തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയോ (രക്തക്കുഴലിൽ തടസ്സം നേരിടുന്നതിലൂടെയോ) തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് 'സ്ട്രോക്ക്' (പക്ഷാഘാതം).
ഒക്ടോബർ 29-ന് ലോക സ്ട്രോക്ക് ദിനം ആചരിക്കുന്നു. പക്ഷാഘാതം (സ്ട്രോക്ക്) നേരത്തെ തിരിച്ചറിയുകയും, ഒട്ടും വൈകാതെ ശരിയായ ആശുപത്രിയിൽ എത്തിച്ചേരുകയും ചെയ്താൽ തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാനും, വൈകല്യങ്ങൾ തടയാനും, ജീവൻ രക്ഷിക്കാനും സാധിക്കും. തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയോ (രക്തക്കുഴലിൽ തടസ്സം നേരിടുന്നതിലൂടെയോ) തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് 'സ്ട്രോക്ക്' (പക്ഷാഘാതം).
ലോകമെമ്പാടും മരണത്തിനും ദീർഘകാല വൈകല്യങ്ങൾക്കും കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നായി ഇത് തുടരുന്നു. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പുകയില ഉപയോഗം എന്നിവ കാരണം ഇന്ത്യയിൽ സ്ട്രോക്ക് കേസുകൾ വളരെ കൂടുതലാണ്. ഓക്സിജന്റെയും ഗ്ലൂക്കോസിന്റെയും നിരന്തരമായ ലഭ്യതയെ ആശ്രയിച്ചാണ് മസ്തിഷ്കം പ്രവർത്തിക്കുന്നത്.
രക്തക്കുഴലുകളിൽ തടസ്സം ഉണ്ടാകുമ്പോൾ, മസ്തിഷ്ക കോശങ്ങളുടെ പ്രവർത്തനം തകരാറിലാവുകയും അവ നശിച്ചുതുടങ്ങുകയും ചെയ്യുന്നു. ഗുരുതരമായ ഇസ്കെമിക് സ്ട്രോക്ക് (ischemic stroke) ഉണ്ടാകുമ്പോൾ, രക്തയോട്ടം ഫലപ്രദമായി പുനഃസ്ഥാപിച്ചില്ലെങ്കിൽ ഓരോ മിനിറ്റിലും ഏകദേശം ഇരുപത് ലക്ഷത്തോളം നാഡീകോശങ്ങൾ നശിച്ചേക്കാം.
പ്രധാന ലക്ഷണങ്ങൾ (FAST)
മുഖം കോടുക (Face): മുഖത്തിന്റെ ഒരുവശം മാത്രം താഴേക്ക് പോവുകയോ കോടിപ്പോവുകയോ ചെയ്യുക.
• കൈകാലുകൾക്ക് ബലം കുറയുക (Arms): കൈ ഉയർത്താൻ പ്രയാസം തോന്നുക അല്ലെങ്കിൽ ബലം നഷ്ടപ്പെടുക.
• സംസാരിക്കാൻ ബുദ്ധിമുട്ട് (Speech): സംസാരിക്കുമ്പോൾ വാക്കുകൾ കുഴഞ്ഞുപോവുക.
• സമയം (Time): ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുക.
ലക്ഷണങ്ങൾ തുടങ്ങി ആദ്യത്തെ 4.5 മണിക്കൂറിനുള്ളിൽ ചികിത്സ നൽകിയാൽ ജീവനും തളർച്ചയും ഒരു പരിധി വരെ രക്ഷിക്കാം.







