വിറ്റാമിൻ ഡിയുടെ കുറവ് ഹോർമോൺ സന്തുലിതാവസ്ഥ, അണ്ഡം, ബീജം എന്നിവയുടെ ഉത്പാദനം, ഭ്രൂണത്തിന്റെ ഗുണനിലവാരം, ഇംപ്ലാന്റേഷനെ പിന്തുണയ്ക്കാനുള്ള ഗർഭാശയത്തിന്റെ കഴിവ് എന്നിവയെയും തടസ്സപ്പെടുത്താം.
ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡി, പ്രത്യുൽപാദന ആരോഗ്യത്തിൽ വളരെ ആഴത്തിലുള്ള പങ്കാണ് വഹിക്കുന്നത്. എല്ലുകളുടെ ആരോഗ്യത്തിന് മാത്രമല്ല പ്രത്യുൽപാദന പ്രവർത്തനത്തിനും വിറ്റാമിൻ ഡി ഒരുപോലെ പ്രധാനമാണെന്ന് ദ്വാരകയിലെ ബിർള ഫെർട്ടിലിറ്റി & ഐവിഎഫിലെ ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ. ശിൽപ സിംഗാൾ പറയുന്നു.
വിറ്റാമിൻ ഡിയുടെ കുറവ് ഹോർമോൺ സന്തുലിതാവസ്ഥ, അണ്ഡം, ബീജം എന്നിവയുടെ ഉത്പാദനം, ഭ്രൂണത്തിന്റെ ഗുണനിലവാരം, ഇംപ്ലാന്റേഷനെ പിന്തുണയ്ക്കാനുള്ള ഗർഭാശയത്തിന്റെ കഴിവ് എന്നിവയെയും തടസ്സപ്പെടുത്താം.
ഇന്ത്യൻ സ്ത്രീകളിൽ 64 ശതമാനം പേർക്കും വിറ്റാമിൻ ഡി കുറവുണ്ടെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് റീപ്രൊഡക്ഷൻ, കൺട്രെസെപ്ഷൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനതതിൽ അടുത്തിടെ കണ്ടെത്തി. പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഇത് പ്രത്യേകിച്ച് കാണപ്പെടുന്നു. കാരണം ഇത് ക്രമരഹിതമായ ആർത്തവത്തിനും ഹോർമോൺ അസന്തുലിതാവസ്ഥയുമായും ബന്ധപ്പെട്ടിരിക്കുന്നു.
വിറ്റാമിൻ ഡി സപ്ലിമെന്റേഷൻ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും, ആർത്തവത്തെ നിയന്ത്രിക്കാനും, അണ്ഡവിസർജ്ജനത്തെ പിന്തുണയ്ക്കാനും, ഗർഭം അലസൽ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പുരുഷന്മാരിൽ, വിറ്റാമിൻ ഡിയുടെ കുറഞ്ഞ അളവ് ബീജ ചലനശേഷി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായും ഗവേഷകർ പറയുന്നു.
77.4% ഗർഭിണികൾക്കും വിറ്റാമിൻ ഡി കുറവുണ്ടെന്ന് ബംഗളൂരുവിലെ MAASTHI ജനന കൂട്ടായ്മയിൽ നിന്നുള്ള കണ്ടെത്തലുകളിൽ വ്യക്തമാക്കുന്നു. സ്ത്രീകൾക്ക് ഗർഭകാല പ്രമേഹം വരാനുള്ള സാധ്യത മൂന്നിരട്ടിയിലധികം കൂടുതലാണ്. ഗർഭകാലത്തെ വിറ്റാമിൻ ഡിയുടെ കുറവ് രക്താതിമർദ്ദം, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന് ഭാരം കുറയുക തുടങ്ങിയ സങ്കീർണതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ ടൈപ്പ് 1 അല്ലെങ്കിൽ 2 പ്രമേഹം, ആസ്ത്മ, അല്ലെങ്കിൽ ഓട്ടിസം, സ്കീസോഫ്രീനിയ പോലുള്ള നാഡീ വികസന വൈകല്യങ്ങൾ പോലുള്ള അവസ്ഥകളിലേക്ക് കുട്ടിയെ നയിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. ശിൽപ സിംഗാൾ പറയുന്നു.
മുതിർന്നവരിൽ ഏകദേശം 80 ശതമാനം പേർക്കും വിറ്റാമിൻ ഡിയുടെ അളവ് കുറവായതിനാൽ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്നതായി കണ്ടെത്തി. വിറ്റാമിൻ ഡി പ്രത്യുൽപാദനക്ഷമതയിലും ഭാവിയിലെ ആരോഗ്യത്തിലും അതിന്റെ നിർണായക പങ്ക് തിരിച്ചറിയേണ്ട സമയമാണിതെന്നും അവർ പറയുന്നു. പിസിഒഡി പ്രശ്നം പരിഹരിക്കാനും വിറ്റാമിൻ ഡി സഹായകമാണ്.