപയും. ഒരു ബന്ധങ്ങളും ഇല്ല, ഒരു സ്വാധീനവും ഇല്ല, പണം വേണ്ടിവന്നില്ല, എന്തിനധികം അവിടുത്തെ ഭാഷ പോലും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. എന്നിട്ടും എല്ലാം നല്ലത് പോലെ നടന്നു. ലോകത്തൊരിടത്തും ഇങ്ങനെയൊരു പൊതുജനാരോഗ്യ വ്യവസ്ഥ പ്രവര്‍ത്തിക്കുന്നുണ്ടാകില്ല. കഴിഞ്ഞൊരു നൂറ്റാണ്ടിനിടെ പടര്‍ന്നുപിടിക്കുന്ന ഒരു രോഗങ്ങള്‍ക്ക് മുന്നിലും ഇന്ത്യ മുട്ടുമടക്കിയിട്ടില്ല. എന്തുകൊണ്ടാണത്, ഇവരെപ്പോലുള്ളവരോട് കടപ്പെട്ടിരിക്കണം നമ്മള്‍. വസൂരി, പ്ലേഗ്, പോളിയോ, എച്ച്‌ഐവി എന്നിങ്ങനെ ഭയപ്പെടുത്തിക്കൊണ്ട് കടന്നുവന്ന രോഗങ്ങളെല്ലാം നമ്മുടെ ധൈര്യത്തിനും ആര്‍ജ്ജവത്തിനും മുന്നില്‍ തോറ്റുമടങ്ങിയിട്ടേ ഉള്ളൂ. കൊറോണ ബ്രോ, സോറി കെട്ടോ...'- ബാലാജിയുടെ കുറിപ്പ് അവസാനിക്കുന്നതിങ്ങനെയാണ്. 

ഏഴായിരത്തിലധികം പേരാണ് ഫേസ്ബുക്കില്‍ കുറിപ്പിനോട് പ്രതികരണമറിയിച്ചിരിക്കുന്നത്. രണ്ടായിരത്തിയഞ്ഞൂറോളം പേര്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നു. മലയാളികള്‍ക്ക് ആകെയും അഭിമാനിക്കാവുന്ന വാക്കുകളാണെന്നും ഇതുപോലെ തന്നെ ആരോഗ്യവകുപ്പ് മുന്നേറണമെന്നും നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നു.