യുകെയിൽ തുടങ്ങിയിരിക്കുന്ന ഒരു പുതിയ ഹ്യൂമൻ ക്ലിനിക്കൽ ട്രയൽ സ്വന്തം ദേഹത്ത് കൊറോണാവൈറസ് കുത്തിവെച്ചുകൊണ്ട് മരുന്ന് പരീക്ഷണത്തിന് തയ്യാറാകാൻ വളണ്ടിയർമാരെ ക്ഷണിച്ചിരിക്കുന്നു. വെറുതെയല്ല, ദിവസവും നൂറു പൗണ്ടിലധികം പ്രതിഫലം കിട്ടും. അതായത് ഇന്ത്യൻ കറൻസിയിൽ ഒരു ദിവസം ഏകദേശം പതിനായിരം രൂപയിലധികം കിട്ടുമെന്നാണ് അന്തര്‍ദേശീയ മാധ്യമമായ ദി ഇന്‍ഡിപെന്‍ഡന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഹ്വിവോ(Hvivo) എന്ന ഒരു സ്ഥാപനമാണ് മനുഷ്യരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ ക്ലിനിക്കൽ ട്രയൽ നടത്തുന്നത്. 24 പേർക്കാണ് ഈ ട്രയലിന്റെ ഭാഗമാകാനുള്ള അവസരമുള്ളത്. ഇവരുടെ ദേഹത്ത് കൊറോണാവൈറസുമായി സാമ്യമുള്ള, എന്നാൽ അത്രകണ്ട് മാരകമല്ലാത്ത രണ്ടു വൈറസുകളുടെ സാമ്പിളുകൾ കുത്തിവെക്കും.  കൊവിഡ് 19 എന്ന മഹാമാരിക്ക് വാക്സിൻ കണ്ടെത്താനുള്ള മത്സരത്തിലുള്ള ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ഇരുപതോളം സ്ഥാപനങ്ങളിൽ ഒന്നാണ് ഹ്വിവോയും.  

വൈറസ് ബാധ കുത്തിവെപ്പുവഴി വളണ്ടിയർമാരിൽ ഉണ്ടാക്കിയ ശേഷം അവരെ ഗവേഷണസ്ഥാപനത്തിൽ ഐസൊലേഷനിൽ പാർപ്പിച്ച് അവരുടെ വാക്സിനും കുത്തിവെച്ച് നിരീക്ഷിക്കും. കുത്തിവെക്കുന്ന രോഗാണു കൊറോണാവൈറസിന്റെ അത്രക്ക് മാരകമല്ലെന്നും, നേരിയ ഒരു ശ്വാസതടസ്സം മാത്രമേ വളണ്ടിയേഴ്സിന് ഉണ്ടാകുകയുള്ളൂ എന്നുമാണ് ഹ്വിവോ കമ്പനി പറയുന്നത്. ഈ പരീക്ഷണം അറിയപ്പെടുന്നത് 'നിയന്ത്രിത മനുഷ്യ അണുബാധാ മോഡൽ' ( ’Controlled Human Infection Model’) എന്നാണ്. ഈ പരീക്ഷണത്തിൽ നിന്ന് ലഭ്യമാകുന്ന ഡാറ്റ കൊവിഡ് 19 -നു മരുന്ന് കണ്ടെത്താൻ വേണ്ടിയുള്ള ഗവേഷണങ്ങൾക്ക് ഏറെ ഗുണകരമാകുമെന്നാണ് പറയപ്പെടുന്നത്.