ഇൻസ്റ്റാഗ്രാം റീൽസ്, യൂട്യൂബ് ഷോർട്ട്സ് തുടങ്ങിയ ഹ്രസ്വമായ ഉള്ളടക്കങ്ങൾ തലച്ചോറിൽ പെട്ടെന്നുള്ള 'ഡോപാമിൻ' ഉൽപ്പാദനത്തിന് കാരണമാകുന്നു. ഇത് കൂടുതൽ നേരം റീൽസ് കാണാൻ ഇടയാക്കുകയും സമയബോധം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

ഫോൺ എടുത്ത് കഴിഞ്ഞാൽ മണിക്കൂറോളം ഇരുന്ന് റീൽസ് കാണുന്ന നിരവധി പേർ ഇന്ന് നമ്മുക്കിടയിലുണ്ട്. എന്നാൽ ഈ ശീലം നിങ്ങളുടെ തലച്ചോറിനെ തന്നെ ബാധിക്കാമെന്ന് പഠനം പറയുന്നു. ഏകാഗ്രതയും സ്വയം നിയന്ത്രണവുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗങ്ങളെ ഹ്രസ്വമായ വീഡിയോകൾ താൽക്കാലികമായി പ്രവർത്തനരഹിതമാക്കിയേക്കാമെന്ന് സമീപകാല പഠനം സൂചിപ്പിക്കുന്നു.

ഇൻസ്റ്റാഗ്രാം റീൽസ്, യൂട്യൂബ് ഷോർട്ട്സ് തുടങ്ങിയ ഹ്രസ്വമായ ഉള്ളടക്കങ്ങൾ തലച്ചോറിൽ പെട്ടെന്നുള്ള 'ഡോപാമിൻ' ഉൽപ്പാദനത്തിന് കാരണമാകുന്നു. ഇത് കൂടുതൽ നേരം റീൽസ് കാണാൻ ഇടയാക്കുകയും സമയബോധം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ, ഇവയുടെ സ്വാധീനം വെറുതെ സമയം കളയുന്നതിലും അപ്പുറമാണെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ഹ്രസ്വമായ വീഡിയോകൾ കാണുന്നത് തലച്ചോറിലെ 'കോഗ്നിറ്റീവ് കൺട്രോൾ' അഥവാ ചിന്താപരമായ നിയന്ത്രണവുമായി ബന്ധപ്പെട്ട ഭാഗങ്ങളുടെ പ്രവർത്തനത്തെ താൽക്കാലികമായി കുറയ്ക്കുമെന്ന് ഗവേഷകർ അടുത്തിടെ കണ്ടെത്തി. ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രദ്ധ നിയന്ത്രിക്കാനും തീരുമാനങ്ങൾ എടുക്കാനും സഹായിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളുടെ പ്രവർത്തനത്തെ മന്ദഗതിയിലാക്കാൻ ഇത്തരം വീഡിയോകൾക്ക് കഴിയുമെന്ന് ഒരു പഠനം വ്യക്തമാക്കുന്നു.

56 യുവാക്കൾ ഹ്രസ്വമായ വീഡിയോകൾ സ്വതന്ത്രമായി കാണുമ്പോൾ അവരുടെ തലച്ചോറ് എങ്ങനെ പ്രതികരിക്കുന്നു എന്ന് 'ന്യൂറോഇമേജ്' (NeuroImage) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. തലച്ചോറിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ 'ഫങ്ഷണൽ മാഗ്നെറ്റിക് റെസോണൻസ് ഇമേജിംഗ്' (fMRI) സംവിധാനവും, ഗ്ലൂട്ടാമേറ്റ് (glutamate), ഗാബ (GABA) തുടങ്ങിയ ന്യൂറോട്രാൻസ്മിറ്ററുകളുടെ അളവ് അളക്കാൻ 'പ്രോട്ടോൺ മാഗ്നെറ്റിക് റെസോണൻസ് സ്പെക്ട്രോസ്കോപ്പി'യും ഗവേഷകർ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മസ്തിഷ്കത്തിലെ 'കോഗ്നിറ്റീവ് കൺട്രോൾ നെറ്റ്‌വർക്കി'ൽ ഉൾപ്പെടുന്ന രണ്ട് മേഖലകളെയാണ് ഈ പഠനം പരിശോധിച്ചത്. പെരുമാറ്റം നിയന്ത്രിക്കുക, മാറുന്ന സാഹചര്യങ്ങളോട് പ്രതികരിക്കുക, ശ്രദ്ധയും പ്രവൃത്തികളും നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഈ മേഖലകൾ നിർണായക പങ്ക് വഹിക്കുന്നു.

ഒരേ ഇരിപ്പ് തുടരുന്നത് കടുത്ത കഴുത്തുവേദന, നടുവേദന, തോളെല്ല് വേദന എന്നിവയ്ക്ക് കാരണമാകും. ദീർഘനേരം ഫോൺ സ്ക്രീനിലേക്ക് നോക്കുന്നത് കണ്ണുകൾ വരണ്ടുപോകാനും, കണ്ണിന് മങ്ങലുണ്ടാകാനും, തലവേദനയ്ക്കും കാരണമാകും. രാത്രി വൈകി റീൽസ് കാണുന്നത് ഉറക്കത്തെ സഹായിക്കുന്ന മെലാടോണിൻ ഹോർമോണിന്റെ ഉത്പാദനം തടസ്സപ്പെടുത്തുകയും ഇൻസോമ്നിയ (ഉറക്കമില്ലായ്മ) ഉണ്ടാക്കുകയും ചെയ്യുന്നു.