മരണമല്ലാതെ മറ്റൊന്നുമില്ല മുമ്പിലെന്ന തിരിച്ചറിവില്‍ തളരാതെ ബാക്കി കിടക്കുന്ന ഓരോ നിമിഷവും സംതൃപ്തിയോടെ ജീവിച്ചുതീര്‍ത്ത ഒരാള്‍. മുപ്പത്തിയൊന്നുകാരനായ ഏലിയറ്റ് ഡാലന്‍ എന്ന യുവ എഴുത്തുകാരനെ പറ്റിയാണ് പറയുന്നത്. ലണ്ടനില്‍ അടുത്ത ദിവസങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടൊരു താരോദയമായിരുന്നു ഏലിയറ്റ്. 

അപൂര്‍വ്വയിനം ക്യാന്‍സര്‍ ബാധിച്ച്, ചികിത്സകളെല്ലാം തുടരെത്തുടരെ പരാജയപ്പെട്ടതോടെ, മരണം കാത്ത് കിടക്കുകയായിരുന്നു ഏലിയറ്റ്. അതിനിടെയാണ് ബ്ലോഗെഴുത്ത് തുടങ്ങിയത്. ജീവിതത്തെ കുറിച്ച് താന്‍ തീര്‍ത്തുവച്ചിരുന്ന സ്വപ്നങ്ങള്‍, ആഗ്രഹങ്ങള്‍, കണക്കുകൂട്ടലുകള്‍ എല്ലാം ഏലിയറ്റ് തുറന്നെഴുതി. 

ലോക്ഡൗണ്‍ കാലത്ത് ഏലിയറ്റിന്റെ 'മൂവിംഗ് ബ്ലോഗ്' ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പല പ്രസിദ്ധീകരണങ്ങളിലും ഏലിയറ്റിനെ കുറിച്ചുള്ള ലേഖനങ്ങള്‍ വന്നു. ആയിരക്കണക്കിന് പേരാണ് ഈ യുവാവിന്റെ എഴുത്തില്‍ ആകൃഷ്ടരായി സോഷ്യല്‍ മീഡിയയിലും മറ്റുമായി പ്രതികരണങ്ങള്‍ അറിയിച്ചിരുന്നത്. 

'ദ സ്വിച്ച് ആന്റ് കാള്‍ ടു ആംസ്' എന്ന പേരിലായിരുന്നു ഏലിയറ്റിന്റെ എഴുത്ത്. താന്‍ 'നോര്‍മല്‍' ജീവിതത്തില്‍ ആയിരുന്നെങ്കില്‍ ഈ സമയം വിവാഹം കഴിക്കുമായിരുന്നുവെന്നും തനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും തന്റെ നാല്‍പതുകളിലും അമ്പതുകളിലും താന്‍ എന്തെല്ലാം ചെയ്യാനാണ് പദ്ധതികളിട്ടിരുന്നത് എന്നുമെല്ലാം ഏലിയറ്റ് എഴുതി. 

ആദ്യഘട്ടങ്ങളില്‍ വായനക്കാരില്‍ നിന്നും മീഡിയയില്‍ നിന്നുമെല്ലാം വന്ന പ്രതികരണങ്ങള്‍ ഏലിയറ്റ് അറിഞ്ഞിരുന്നു. അന്ന് അത് വലിയ ആഹ്ലാദമാണ് ഏലിയറ്റിലുണ്ടാക്കിയതെന്ന് സഹോദരി അന്നബെല്‍ പറയുന്നു. പിന്നീട് തരംഗം സൃഷ്ടിച്ച ആ എഴുത്തുകള്‍ 'ഗാര്‍ഡിയന്‍' പ്രസിദ്ധീകരിച്ചു. എന്നാല്‍ അതിന് ലഭിച്ച അഭിനന്ദനങ്ങളൊന്നും കേള്‍ക്കാന്‍ ഏലിയറ്റ് കാത്തുനിന്നില്ല.

തനിക്ക് ചെയ്യാനുള്ളത് അതിമനോഹരമായി ചെയ്തുവച്ച ശേഷം അയാള്‍ മരണത്തെ സധൈര്യം ഏറ്റുവാങ്ങി. അസുഖകാലത്ത് തണലായും, എഴുത്തിന് പ്രചോദനമായുമെല്ലാം കൂടെ നിന്ന് അന്നബെല്‍ തന്നെയാണ് സഹേദരന്റെ മരണവിവരം അറിയിച്ചത്. ക്യാന്‍സര്‍ രോഗികളായ യുവാക്കള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയ്ക്ക് വേണ്ടി ഫണ്ട് കണ്ടെത്തുന്നതിനായാണ് ഏലിയറ്റ് തന്റെ എഴുത്ത് ലോകത്തിന് മുമ്പിലേക്ക് തുറന്നുവച്ചത്. 

ഏലിയറ്റിന്റെ സ്മരണാര്‍ത്ഥം ഈ സന്നദ്ധ പ്രവര്‍ത്തനം തുടര്‍ന്നും നടത്താനാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയുമെല്ലാം തീരുമാനം. 

നിങ്ങള്‍ക്ക് രോഗം വരാം, മരിച്ചുപോകാം, അതിലൊന്നും വലിയ പുതുമയില്ല- എന്നാല്‍ ജീവിച്ചിരിക്കുന്ന നിമിഷങ്ങള്‍ നിങ്ങളെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് മാത്രമാണ് പ്രധാനമെന്ന് തന്റെ പ്രിയപ്പെട്ട വായനക്കാരോട് ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ട്, അവരെ ജീവിതത്തോട് പ്രണയമുള്ളവരാക്കി മാറ്റിക്കൊണ്ടാണ് ഏലിയറ്റ് കടന്നുപോയിരിക്കുന്നത്. നിരവധി പേരാണ് ഏലിയറ്റിന്റെ എഴുത്തിന്റെ സ്വാധീനത്തെ കുറിച്ച് ഇപ്പോള്‍ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടിരിക്കുന്നത്. ധീരമായ മാതൃകയാണ് ഈ മുപ്പത്തിയൊന്നുകാരന്‍ തങ്ങള്‍ക്കായി സൃഷ്ടിച്ചതെന്നും അത് നിസാരമായ ഒന്നല്ലെന്നും ഏലിയറ്റിന്റെ പ്രിയ വായനക്കാര്‍ അദ്ദേഹത്തെ വാഴ്ത്തിക്കൊണ്ട് പറയുന്നു.

Also Read:- 'ഞാന്‍ ജയിച്ചേ...'; ക്യാന്‍സറിനെ കീഴടക്കിയ നാലുവയസുകാരി പറയുന്നു...