ഫോർമുല പാൽ നൽകി വളർത്തുന്ന കുട്ടികളെ അപേക്ഷിച്ച്, മുലപ്പാൽ കുടിച്ചു വളരുന്ന കുട്ടികളിൽ ബാല്യകാല രോഗങ്ങൾ പിടിപെടാനുള്ള സാധ്യത 26 ശതമാനം കുറവാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഒരു കുഞ്ഞിന്റെ വളർച്ചയിൽ ജീവിതത്തിലെ ആദ്യത്തെ ഏതാനും മാസങ്ങൾ അതീവ നിർണായകമാണ്. കുഞ്ഞ് വളർന്നു വികസിക്കുമ്പോൾ, അവന്റെ ജീവിതകാലം മുഴുവനുമുള്ള ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ നൽകണം. കുപ്പിപ്പാൽ വഴിയും കുഞ്ഞിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുമെങ്കിലും കുഞ്ഞിന് ഏറ്റവും അനുയോജ്യമായ ആഹാരമായി മുലപ്പാൽ തന്നെയാണ് ലോകമെമ്പാടുമുള്ള ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മുലപ്പാൽ കുഞ്ഞിന്റെ പ്രത്യേക പോഷകാഹാര ആവശ്യങ്ങൾക്കനുസൃതമായി രൂപപ്പെട്ടതാണ്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, വിറ്റാമിനുകൾ, വെള്ളം എന്നിവ കൃത്യമായ അനുപാതത്തിൽ ഇതിൽ അടങ്ങിയിരിക്കുന്നു. ജീവിതത്തിന്റെ ആദ്യ മാസങ്ങളിൽ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും കുഞ്ഞിനെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിബോഡികളും അടങ്ങിയിട്ടുണ്ട്. ഇന്ന് വിപണിയിൽ ലഭ്യമായ ഫോർമുലകൾക്ക് മുലപ്പാലിലെ ഗുണകരമായ പോഷകങ്ങൾ ചേർക്കാൻ സാധിക്കില്ല.
ഫോർമുല പാൽ നൽകി വളർത്തുന്ന കുട്ടികളെ അപേക്ഷിച്ച്, മുലപ്പാൽ കുടിച്ചു വളരുന്ന കുട്ടികളിൽ ബാല്യകാല രോഗങ്ങൾ പിടിപെടാനുള്ള സാധ്യത 26 ശതമാനം കുറവാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, വയറിളക്കം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ചെവിയിലുണ്ടാകുന്ന രോഗങ്ങൾ എന്നിവ മുലപ്പാൽ കുടിക്കുന്ന കുട്ടികളിൽ കുറവായിട്ടാണ് കണ്ടുവരുന്നത്.
കുഞ്ഞിന്റെ കുടലിന്റെ മികച്ച വളർച്ചാ സാഹചര്യം ഇത്തരം അണുബാധകൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് പിൽക്കാലത്ത് അലർജി, അമിതവണ്ണം, പ്രമേഹം തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യതയും കുറച്ചേക്കാം. കൂടാതെ, മുലയൂട്ടൽ അമ്മമാർക്കും ഗുണങ്ങൾ നൽകുന്നു, പ്രസവശേഷം അമ്മമാർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ മുലയൂട്ടൽ സഹായിക്കുന്നു, അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നു, സ്തനാർബുദത്തിനും അണ്ഡാശയ അർബുദത്തിനും സാധ്യത കുറയ്ക്കുന്നതായും പഠനങ്ങൾ പറയുന്നു.
ഇന്ന് ലഭ്യമായ 'ഫോർമുല' (ശിശുക്കൾക്കുള്ള പാൽപ്പൊടി) കുഞ്ഞിന് ദോഷകരമല്ല; മുലപ്പാൽ നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ഇതൊരു മികച്ച ബദൽ മാർഗ്ഗമാണ്. എന്നിരുന്നാലും, മുലയൂട്ടാൻ സാധിക്കുന്ന എല്ലാ അമ്മമാരും ഏത് തരം ഫോർമുലയെക്കാളും മുലപ്പാലിനുള്ള ഗുണമേന്മയും പ്രാധാന്യവും പരിഗണിക്കേണ്ടതാണെന്നും വഡോദരയിലെ ഭൈലാൽ അമിൻ ജനറൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പീഡിയാട്രിഷ്യനായ ഡോ. സഞ്ജയ് മജ്മുദാർ പറയുന്നു.
.


