ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. ഭദ്രാചലം സന്ദർശിച്ച് മടങ്ങുകയായിരുന്ന ബസ്, ഘട്ട് റോഡിലെ കുത്തനെയുള്ള വളവിൽ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. 

വിജയവാഡ: ആന്ധ്രപ്രദേശിൽ തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേർ മരിഞ്ഞു. അല്ലൂരി സീതാരാമ രാജു ജില്ലയിലെ ചിന്തുരു-മരേഡുമില്ലി ഘട്ട് റോഡിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രിയിൽ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. രക്ഷാ പ്രവർത്തനം തുടരുകയാണ്. ഭദ്രാചലം സന്ദർശിച്ച ശേഷം അന്നവാരത്തേക്ക് പോകുകയായിരുന്നു ബസ്. രണ്ട് ഡ്രൈവർമാർ ഉൾപ്പെടെ 37 പേർ ബസിലുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡ്രൈവർക്ക് ഒരു കുത്തനെയുള്ള വളവ് മറികടക്കാൻ കഴിയാതെ സുരക്ഷാ ഭിത്തിയിൽ ഇടിച്ചതാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. 

സംഭവം നടന്ന സ്ഥലം കുന്നിൻ മുകളിലായതിനാൽ മൊബൈൽ നെറ്റ്‌വർക്ക് കവറേജ് ലഭ്യമല്ലാത്തതിനാൽ, വിവരം മോതുഗുണ്ട ഉദ്യോഗസ്ഥരിൽ എത്താൻ വൈകി. പരിക്കേറ്റവരെ ചിന്തൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ 9 മൃതദേഹങ്ങൾ കണ്ടെടുത്തു, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. ജില്ലാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.