‘വണ്ണം കുറഞ്ഞപ്പോൾ പലരീതിയിൽ ആളുകൾ പറയാറുണ്ട്. എന്തെങ്കിലും അസുഖം വന്നതാണോ, വണ്ണം ഉണ്ടായിരുന്നതാണ് കൂടുതൽ നല്ലത് , നിരവധി അഭിപ്രായങ്ങളാണ് വരുന്നത്…’ - മിർഷാദ് പറയുന്നു.
ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.
ശരീരഭാരം കൂട്ടാൻ എളുപ്പമാണ്. കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് പലരും പറയുന്നത്. ഭക്ഷണക്രമം മാത്രമല്ല ജീവിതശെെലിയിലെ മറ്റ് ചില മാറ്റങ്ങൾ ഭാരം കൂട്ടുന്നതിന് ഇടയാക്കുന്നുണ്ട്. നാലര മാസം കൊണ്ടാണ് കോഴിക്കോട് കരിക്കാംകുളം സ്വദേശി മിർഷാദ്. സി 46 കിലോ ഭാരം കുറച്ചത്. മിർഷാദ് തന്റെ വെയ്റ്റ് ലോസ് യാത്ര ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിനൊപ്പം പങ്കുവയ്ക്കുന്നു.
അന്ന് 123 കിലോ, ഇന്ന് 77 കിലോ
നാലര മാസം കൊണ്ടാണ് 46 കിലോ ഭാരം കുറച്ചത്. ഒരു ദിവസം ആശുപത്രിയിൽ ബ്ലഡ് കൊടുക്കാൻ പോയപ്പോൾ ബിപി പരിശോധിച്ചു. അങ്ങനെ അന്ന് ബ്ലഡ് കൊടുക്കാൻ പറ്റില്ല ബിപി കൂടുതലാണെന്ന് ഡോക്ടർ പറഞ്ഞു. വണ്ണം കുറച്ചില്ലെങ്കിൽ പ്രശ്നമാകുമെന്ന് ഡോക്ടർ പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും വണ്ണം കുറയ്ക്കണമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് ഭാരം കുറയ്ക്കാൻ തീരുമാനിച്ചത്. ഷുഗർ ആരംഭമായിരുന്നു അന്ന്. കൂടാതെ ബിപി കൂടിയ നിലയിലായിരുന്നു. വണ്ണം ഉണ്ടായിരുന്നപ്പോൾ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ പറ്റില്ലായിരുന്നുവെന്ന് മിർഷാദ് പറയുന്നു. TEAMFFF എന്ന വെയ്റ്റ് ലോസ് ഓൺലെെൻ പ്ലാറ്റ് ഫോമിലൂടെയാണ് ഭാരം കുറച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഹെൽത്തി ഡയറ്റും വ്യായാമവും
വണ്ണം ഉണ്ടായിരുന്ന സമയത്ത് ഒരുപാട് ഭക്ഷണം കഴിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഭക്ഷണം കണ്ട്രോൾ ചെയ്ത് തുടങ്ങി. വണ്ണം ഉണ്ടായിരുന്നപ്പോൾ ഏഴും എട്ടും ചപ്പാത്തി വരെ കഴിക്കാറുണ്ടായിരുന്നു. അന്ന് ഒരു ദിവസം തന്നെ രണ്ട് ബിരിയാണിയൊക്കെ കഴിച്ചിരുന്നുവെന്ന് മിർഷാദ് പറഞ്ഞു.
വണ്ണം ഉണ്ടായിരുന്നപ്പോൾ വളരെ വെെകിയാണ് അത്താഴം കഴിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. എട്ട് മണിക്ക് മുമ്പ് തന്നെ അത്താഴം കഴിക്കും. ചായ, കാപ്പി മുമ്പൊക്കെ നാലും അഞ്ചും കഴിച്ചിരുന്നു. എന്നാൽ ഇപ്പോൾ ദിവസവും ഒരു ചായയാണ് കുടിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം കഴിച്ച് തന്നെ ഭാരം കുറയ്ക്കുകയാണ് ചെയ്യുന്നതെന്നും മിർഷാദ് പറയുന്നു. ആഴ്ചയിൽ മൂന്നോ നാല് ദിവസം വ്യായാമം ചെയ്യാറുണ്ട്. കാർഡിയോ പോലുള്ള വ്യായാമങ്ങൾ ചെയ്യാറുള്ളത്. ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യാറുണ്ട്.
‘വണ്ണം കുറഞ്ഞപ്പോൾ പലരീതിയിൽ ആളുകൾ പറയാറുണ്ട്. എന്തെങ്കിലും അസുഖം വന്നതാണോ, വണ്ണം ഉണ്ടായിരുന്നതാണ് കൂടുതൽ നല്ലത് , നിരവധി അഭിപ്രായങ്ങളാണ് വരുന്നത്…’ - മിർഷാദ് പറയുന്നു.
ഹെൽത്തി ഡയറ്റിലൂടെയാണ് എപ്പോഴും ഭാരം കുറയ്ക്കേണ്ടത്. നന്നായി വെള്ളം കുടിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, ദിവസവും അൽപം നേരം വ്യായാമം ചെയ്യുക ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം കുറയ്ക്കാൻ സാധിക്കുമെന്നും മിർഷാദ് പറഞ്ഞു.
'സ്വന്തമായി ഡയറ്റ് നോക്കരുത്'
നല്ല മെെന്റ് സെറ്റാണ് ഭാരം കുറയ്ക്കാൻ ആദ്യം വേണ്ടത്. ഒരു ട്രെയിനറിന്റെ സഹായത്തോടെ തന്നെ ഭാരം കുറയ്ക്കുകയാണ് വേണ്ടത്. ഒരിക്കലും യൂട്യൂബ് നോക്കിയോ വീഡിയോകൾ കണ്ടോ ഭാരം കുറയ്ക്കരുത്. ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. അത് പോലെ ആരോഗ്യകരമായ ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ ഭാരം കുറയ്ക്കുകയാണ് വേണ്ടതെന്ന് മിർഷാദിന്റെ ട്രെയിനർ പ്രതീഷ് രാജ് പറയുന്നു.


