'Remdesivir' എന്നത്  എബോള രോഗത്തിന് വേണ്ടി വികസിപ്പിച്ചെടുത്ത ഒരു മരുന്നാണ് . ഇത് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണുള്ളത്. നിപ്പാ ബാധിതരായ ആഫ്രിക്കയിലെ പച്ചക്കുരങ്ങന്മാരിൽ ഈ മരുന്ന് പരീക്ഷിച്ചു നോക്കിയ ഗവേഷകർ ഫലം കണ്ട് അതിശയിച്ചു നിന്നു. 

'Remdesivir' എന്നത് എബോള രോഗത്തിന് വേണ്ടി വികസിപ്പിച്ചെടുത്ത ഒരു മരുന്നാണ് . ഇത് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണുള്ളത്. നിപ്പാ ബാധിതരായ ആഫ്രിക്കയിലെ പച്ചക്കുരങ്ങന്മാരിൽ ഈ മരുന്ന് പരീക്ഷിച്ചു നോക്കിയ ഗവേഷകർ ഫലം കണ്ട് അതിശയിച്ചു നിന്നു. ഈ മരുന്നിന്റെ സഹായത്തോടെ കുരങ്ങന്മാർ നിപ്പാ വൈറസ് ബാധയെ ഫലപ്രദമായി അതിജീവിച്ചു. ഈ പരീക്ഷണ ഫലം പ്രതീക്ഷയേകുന്ന ഒന്നാണ്. കാരണം, മരുന്നുകളൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത നിപ്പ എന്ന വൈറൽ രോഗം ഏഷ്യയിൽ ഇന്നുവരെ കവർന്നിട്ടുള്ളത് നിരവധി ജീവനുകളാണ്. 

കോംഗോയിൽ ഈയിടെ ഉണ്ടായ എബോളാ ബാധയെത്തുടർന്നാണ് ഈ മരുന്നിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിർമാണമുണ്ടായത്. എബോളാ ബാധിതരിൽ പരീക്ഷിക്കുന്ന കൂട്ടത്തിലാണ് ഈ മരുന്ന് നിപ്പ ബാധിച്ച ആഫ്രിക്കൻ കുരങ്ങുകളിലും പരീക്ഷിച്ചത്. ഇപ്പോൾ നിപ്പയ്ക്ക് ആകെയുള്ള ഒരേയൊരു മരുന്ന്, അതും പരീക്ഷണ ഘട്ടത്തിലുള്ള ഒരു മോണോക്ളോണൽ ആന്റിബോഡിയാണ്. ഇന്ത്യയിൽ, കേരളത്തിൽ നിപ്പാ ബാധയുണ്ടായപ്പോഴാണ് അത് പരീക്ഷണാടിസ്ഥാനത്തിൽ ഒരു വട്ടം ഉപയോഗിച്ച് നോക്കിയത്. 

നിപ്പ ബാധിച്ച എട്ടു കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത്. നാലു കുരങ്ങുകൾക്ക് കൂടിയ ഡോസിൽ remdesivir എന്ന എബോളാ മരുന്ന് ഡ്രിപ്പിലൂടെ നൽകി. നാലു കുരങ്ങുകൾക്ക് മരുന്ന് നല്കാതെയുമിരുന്നു. മരുന്ന് നൽകപ്പെട്ട കുരങ്ങുകൾ അസുഖത്തെ അതിജീവിച്ചു. മരുന്ന് സ്വീകരിക്കാതിരുന്ന കുരങ്ങുകളാവട്ടെ എട്ടു ദിവസങ്ങൾക്കകം മരണപ്പെടുകയും ചെയ്തു.

ഈ പുതിയ മരുന്നിന് നിപ്പയ്‌ക്കെതിരെ പരീക്ഷണാടിസ്ഥാനത്തിലെങ്കിലും പ്രയോഗിക്കാനുള്ള അനുമതി കിട്ടുകയാണെങ്കിൽ ഡോക്ടർമാർക്ക് ഈ ഗുരുതരമായ രോഗത്തിനെതിരെ പോരാടാൻ എന്തെങ്കിലുമൊരു ഉപാധി കൂടി കൈവരും എന്ന് അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിലെ വൈറോളജിസ്റ്റ് ആയ എമ്മി ഡി വിറ്റ് പറഞ്ഞു. 

എബോളയും നിപ്പയും ശാസ്ത്രീയമായ തരംതിരിവുപ്രകാരം രണ്ടു വ്യത്യസ്ത കുടുംബങ്ങളിൽ പെടുന്ന വൈറസുകളാണ്. എന്നാലും ജിലീഡ് സയൻസസ് എന്ന സ്ഥാപനം നിർമിക്കുന്ന remdesivir രണ്ടസുഖങ്ങളെയും ഒരുപോലെ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട് എന്നാണ് പ്രാഥമിക പരീക്ഷണ ചികിത്സകളിൽ നിന്നുള്ള നിഗമനം. ലബോറട്ടറിയിൽ എലികളിലും മറ്റും നടത്തിയ പരീക്ഷണങ്ങളിൽ മറ്റു പല വൈറൽ അസുഖങ്ങൾക്കും ഈ മരുന്ന് ഫലപ്രദമാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. 

