Asianet News MalayalamAsianet News Malayalam

വേദന സഹിച്ച് മടുത്തു, കൈകള്‍ മുറിച്ചുകളയൂവെന്ന അപേക്ഷയോടെ ഒരു യുവാവ്

ഓരോ തവണ, അസുഖം മൂര്‍ച്ഛിക്കുമ്പോഴും ശസ്ത്രക്രിയ നടത്തും. അങ്ങനെ 2016 വരെ മാത്രം 25 ശസ്ത്രക്രിയ നടത്തി. എന്നിട്ടും ഫലമുണ്ടായില്ല. വീണ്ടും വേദനകള്‍ സമ്മാനിച്ചുകൊണ്ട് അസുഖം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നു

youth wants hands amputated to relieve pain
Author
Dhaka, First Published Jun 24, 2019, 7:01 PM IST

അപൂര്‍വ്വരോഗത്തെ തുടര്‍ന്ന് കൈള്‍ മുറിച്ചുമാറ്റാന്‍ ഡോക്ടര്‍മാരോട് അപേക്ഷിച്ച് ഒരു യുവാവ്. കൈകളിലും കാലുകളിലും പ്രത്യേകതരത്തിലുള്ള വളര്‍ച്ചയുണ്ടാകുന്ന രോഗമാണിത്. കോടിക്കണക്കിന് മനുഷ്യരില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം വരുന്ന ഒരു രോഗം. 

ബംഗ്ലാദേശ് സ്വദേശിയായ അബ്ദുള്‍ ബജന്ദറാണ് രോഗത്തെത്തുടര്‍ന്നുള്ള ദുരിതങ്ങളില്‍ നിന്ന് രക്ഷ തേടാന്‍ കൈകള്‍ മുറിച്ചുകളയൂവെന്ന അപേക്ഷയുമായി ഡോക്ടര്‍മാരെ സമീപിച്ചിരിക്കുന്നത്. ജന്മനാ ഉണ്ടായിരുന്ന രോഗമാണെങ്കിലും വളര്‍ന്ന് വരുംതോറുമാണ് രോഗത്തിന്റെ തീവ്രത വര്‍ധിച്ചത്. 

ഓരോ തവണ, അസുഖം മൂര്‍ച്ഛിക്കുമ്പോഴും ശസ്ത്രക്രിയ നടത്തും. അങ്ങനെ 2016 വരെ മാത്രം 25 ശസ്ത്രക്രിയ നടത്തി. എന്നിട്ടും ഫലമുണ്ടായില്ല. വീണ്ടും വേദനകള്‍ സമ്മാനിച്ചുകൊണ്ട് അസുഖം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നു. 

വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ് ബജന്ദര്‍. ഇനിയും ചികിത്സകളുമായി മുന്നോട്ട് പോകാന്‍ കുടുംബത്തിന് സാമ്പത്തികശേഷിയില്ലെന്നും വേദനകളില്‍ നിന്ന് രക്ഷപ്പെടാന്‍ കൈകള്‍ മുറിച്ചുകളയുക എന്നൊരു മാര്‍ഗമേ തനിക്ക് മുന്നില്‍ അവശേഷിക്കുന്നുള്ളൂവെന്നുമാണ് ബജന്ദര്‍ പറയുന്നത്. 

'എനിക്കീ വേദന ഇനിയും താങ്ങാനുള്ള ശക്തിയില്ല. രാത്രികളില്‍ ഉറക്കം പോലും കിട്ടാറില്ല. ഞാന്‍ തന്നെയാണ് ഡോക്ടര്‍മാരോട് കൈകള്‍ മുറിച്ചുകളയുന്നതിനെ പറ്റി പറഞ്ഞത്..'- ബജന്ദര്‍ പറയുന്നു. 

മകന്റെ ദുരിതം ഇനിയും കണ്ടുനില്‍ക്കാനാവാത്തതിനാല്‍ ബജന്ദറിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുകയാണ് ഉമ്മ ആമിനാ ബീബിയും. എന്നാല്‍ ചെയ്യാന്‍ കഴിയാവുന്നതിന്റെ പരമാവധി തങ്ങള്‍ ചെയ്ത് നോക്കുമെന്നാണ് ബജന്ദറിനെ ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. 

ഇതിനിടെ ബജന്ദറിനുള്ള ചികിത്സാസഹായം നല്‍കാമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതുകൂടി ഉപയോഗപ്പെടുത്തി ചികിത്സ മെച്ചപ്പെടുത്താനാണ് ഡോക്ടര്‍മാര്‍ ആലോചിക്കുന്നത്. എങ്ങനെയും വേദനയില്ലാത്ത ഒരു രാത്രിയെങ്കിലും കഴിച്ചുകൂട്ടണമെന്നാണ് ബജന്ദറിന്റെ ആഗ്രഹം. ഇതിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ഈ യുവാവും കുടുംബവും.

Follow Us:
Download App:
  • android
  • ios