'ദില്ലിയിൽ കോളനികൾ നിയമവിധേയമാക്കി താമസക്കാർക്ക് പൂർണ ഉടമസ്ഥാവകാശം നൽകും'; വമ്പൻ പ്രഖ്യാപനങ്ങളുമായി ബിജെപി
ദില്ലിയിൽ തെരഞ്ഞെടുപ്പ് വാഗ്ദാന പെരുമഴ തോരുന്നില്ല. 1700 അനധികൃത കോളനികൾ നിയമവിധേയമാക്കി വീടുകൾ നിർമ്മിക്കാനും, വിൽക്കാനും വാങ്ങാനുമുള്ള അധികാരം നൽകുമെന്നതാണ് ബിജെപിയുടെ മൂന്നാം പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം.

ദില്ലി: ദില്ലി തെരെഞ്ഞെടുപ്പിൽ മൂന്നാം പ്രകടന പത്രികയുമായി ബിജെപി. ദില്ലിയിലെ കോളനികൾ നിയമവിധേയമാക്കി താമസക്കാർക്ക് പൂർണ ഉടമസ്ഥാവകാശം നൽകുമെന്നതുൾപ്പെടെ വമ്പൻ പ്രഖ്യാപനങ്ങളാണ് അമിത് ഷാ അവതരിപ്പിച്ച മൂന്നാം പത്രികയിലുള്ളത്. അതിനിടെ, ആംആദ്മി പാർട്ടി ബിജെപിയുടെ ബി ടീമാണെന്ന് കോൺഗ്രസ് വിമർശിച്ചു.
ദില്ലിയിൽ തെരഞ്ഞെടുപ്പ് വാഗ്ദാന പെരുമഴ തോരുന്നില്ല. 1700 അനധികൃത കോളനികൾ നിയമവിധേയമാക്കി വീടുകൾ നിർമ്മിക്കാനും, വിൽക്കാനും വാങ്ങാനുമുള്ള അധികാരം നൽകുമെന്നതാണ് ബിജെപിയുടെ മൂന്നാം പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. പാക്കിസ്ഥാനിൽ നിന്നും വന്ന അഭയാർത്ഥികൾക്ക് വീട്, അസംഘടിത തൊഴിലാളികൾക്കും നെയ്ത് - നിർമ്മാണ തൊഴിലാളികൾക്കും ക്ഷേമബോർഡ്, ഇൻഷൂറൻസ്, അരലക്ഷം യുവാക്കൾക്ക് സർക്കാർജോലിയടക്കം 20 ലക്ഷം പേർക്ക് തൊഴിൽ, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് മെട്രോയിൽ സൗജന്യ യാത്രക്കായി വർഷം നാലായിരം രൂപ, മുഴുവന് സമയ ബസ് - മെട്രോ സർവീസ്, ഇ ബസ് സിറ്റി, തോട്ടിപ്പണി നിർമാർജനം, 3 വർഷത്തിനകം യമുനാനദി ശുദ്ധമാക്കും മുതലായവയാണ് വാഗ്ദാനങ്ങൾ. കെജ്രിവാളിനെതിരായ കേസടക്കം ഉയർത്തിക്കാട്ടി രൂക്ഷ വിമർശനം ആവർത്തിച്ച അമിത്ഷാ നിലവിലുള്ള ക്ഷേമപദ്ധതികളെല്ലാം തുടരുമെന്ന് ഓർമ്മപ്പെടുത്തി.
അതേസമയം, തന്നെ അധിക്ഷേപിച്ചതുകൊണ്ട് ദില്ലിക്ക് ഒരു ഗുണവും ലഭിക്കില്ലെന്ന് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. എഎപി നടപ്പാക്കിയ പദ്ധതികൾ ആവർത്തിക്കുന്നതല്ലാതെ ബിജെപിക്ക് യാതൊരു കാഴ്ചപ്പാടുമില്ലെന്നും, ബിജെപി തെരഞ്ഞെടുപ്പിൽ കീഴടങ്ങിയെന്നും കെജ്രിവാൾ പറഞ്ഞു. അതേസമയം വോട്ടെടുപ്പിന് പത്ത് ദിവസം മാത്രം ബാക്കി നിൽക്കേ എഎപിക്കെതിരെ വിമർശനം കടുപ്പിക്കുകയാണ് കോൺഗ്രസ്. എഎപി ബിജെപിയുടെ ബിടീമാണെന്നാണ് ജയറാം രമേശിന്റെ വിമർശനം. അണ്ണാ ഹസാരയുടെ നേതൃത്ത്വത്തിൽ 2011 ൽ നടന്ന സമരത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നും ജയറാം രമേശ് ആരോപിച്ചു.
https://www.youtube.com/watch?v=Ko18SgceYX8