വിവിധ രോഗങ്ങൾക്ക് കാരണമാവുന്ന വ്യത്യസ്തമായ വൈറസുകളുടെ ബാഹ്യ കോശങ്ങൾ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, അതിനുള്ളിലെ അസുഖ കാരണമായ എൻസൈം ഒന്ന് തന്നെയാണെന്നും, remdesivir ലക്ഷ്യമിടുന്നത് അതിനെ ആയതുകൊണ്ടാണ് ഈ മരുന്ന് വ്യത്യസ്ത രോഗങ്ങൾക്കെതിരെ ഫലപ്രദമാവുന്നത് എന്നും ഡി വിറ്റ് പറഞ്ഞു. 

സയൻസ് ട്രാൻസ്‌ലേഷനൽ മെഡിസിൻ എന്ന അന്താരാഷ്ട്ര റിസർച്ച് മാസികയിലാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസും സെന്റേഴ്സ് ഓഫ് ഡിസീസസ് കൺട്രോൾ ആൻഡ് പ്രിവൻഷനും ചേർന്ന് നടത്തിയ ഈ പഠനം പ്രസിദ്ധീകൃതമായത്. 

ബാധിക്കുന്ന രോഗികൾക്ക് എൻസഫലൈറ്റിസും, ന്യുമോണിയയും ഉണ്ടാക്കുന്ന നിപ്പ വൈറസ് എഴുപതു ശതമാനം രോഗികളുടെയും ജീവൻ അപഹരിക്കുന്ന ഒന്നാണ്. മൃഗങ്ങളിൽ നിന്നോ, മനുഷ്യർ തമ്മിലോ ഒക്കെ പകരുന്നതാണ് ഈ രോഗം. എബോളയെപ്പോലെ നിപ്പയും ആദ്യം പരത്തുന്നത് വവ്വാലുകളാണ്. 1999-ൽ മലേഷ്യയിലാണ് ഈ അസുഖം ആദ്യമായി കണ്ടെത്തപ്പെട്ടത്. എന്നത് നിരവധി പന്നിവളർത്തൽ തൊഴിലാളികളുടെയും കശാപ്പുതൊഴിലാളികളുടെയും ജീവനെടുത്തു. വവ്വാലുകളുള്ള മരങ്ങൾക്കു ചോടെ കഴിഞ്ഞിരുന്ന പന്നിളിലേക്ക് ആദ്യം പടർന്ന അസുഖം അവരിൽ നിന്നും മനുഷ്യരിലേക്ക് എത്തുകയായിരുന്നു അന്ന്. 

പിന്നീട് 2001-ൽ വവ്വാൽ രുചിക്കുകയും മൂത്രമൊഴിച്ചു വെക്കുകയും ചെയ്ത പനങ്കള്ളു കുടിച്ചതിലൂടെ ബംഗ്ളാദേശിലും ഈ അസുഖം പൊട്ടിപ്പുറപ്പെട്ടു. പഴം തിന്നു ജീവിക്കുന്ന വവ്വാലുകൾ ഈ പനരസം ശേഖരിക്കുന്ന കുടങ്ങളിൽ കേറിയിറങ്ങുന്നതിന്റെ ഇൻഫ്രാറെഡ് ഫോട്ടോ ദൃശ്യങ്ങളിലൂടെയാണ് അന്ന് അസുഖത്തിന്റെ കാരണം വെളിവായത്. 

അന്നുതൊട്ടിന്നു വരെ ഈ മാരകമായ വൈറസ് രോഗത്തിന് ഫലപ്രദമായ ഒരു മരുന്നിനായുള്ള ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. എബോളയ്ക്കുള്ള മരുന്ന് കണ്ടുപിടിക്കാൻ നടത്തിയ ഗവേഷണങ്ങൾക്കിടെ തീർത്തും യാദൃച്ഛികമായിട്ടാണെങ്കിലും ഇപ്പോൾ കിട്ടിയിരിക്കുന്ന ഈ പോസിറ്റീവ് ഫലങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നവയാണ്. മനുഷ്യരിൽ തന്നെ നടത്തപ്പെടുന്ന കൂടുതൽ പരീക്ഷണങ്ങളിലൂടെ ഈ ഫലങ്ങൾ ഒന്നുകൂടി അരക്കിട്ടുറപ്പിക്കേണ്ടതുണ്ടെങ്കിലും.