എന്താണ് സ്കോളിയോസിസ്? ഇത് ഭയപ്പെടേണ്ട രോഗമോ? അന്താരാഷ്ട്ര സ്കോളിയോസിസ് ദിനവുമായി ബന്ധപ്പെട്ട് ഡോ. വിനോദ് വി വിശദമായി എഴുതുന്നു...

നട്ടെല്ലിന്‍റെ അസാധാരണമായ വളവ് കൊണ്ട് പ്രകടമാകുന്ന ഒരു അവസ്ഥയാണ് സ്‌കോളിയോസിസ്. ഇത് പലപ്പോഴും പുറകില്‍ നിന്ന് നോക്കുമ്പോള്‍ 'S' അല്ലെങ്കില്‍ 'C' ആകൃതിയില്‍ കാണപ്പെടുന്നു. നട്ടെല്ല് വൈകല്യം എന്ന ആശയം സ്വാഭാവികമായും നമ്മെ ഭയപ്പെടുത്തുകയും ഉത്കണ്ഠയിലാക്കുകയും ചെയ്യുമെങ്കിലും സ്‌കോളിയോസിസ് ചികിത്സിച്ച് ശരിപ്പെടുത്താന്‍ കഴിയുമെന്ന് ഓര്‍ക്കുക. പ്രത്യേകിച്ചും നേരത്തെയുള്ള രോഗനിര്‍ണയം. ഈ ലേഖനത്തില്‍, സ്‌കോളിയോസിസിന്‍റെ കാരണങ്ങള്‍, അതിന്‍റെ ലക്ഷണങ്ങള്‍, രോഗനിര്‍ണ്ണയ പ്രക്രിയ, ലഭ്യമായ വിവിധ ചികിത്സാസാധ്യതകള്‍ എന്നിവയാണ് അവതരിപ്പിക്കുന്നത്.

സ്‌കോളിയോസിസിനെ അറിയാം...

എല്ലാ പ്രായത്തിലുമുള്ള ആളുകളില്‍ സ്‌കോളിയോസിസ് ഉണ്ടാകാമെങ്കിലും, ഇത് സാധാരണയായി കൗമാരത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സ്‌കോളിയോസിസിന്‍റെ കാരണങ്ങളെ ഘടനാപരവും അല്ലാത്തതും എന്നിങ്ങനെ രണ്ടായി തിരിക്കാം. അസമമായ കാലുകളുടെ നീളം, പേശികളുടെ അസന്തുലിതാവസ്ഥ, അല്ലെങ്കില്‍ ജനന വൈകല്യങ്ങള്‍ എന്നിങ്ങനെയുള്ള ശരീരഘടനാപരമായ അസാധാരണ അവസ്ഥകള്‍ മൂലമാണ് ഘടനാപരമായ- സ്ട്രക്ചറല്‍ - സ്‌കോളിയോസിസ് ഉണ്ടാകുന്നത്. നോണ്‍-സ്ട്രക്ചറല്‍ സ്‌കോളിയോസിസ് എന്നത് പഴയ പടിയാക്കാവുന്ന വക്രതയാണ്. പലപ്പോഴും പേശികളുടെ രോഗാവസ്ഥ, വീക്കം അല്ലെങ്കില്‍ നില്‍പ്പിന്‍റെ പൊസിഷനിലും മറ്റുമുള്ള മാറ്റങ്ങള്‍- പോലുള്ള താല്‍ക്കാലിക ഘടകങ്ങള്‍ മൂലമാണ് ഈ രോഗാവസ്ഥ ഉണ്ടാവുന്നത്.

ലക്ഷണങ്ങള്‍..

സ്‌കോളിയോസിസിന്‍റെ ആദ്യഘട്ടങ്ങളില്‍ ശ്രദ്ധേയമായ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. അതുകൊണ്ട് തന്നെ പതിവ് പരിശോധനകള്‍ എന്നത് ഇവിടെ നിര്‍ണായകമാണ്, പ്രത്യേകിച്ച് കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും. വളവ് അധികമാകുമ്പോള്‍, വ്യക്തികള്‍ക്ക് ഇതുപോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടാം

1. അസമമായ തോള്‍ ഉയരം
2. അസമമായ അരക്കെട്ട്/ ഇടുപ്പ്
3. കാഴ്ചയില്‍ ചരിഞ്ഞതോ തിരിഞ്ഞിരിക്കുന്നതോ ആയ നട്ടെല്ല്
4. നടുവേദന അല്ലെങ്കില്‍ അസ്വസ്ഥത
5. ശാരീരികമായ ക്ഷീണം

രോഗനിര്‍ണയം...

