കൊവിഡ്19 വിസ്ഫോടനം സൃഷ്ടിക്കുന്ന രീതിയിലേക്ക് വളരുകയാണ്. ലോകത്തിൽ ആകെ മരണസംഖ്യ 5000 കടന്നു. ഈ ഒരു സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ലോകം. രോഗത്തെ നിയന്ത്രിക്കാനും പ്രതിരോധിക്കാനുമുള്ള വഴികളെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് ആരോഗ്യമന്ത്രാലയം. അതില്‍ രോഗബാധ തടയുന്നതിൽ ഏറ്റവും പ്രധാനമാണ് കൈ കഴുകല്‍ എന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശം. നമ്മളെല്ലാവരും കൈകഴുകാറുണ്ടെങ്കിലും ഫലപ്രദമായി കൈകഴുകാത്തത് കൊണ്ടാണ് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് കൊണ്ട് ഫലപ്രദമായി കൈകഴുകലിലൂടെ കൊറോണ ഉള്‍പ്പെടെയുള്ള വിവിധ പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തി നേടാവുന്നതാണ്. 

അതേസമയം,  കൈ കഴുകല്‍ നിര്‍ദ്ദേശം ചിലപ്പോള്‍ മോശമായി ബാധിക്കുന്ന ഒരു വിഭാഗം ഉണ്ടെന്നാണ്  തിരുവനന്തപുരത്തെ ചെസ്റ്റ് ആന്‍റ് അലര്‍ജി സ്പെഷ്യലിസ്റ്റായ ഡോ. അര്‍ഷാദ് പറയുന്നത്. മറ്റാരുമല്ല ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (Obsessive compulsive disorder - OCD) ബാധിച്ചവരെ ഈ നിര്‍ദ്ദേശം കൂടുതല്‍ ആശങ്കരാക്കാം എന്നും ഡോക്ടര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. അത്തരക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഡോക്ടര്‍ പറയുന്നു. ഒസിഡി ഒരു പ്രത്യേക തരം പെരുമാറ്റ രീതിയുമായി ബന്ധപ്പെട്ട അവസ്ഥകളിൽ ഒന്നാണ്. ഒരു രോഗാവസ്ഥ എന്നതിലുപരി മാനസികപരമായി ഒരാളിൽ ഉണ്ടാകുന്ന വ്യതിയാനം എന്നാണ് ഇതിനെ പറയേണ്ടത്. സ്വഭാവപരവും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതുമായ ഒരു തകരാറാണ് ഇത്. 

ഒരു കാര്യത്തപ്പറ്റി ഒരാളില്‍ നിർബന്ധിതമായ ചിട്ടയും ആശങ്കകളും ഉണ്ടാകുകയും ഇതുപ്രകാരം ഏതെങ്കിലുമൊരു പ്രവർത്തിയിൽ ആവർത്തിച്ച് ഏർപ്പെട്ടു കൊണ്ടിരിക്കാനുള്ള പ്രവണതകയും വ്യഗ്രതയുമാണ് ഈ അവസ്ഥയുടെ പ്രത്യേകത. ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ എന്തു കാര്യവും പലതവണ ചെയ്യുക , ചെയ്തത് ശരിയായോ എന്ന് പലതവണ പുന:പരിശോധിക്കുക എന്നതാണ് ഈ അവസ്ഥ. ആവർത്തിച്ചു ചെയ്യുന്ന പ്രവൃത്തികൾ യുക്തി രഹിതമാണെന്നും ഒസിഡി ബാധിച്ചവർക്ക് മിക്കപ്പോഴും തിരിച്ചറിയാൻ കഴിയുമെങ്കിലും, അവർക്ക് അതിനെ മറി കടക്കാൻ സാധിക്കില്ല. രോഗാണുക്കൾ, അഴുക്ക്, വൃത്തി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിട്ടു മാറാത്തതും യുക്തിഹീനവുമായ ചിന്തകൾ ഇവരില്‍ ഉണ്ടാകും. പതിവായി കൈ കഴുകുകയോ, സോപ്പ് ഉപയോഗിച്ച് പലതവണ കൈകൾ കഴുകിയിട്ടും തൃപ്തി വരാത്തതായി അനുഭവപ്പെടുകയോ ചെയ്യുന്നത് രോഗത്തിന്‍റെ പ്രധനാ ലക്ഷണമാണ്. 

കൊറോണ വൈറസിന്‍റെ പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശത്തില്‍ ഏറ്റവും പ്രധാനമാണ് കൈ കഴുകല്‍ ഡോ അര്‍ഷാദ് പറയുന്നു. ഇടയ്ക്കിടെയുളള കൈ കഴുകല്‍ പ്രതിരോധത്തിന് നല്ലതാണ്.  രോഗി ചുമ്മയ്ക്കുകയോ തുമ്മുമ്പോഴെ രോഗിയുടെ കഫത്തിന്‍റെ കണികകള്‍ തെറിച്ചുവീഴുകയും അത് നമ്മള്‍ ശ്വസിക്കുകയോ അല്ലെങ്കില്‍ ആ കണകകള്‍ വീണ സ്ഥലങ്ങളില്‍ നിന്ന് നമ്മുടെ കൈകളിലോട്ട് പകരുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ്  കൈ കഴുകാന്‍ നിര്‍ദ്ദേശിക്കുന്നത്. 

അപ്പോഴും ഒസിഡി ബാധിച്ചവരുടെ കാര്യത്തില്‍ ഇങ്ങനെയൊരു സന്ദേശം അവരില്‍ കൂടുതല്‍  വിഷമവൃത്തത്തിലാക്കാം എന്ന സാഹചര്യവുമുണ്ട് എന്നും ഡോ അര്‍ഷാദ് ഓര്‍മ്മിപ്പിക്കുന്നു. അവര്‍ മനസ്സിലാക്കേണ്ട ഒരു പ്രധാന കാരണം ആശങ്കപ്പെടുകയല്ല വേണ്ടത്. മറിച്ച് ഏകദേശം 20 സെക്കന്‍റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന കൈ കഴുകല്‍ മതിയാകും എന്ന കാര്യത്തെ ഉള്‍കൊള്ളണം എന്നതാണ്. മറ്റൊരു കാര്യം,  വെറുതേ വീട്ടില്‍ ഇരിക്കുമ്പോള്‍ കൈകള്‍ കഴുകേണ്ട കാര്യമില്ല. കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമുണ്ടാകുന്ന സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.  ഒസിഡി ബാധിച്ചവര്‍ ഇങ്ങനെ അധികം സമയം കൈ കഴുകുന്നത് അവരുടെ മാനസിക നിലയെ മാത്രമല്ല അവര്‍ക്ക് പല ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയ്ക്കും വഴിയൊരുക്കും എന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.