ഇന്ന് മെയ് 25- ലോക തൈറോയ്ഡ് ദിനം. ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും വലിയ പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്.

ഇന്ന് മെയ് 25- ലോക തൈറോയ്ഡ് ദിനം. ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും വലിയ പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറ് മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. കഴുത്തില്‍ നീര്‍ക്കെട്ട്, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക, പേശികളിലുണ്ടാകുന്ന വേദന, ശരീരഭാരം കൂടുകയോ (ഹൈപ്പോ തൈറോയ്ഡിസം) കുറയുകയോ (ഹൈപ്പര്‍ തൈറോയ്ഡിസം) ചെയ്യുക, ഉത്കണ്ഠ, വിഷാദം, തലമുടി കൊഴിച്ചില്‍ തുടങ്ങിയവയൊക്കെ തൈറോയ്ഡ് പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാണ്.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് നിരവധി പോഷകങ്ങൾ സഹായിക്കുന്നു. ഇത്തരത്തില്‍ തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. അയഡിന്‍

തൈറോയ്ഡ് ഹോർമോണിൻ്റെ ഉത്പാദനത്തിൽ അയഡിൻ ഏറെ പ്രധാനമാണ്. അയഡിന്‍റെ അഭാവമാണ് ഹൈപ്പോതൈറോയിഡിസത്തിന് കാരണം. ഇതിനെ പരിഹരിക്കാന്‍ അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി ഫാറ്റി ഫിഷ്, ചീസ്, തൈര്, പാല്‍, മുട്ട, പയറു വര്‍ഗങ്ങള്‍, നട്സ്, സീഡുകള്‍ തുടങ്ങിയവ കഴിക്കാം. 

2. സെലീനിയം

സെലീനിയം കുറവുള്ളവർക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ടാകാം. അതിനാല്‍ സെലീനിയം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍‌പ്പെടുത്തുക. ബ്രസീൽ നട്സ്, റെഡ് മീറ്റ്, ബ്രൌണ്‍ റൈസ്, സൂര്യകാന്തി വിത്തുകൾ, മുട്ട, ചീര, മത്സ്യം, പയറുവര്‍ഗങ്ങള്‍, മഷ്റൂം തുടങ്ങിയവയിലൊക്കെ ശരീരത്തിന് വേണ്ട സെലീനിയം അടങ്ങിയിട്ടുണ്ട്. 

3. സിങ്ക് 

തൈറോയ്ഡ് ഹോർമോണിൻ്റെ ഉത്പാദനത്തിൽ സിങ്കും പ്രധാന പങ്കുവഹിക്കുന്നു. അതിനാല്‍ പയറുവര്‍ഗങ്ങള്‍, മുഴുധാന്യങ്ങള്‍, നട്സ്, സീഡുകള്‍ തുടങ്ങിയ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. 

4. അയേണ്‍ 

ഇരുമ്പിൻ്റെ അഭാവം മൂലവും തൈറോയ്ഡ് ഹോർമോണിൻ്റെ ഉത്പാദനം കുറയാം. അതിനാല്‍ ഹൈപ്പോതൈറോയിഡിസത്തെ തടയാന്‍ അയേണ്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ചീര, സ്ട്രോബെറി, ബീറ്റ്റൂട്ട്, ഈന്തപ്പഴം, ഫിഗ്സ്, മുരിങ്ങയില, മാതളം തുടങ്ങിവയൊക്കെ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. 

5. വിറ്റാമിന്‍ ഡി 

തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിന് വിറ്റാമിന്‍ ഡി സഹായകമാണ്. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും ആവശ്യത്തിന് കഴിക്കുക. ഇതിനായി പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, ഓറഞ്ച് ജ്യൂസ്, സാൽമൺ മത്സ്യം, കൂണ്‍, ഗോതമ്പ്, റാഗ്ഗി, ഓട്സ്, ഏത്തപ്പഴം തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്.