കടുത്ത വിഷാദത്തെ തുടര്‍ന്ന് താൻ മാനസികാരോഗ്യ കേന്ദ്രത്തില്‍ അഡ്മിറ്റ് ആയതിനെ കുറിച്ചും അവിടെ വച്ച് ജീവിതം മാറിമറിഞ്ഞതിനെ കുറിച്ചുമാണ് ഒരു വീഡിയോ സഹിതം കേയ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് വളരെയധികം ചര്‍ച്ചകള്‍ സജീവമായിട്ടുള്ളൊരു കാലമാണിത്. എങ്കില്‍ പോലും മാനസികാരോഗ്യപ്രശ്നങ്ങളോട് അയിത്തം സൂക്ഷിക്കുന്ന പ്രവണത തന്നെയാണ് പൊതുവില്‍ നമുക്ക് കാണാനാവുക. അതിന് തെളിവാണ് മാനസികാരോഗ്യകേന്ദ്രങ്ങളോടും ആശുപത്രികളോടുമുള്ള അവഗണനയോ, അകല്‍ച്ചയോ എല്ലാം. 

ഇത്തരത്തിലുള്ള മുൻവിധികളെല്ലാം തന്നെ ഏറെ അനാരോഗ്യകരമാണ്. ഇത് വീണ്ടും രോഗികളിലും അവരുടെ ചുറ്റുപാടിലുമായി കഴിയുന്നവരിലും വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കും. ഏറെ പ്രാധാന്യമുള്ള ഈ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ഗായികയും സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറുമായ കേയ എന്ന യുവതി.

കടുത്ത വിഷാദത്തെ തുടര്‍ന്ന് താൻ മാനസികാരോഗ്യ കേന്ദ്രത്തില്‍ അഡ്മിറ്റ് ആയതിനെ കുറിച്ചും അവിടെ വച്ച് ജീവിതം മാറിമറിഞ്ഞതിനെ കുറിച്ചുമാണ് ഒരു വീഡിയോ സഹിതം കേയ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 

വിഷാദം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് കേയയെ ബംഗലൂരുവിുള്ള നിംഹാൻസ് ( നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍റ് ന്യൂറോസയൻസസ്)ല്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് തനിക്ക് സംഭവിച്ചത് എന്തെല്ലാമാണെന്നാണ് കേയ പറയുന്നത്. 

'ഈ വീഡിയോ കാണിക്കും ഞാനെന്ത്ര സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് അവിടെ കടന്നുപോയതെന്ന്. ഞാനുണ്ടാക്കിയ സൗഹൃദങ്ങള്‍, അവിടുത്തെ പച്ചപ്പ്, ഞങ്ങളൊന്നിച്ച് ആസ്വദിച്ച് ചെയ്ത ഒരുപാട് കാര്യങ്ങള്‍... എന്നാല്‍ നിങ്ങള്‍ കാണുന്നത് പോലെ ഒരു പിക്നിക് മൂഡ് ആയിരുന്നില്ല അതൊന്നും. ആദ്യ ആഴ്ചകളെല്ലാം നരകം പോലെ ആയിരുന്നു. ഒറ്റപ്പെടലും പേടികളും അതിജീവിക്കാൻ നന്നെ പാടുപെട്ടു. ഉറക്കമില്ലാത്ത രാത്രികളും തുടരെ തുടരെ പാനിക് അറ്റാക്കുകളും. പകലാണെങ്കില്‍ മുഴുവൻ സമയവും ഞാൻ മുറിയിലിരുന്ന് കരയും...

... എന്നാല്‍ പോകെപ്പോകെ അവസ്ഥ ഭേദപ്പെട്ടുവന്നു. അവിടെ നിന്ന് ലഭിച്ച പ്രൊഫഷണല്‍ സഹായം. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കൂടെയുണ്ടായിരുന്നവരുടെയും പിന്തുണ എല്ലാം എന്നെ സ്വാധീനിച്ചു. ഞാനൊരുപാട് പഠിച്ചു. മറ്റ് രോഗികളില്‍ നിന്ന് വരെ. എന്നെത്തന്നെ പിടിച്ചുനിര്‍ത്താനും സന്തോഷിപ്പിക്കാനും പഠിച്ചു. ആര്‍ക്കായാലും മാനസികാരോഗ്യപ്രശ്നങ്ങള്‍ക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യത്തില്‍ വരാതിരിക്കട്ടെ. എന്നാല്‍ അങ്ങനെയൊരു സാഹചര്യം വന്നാല്‍ അതൊരു മോശപ്പെട്ട കാര്യമാണെന്നേ ചിന്തിക്കരുത്. തല ഉയര്‍ത്തിത്തന്നെ നിന്ന് അസുഖത്തെ അതിജീവിക്കുക...' - ഇതായിരുന്നു കേയയുടെ കുറിപ്പ്. 

ഒരു മാസം മുമ്പാണ് കേയ ഇത് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. നിരവധി പേരാണ് ഇത് നിറഞ്ഞ മനസോടെ സ്വീകരിച്ചിരിക്കുന്നത്. ധാരാളം പേര്‍ക്ക് വെളിച്ചം നല്‍കുന്ന, ധൈര്യം പകരുന്ന വാക്കുകളാണിതെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. 

View post on Instagram

Also Read:- ആത്മഹത്യകള്‍ കൂടുന്നു; വ്യക്തികളിലെ ആത്മഹത്യാപ്രവണത എങ്ങനെ തിരിച്ചറിയാം?