മൂത്രമൊഴിക്കാൻ തോന്നിയാലും ചില സ്ത്രീകൾ മൂത്രം പിടിച്ചുവയ്ക്കുന്ന ശീലമുണ്ട്. ടോയ്ലറ്റ് വൃത്തിയില്ല, വെള്ളമില്ലാത്ത ടോയ്‌ലറ്റുകൾ, ഇങ്ങനെ പലകാരണങ്ങൾ കൊണ്ടാണ് മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കുന്നത്. എന്നാൽ ഇത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. ശരീരം സിഗ്നല്‍ കൊടുത്തിട്ടും മൂത്രമൊഴിക്കാന്‍ തയ്യാറാവാതിരിക്കുമ്പോള്‍ ചെറിയ തോതില്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവും.

എന്നാല്‍ ഭൂരിഭാഗം സ്ത്രീകളും ദീര്‍ഘനേരം മൂത്രമൊഴിക്കാതെ പിടിച്ചിരിക്കും. ‍അങ്ങനെ വരുമ്പോള്‍ മൂത്രസഞ്ചിയില്‍ മൂത്രത്തിന്റെ അളവ് കൂടിക്കൂടി വരും.  പരമാവധി സംഭരണശേഷി എത്തിയിട്ടും നമ്മള്‍ മൂത്രമൊഴിക്കാന്‍ തയ്യാറാവാതെ വരുമ്പോള്‍ ശാരീരിക അസ്വസ്ഥകള്‍ കൂടും. പിന്നീട് ശരീരം തന്നെ അല്‍പം അൽപമായി മൂത്രം പുറന്തള്ളാന്‍ തുടങ്ങും. 

മൂത്രം കെട്ടിക്കിടന്നാല്‍ മൂത്രസഞ്ചിയില്‍ പ്രധാനമായി ഉണ്ടാകുന്ന അസുഖം അണുബാ​ധയാണ്.  ഇ.കോളി ഉള്‍പ്പെടെയുള്ള ബാക്ടീരിയകള്‍ നിറയും. അണുബാധ കടുത്ത അസ്വസ്ഥതയും വേദനയും ഉണ്ടാക്കുന്നതാണ്. ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ ഗുരുതരമായിത്തീരുകയും ചെയ്യാം.  

യൂറിനറി ഇന്‍ഫെക‌്‌ഷന്‍ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്‌. ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുക, ശുചിത്വക്കുറവ്, മൂത്രം ഒഴിക്കാതെ ദീര്‍ഘനേരം പിടിച്ചു വയ്ക്കുക എന്നിങ്ങനെ പല കാരണങ്ങള്‍ മൂലം അണുബാധ സംഭവിക്കാം.

ഇതു ശരിയായ സമയത്ത് ചികിത്സിക്കാതിരുന്നാല്‍ വൃക്കകളെ ഗുരുതരമായി ബാധിക്കാം. മൂത്രത്തില്‍ അണുബാധയുണ്ടായാല്‍ ഉടനടി ഡോക്ടറെ സമീപിക്കണം. ധാരാളം വെള്ളം കുടിക്കുന്നത് ഇടയ്ക്കിടെയുണ്ടാകുന്ന അണുബാധ കുറയ്ക്കാൻ സഹായിക്കും.