ഒരു വ്യക്തിയുടെ മെഡിക്കല്‍ ചരിത്രം, ശാരീരിക പരിശോധന, ഇമേജിംഗ് ടെസ്റ്റുകള്‍ തുടങ്ങി സമഗ്രമായ വിലയിരുത്തല്‍ സ്‌കോളിയോസിസ് രോഗനിര്‍ണ്ണയത്തിന്‍റെ ഭാഗമാണ്. ശാരീരികപരിശോധനയ്ക്കിടെ, നട്ടെല്ലിന്‍റെ വക്രത, ചലനപരിധി, കാഴ്ചയിലുള്ള അസമതകള്‍ എന്നിവ വിലയിരുത്തും. സ്‌കോളിയോസിസ് ഉണ്ടെന്ന് സംശയിക്കുന്ന പക്ഷം, സ്‌കോളിയോസിസിന്‍റെ തീവ്രതയും തരവും നിര്‍ണ്ണയിക്കാന്‍ എക്‌സ്-റേ യോ മാഗ്‌നെറ്റിക് റിസോണന്‍സ് ഇമേജിംഗ് (എംആര്‍ഐ) പോലുള്ള വിപുലമായ ഇമേജിംഗ് ടെസ്റ്റുകളോ ഡോക്ടര്‍ നിര്‍ദ്ദേശിച്ചേക്കാം.

ചികിത്സാ സാധ്യതകള്‍...

വളവ് എത്ര ഗുരുതരമാണ്, രോഗിയുടെ പ്രായം, അസ്ഥിയുടെ വളര്‍ച്ചാഘട്ടം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് ചികിത്സാ സാധ്യതകള്‍ തിരഞ്ഞെടുക്കുന്നത്.

ചില സാധാരണ ചികിത്സാ സാധ്യതകള്‍...

നിരീക്ഷണം:- വളവ് താരതമ്യേന കുറവാണെങ്കില്‍, ഏതെങ്കിലും വിധത്തില്‍ വളവ് കൂടുന്നുണ്ടോ എന്ന് നോക്കാനായി പരിശോധനകള്‍ പതിവാക്കണം.

ബ്രേസിംഗ്:- മിതമായ സ്‌കോളിയോസിസിന്, പ്രത്യേകിച്ച് കൗമാര വളര്‍ച്ചയുടെ സമയത്ത് കൂടുതല്‍ വളയുന്നത് തടയാനായി ഡോക്ടര്‍മാര്‍ ഒരു ബ്രേസ് നിര്‍ദ്ദേശിച്ചേക്കാം.

ഫിസിക്കല്‍ തെറാപ്പിയും വ്യായാമവും:- പ്രത്യേകം രൂപകല്‍പ്പന ചെയ്ത വ്യായാമങ്ങളും ഫിസിക്കല്‍ തെറാപ്പി ടെക്‌നിക്കുകളും നിറുത്തത്തിന്റെ രൂപം മെച്ചപ്പെടുത്താനും പേശികളെ ശക്തിപ്പെടുത്താനും വഴക്കം വര്‍ധിപ്പിക്കാനും സഹായിക്കും.

ശസ്ത്രക്രിയ:- ഗുരുതരമായ സ്‌കോളിയോസിസ് രോഗികള്‍ക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. സ്‌പൈനല്‍ ഫ്യൂഷന്‍ എന്നു വിളിക്കപ്പെടുന്ന, ഏറ്റവും സാധാരണമായ ശസ്ത്രക്രിയാ നടപടിക്രമത്തിലൂടെ, ലോഹദണ്ഡുകള്‍, കൊളുത്തുകള്‍, സ്‌ക്രൂകള്‍ അല്ലെങ്കില്‍ അസ്ഥി ഗ്രാഫ്റ്റുകള്‍ എന്നിവ ഉപയോഗിച്ച് നട്ടെല്ല് നേരെയാക്കുന്ന രീതിയാണിത്.

സ്‌കോളിയോസിസ് രോഗം അമിതമായ ഉത്കണ്ഠയ്ക്ക് കാരണമാകാം. മുന്‍കൂട്ടി രോഗനിര്‍ണ്ണയം നടത്തുകയും ഉചിതമായ ചികിത്സ നല്‍കുകയും ചെയ്താല്‍ സ്‌കോളിയോസിസിന് വിജയകരമായ ചികിത്സ സാധ്യമാണ്. സ്‌കോളിയോസിസ് ഉള്ള വ്യക്തികള്‍ക്ക് നിരീക്ഷണം, ബ്രേസിംഗ്, ഫിസിക്കല്‍ തെറാപ്പി, സര്‍ജറി എന്നിവയുള്‍പ്പെടെ ലഭ്യമായ നിരവധി ചികിത്സാ സാധ്യതകള്‍ ഉപയോഗിച്ച്, രോഗലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം കണ്ടെത്താനും അതിലൂടെ മികച്ച നട്ടെല്ല് വിന്യാസം നേടാനും കഴിയും. 

നിങ്ങള്‍ക്കോ പ്രിയപ്പെട്ടവര്‍ക്കോ സ്‌കോളിയോസിസ് രോഗം ഉണ്ടെന്ന് സംശയിക്കുന്നുണ്ടെങ്കില്‍ മികച്ച ശാരീരിക പ്രവര്‍ത്തനം ഉറപ്പുവരുത്തുന്ന ചികിത്സാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക. ഒരു ഡോക്ടറുടെ സഹായത്തോടെ, ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികള്‍ പതിവാക്കുകയും ചെയ്യുക.

Also Read:- കൂടെയുള്ള ആള്‍ക്ക് ഹൃദയാഘാതം സംഭവിച്ചാല്‍ എങ്ങനെ മനസിലാക്കാം? ലക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News