Asianet News MalayalamAsianet News Malayalam

മങ്കിപോക്സിന് ഇനി പുതിയ പേര്; തീരുമാനവുമായി ലോകാരോഗ്യ സംഘടന

മങ്കിപോക്സ് ഇനി മുതല്‍ എംപോക്സ് (mpox)എന്ന പേരിൽ അറിയപ്പെടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ ലോകാരോ​ഗ്യസംഘടന. മങ്കിപോക്സ് എന്ന പേരിന് പിന്നിലെ വംശീയത ചൂണ്ടിക്കാട്ടി വിവിധഭാ​ഗങ്ങളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. ഇതോടെ ആണ്  പേരുമാറ്റുന്നതിനെക്കുറിച്ച് ലോകാരോ​ഗ്യസംഘടന ചർച്ചകൾ ആരംഭിച്ചത്. 

WHO renames monkeypox as mpox
Author
First Published Nov 29, 2022, 7:56 AM IST

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ്. വ്യാപനം വർധിച്ചതോടെ ലോകാരോ​ഗ്യസംഘടന ആ​ഗോള ആരോ​ഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ച രോ​ഗമാണ് മങ്കിപോക്സ്.

മങ്കിപോക്സ് ഇനി മുതല്‍ എംപോക്സ് (mpox) എന്ന പേരിൽ അറിയപ്പെടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ ലോകാരോ​ഗ്യസംഘടന. മങ്കിപോക്സ് എന്ന പേരിന് പിന്നിലെ വംശീയത ചൂണ്ടിക്കാട്ടി വിവിധഭാ​ഗങ്ങളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. ഇതോടെ ആണ്  പേരുമാറ്റുന്നതിനെക്കുറിച്ച് ലോകാരോ​ഗ്യസംഘടന ചർച്ചകൾ ആരംഭിച്ചത്. ഒടുവിൽ തിങ്കളാഴ്ച്ച പേരുമാറ്റിയ വിവരം ലോകാരോ​ഗ്യസംഘടന പരസ്യമാക്കുകയായിരുന്നു. 

ദശകങ്ങളോളം പഴക്കമുള്ള രോ​ഗത്തിന്റെ പേരുമാറ്റാൻ പ്രധാനമായും രണ്ട് കാരണങ്ങളാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടിയത്. ഒന്ന് മങ്കിപോക്സ് എന്ന പേര് കറുത്ത വർ​ഗക്കാരെ അധിക്ഷേപിക്കാൻ ഉപയോ​ഗിക്കുന്നു എന്നത വാദമാണ് പ്രധാനം. മറ്റൊന്ന് ഈ പേര് തുടരുന്നതോടെ കുരങ്ങുകൾ മാത്രമാണ് രോ​ഗത്തിന് കാരണക്കാർ എന്ന തെറ്റിദ്ധാരണ ഉണ്ടാകും എന്നതുമായിരുന്നു. 

എന്താണ് മങ്കിപോക്‌സ്?

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കി പോക്സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ മങ്കി പോക്സ് ആദ്യമായി കണ്ടെത്തിയത്.

രോഗ പകര്‍ച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മങ്കി പോക്സ് പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ മങ്കി പോക്സ് വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ മങ്കി പോക്സ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്‌സിനേഷന്‍ നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് മങ്കി പോക്സിനെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങള്‍

സാധാരണഗതിയില്‍ മങ്കി പോക്സ് ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. 

Also Read: യാക്കിന്‍റെ ഇറച്ചിയും പാലും ഭക്ഷ്യയോഗ്യമെന്ന് പ്രഖ്യാപിച്ച് എഫ്എസ്എസ്എഐ

Follow Us:
Download App:
  • android
  • ios