ശ്വാസകോശസംബന്ധമായ രോഗങ്ങളുള്ള യുവതിക്ക് പെട്ടെന്ന് തന്നെ ഇത് അലര്‍ജിയുണ്ടാക്കുകയായിരുന്നു. ആദ്യം തൊണ്ടയില്‍ ചൊറിച്ചില്‍ പോലെയാണ് തോന്നിയത്. പിന്നീടത് അസഹനീയമായി.

കേള്‍ക്കുമ്പോള്‍ വിചിത്രമെന്നോ അവിശ്വസനീയമെന്നോ എല്ലാം നമുക്ക് തോന്നുന്ന പല സംഭവങ്ങളും വാര്‍ത്തകളില്‍ വരാറുണ്ട്. ചിലതെല്ലാം നമ്മളില്‍ കൗതുകവും അതിശയവും നിറയ്ക്കുമ്പോള്‍ മറ്റ് ചിലത് പേടിയോ ഞെട്ടലോ ആണുണ്ടാക്കുക. 

ഇത്തരത്തില്‍ കേള്‍ക്കുമ്പോള്‍ ഒരേസമയം ഞെട്ടലോ പേടിയോ അത്ഭുതമോ ആകാംക്ഷയോ എല്ലാം തോന്നിയേക്കാവുന്നൊരു സംഭവമാണിനി പങ്കുവയ്ക്കുന്നത്. അതിഭയങ്കര എരിവുള്ള മുളക് മണത്തുനോക്കിയതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയോടെ യുവതി ആറ് മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായി എന്നതാണ് വാര്‍ത്ത. 

ബ്രസീലിലാണ് അസാധാരണമായ സംഭവം നടന്നിരിക്കുന്നത്. മുളക് മണത്തതിനെ തുടര്‍ന്നുണ്ടായ അലര്‍ജയില്‍ ഇരുപത്തിയഞ്ചുകാരിയായ യുവതി ചികിത്സയിലായി എന്നത് മാത്രമല്ല, ഇവര്‍ ദിവസങ്ങളോളം അബോധാവസ്ഥയിലുമായിരുന്നു. അത്രമാത്രം ഗൗരവമുള്ള പ്രശ്നമാണിവരെ ബാധിച്ചത്. 

ഒരു മുളക് മണത്താലൊക്കെ ഇത്രമാത്രം സംഭവിക്കുമോ എന്ന ആശയക്കുഴപ്പമോ സംശയമോ ആരിലുമുണ്ടാകാം. എന്നാലിത് അങ്ങനെയൊരു സാധാരണ മുളകല്ല. ലോകത്തില്‍ തന്നെ ഏറ്റവും എരിവുള്ളതായി കണക്കാക്കപ്പെടുന്ന മുളകുകളിലൊരു ഇനമാണത്രേ ഇതും. 

യുവതിയും പങ്കാളിയും ചേര്‍ന്ന് മാതാപിതാക്കള്‍ക്ക് വേണ്ടി സ്പെഷ്യല്‍ ഡിന്നറൊരുക്കുകയായിരുന്നുവത്രേ. ഇതിനിടെയാണ് ഈ മുളക് പിക്കിളാക്കിയത് ഇവര്‍ മണത്തുനോക്കിയത്. മണത്തതിന് പുറമെ അറിയാതെ മുളക് ഇവരുടെ മൂക്കിലാവുകയും ചെയ്തു. 

ശ്വാസകോശസംബന്ധമായ രോഗങ്ങളുള്ള യുവതിക്ക് പെട്ടെന്ന് തന്നെ ഇത് അലര്‍ജിയുണ്ടാക്കുകയായിരുന്നു. ആദ്യം തൊണ്ടയില്‍ ചൊറിച്ചില്‍ പോലെയാണ് തോന്നിയത്. പിന്നീടത് അസഹനീയമായി. ഉടനെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അല്‍പം ആശ്വാസം തോന്നിയതോടെ ഇവരെ വൈകാതെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. 

പക്ഷേ നാല് ദിവസം കഴിഞ്ഞപ്പോഴേക്ക് കടുത്ത പനിയും മൂത്രത്തിന് ചുവന്ന നിറവും കണ്ടതോടെ വീണ്ടും ആശുപത്രിയിലെത്തി. ഈ സമയത്ത് പരിശോധിച്ചപ്പോള്‍ ശ്വാസകോശത്തിന് പ്രശ്നം പറ്റിയതായി കണ്ടെത്തി. അതുപോലെ തലച്ചോറിനുള്ളിലും നീര് വന്നിരുന്നു. പിന്നീട് ഇവരെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും അവിടെ ദിവസങ്ങളോളം ഇവര്‍ അബോധാവസ്ഥയില്‍ കഴിയുകയും ചെയ്തു. 

എന്തായാലും ആറ് മാസത്തെ ചികിത്സയാണ് ഇവര്‍ക്ക് പഴയനിലയിലേക്ക് തിരികെയെത്താൻ വേണ്ടി വന്നത്. ഇപ്പോള്‍ ഈ സംഭവം വാര്‍ത്തകളില്‍ ഇടം നേടിയതോടെ ചര്‍ച്ചയായിരിക്കുകയാണ്.

Also Read:- ഇന്ത്യക്കാരൻ ഭര്‍ത്താവിനായി ഇന്ത്യൻ ഭക്ഷണമുണ്ടാക്കുന്ന ജര്‍മ്മൻ യുവതി; വീഡ‍ിയോ വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo