വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഗുരുതരമായ കേസുകളാണ് ദിവാകറിന്റെ കോടതിയിൽ നിന്ന് മാറ്റിയിരിക്കുന്നത്. 100ഓളം കേസുകളാണ് നിലവിൽ മാറ്റിയിട്ടുള്ളത്
മുസഫർനഗർ: നാല് മാസത്തിനിടെ വധശിക്ഷയ്ക്ക് വിധിച്ചത് 22 പ്രതികൾക്ക്. പിന്നാലെ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജിയുടെ കോടതിയിൽ നിന്ന് മാറ്റിയത് 100ഓളം കൊലപാതക കേസുകൾ. ഉത്തർ പ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. മുസാഫർനഗറിലെ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് രവികുമാർ ദിവാകറിന്റെ കോടതിയിൽ നിന്നാണ് വലിയ രീതിയിൽ കേസുകൾ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. തുടർച്ചയായി നൽകിയ കടുത്ത ശിക്ഷകൾ അഭിഭാഷകർക്കും കക്ഷികൾക്കും ഇടയിൽ ആശങ്കയ്ക്ക് കാരണമായതിന് പിന്നാലെയാണ് നീക്കം. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഗുരുതരമായ കേസുകളാണ് ദിവാകറിന്റെ കോടതിയിൽ നിന്ന് മാറ്റിയിരിക്കുന്നത്. ഒരു അഭിഭാഷകൻ, ഹോം ഗാർഡ്, കർഷകൻ എന്നിവരുടെ കൊലപാതകങ്ങളും ഹൈവേ കൊള്ളയുമായി ബന്ധപ്പെട്ട കേസുകളും ഉൾപ്പെടെയുള്ള പ്രമുഖ വിചാരണകളും മാറ്റപ്പെട്ടവയിൽ ഉൾപ്പെടും. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ തുടർച്ചയായിട്ടാണ് രവികുമാർ ദിവാകർ വധശിക്ഷ വിധിച്ചു കൊണ്ടിരുന്നത്.
ഏപ്രിൽ 6ന് അഭിഭാഷകനായ സമീർ സൈഫിയുടെ കൊലപാതകക്കേസിൽ മൂന്ന് പേർക്കും, ഏപ്രിൽ 28ന് മറ്റൊരു കേസിലെ നാല് പേർക്കും കോടതി വധശിക്ഷ വിധിച്ചു. അതിനുശേഷം ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നിരവധി കേസുകളിൽ വധശിക്ഷ പ്രഖ്യാപിക്കപ്പെടുകയുണ്ടായി. എന്നാൽ, വിചാരണക്കോടതികൾ നൽകുന്ന ഇത്തരം വധശിക്ഷകൾ ഹൈക്കോടതിയുടെ സ്ഥിരീകരണത്തിന് വിധേയമായി മാത്രമേ നടപ്പിലാക്കാൻ സാധിക്കൂ. ഇന്ത്യയിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ മാത്രം നൽകേണ്ട മരണശിക്ഷ ഇത്രയും വേഗത്തിലും തുടർച്ചയായും നൽകുന്നത് നിയമവൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. മുമ്പ് വാരണാസിയിൽ സിവിൽ ജഡ്ജിയായി സേവനമനുഷ്ഠിക്കവെ, ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ വീഡിയോഗ്രാഫി സർവേ നടത്താൻ ഉത്തരവിട്ടതിലൂടെയാണ് ജഡ്ജ് രവികുമാർ ദിവാകർ രാജ്യശ്രദ്ധ നേടുന്നത്.
അതിനുശേഷം തനിക്ക് വധഭീഷണികളും ഭീഷണി സന്ദേശങ്ങളും ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പിന്നീട് ബറേലിയിലെ കോടതിയിൽ പ്രവർത്തിക്കുമ്പോഴും അദ്ദേഹത്തിന്റെ ചില പരാമർശങ്ങൾ വിവാദത്തിലാവുകയും അലഹബാദ് ഹൈക്കോടതി അവ നീക്കം ചെയ്യുകയും ചെയ്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനെ തന്നോട് ചോദിക്കാതെ മാറ്റിയെന്നാരോപിച്ച് അദ്ദേഹം സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചതും വലിയ വാർത്തയായിരുന്നു. 2025 നവംബർ മുതൽ മുസഫർനഗർ കോടതിയിലാണ് രവികുമാർ ദിവാകറുള്ളത്. 1980 ജൂലൈയിൽ ജനിച്ച രവികുമാർ ദിവാകർ 2009ലാണ് ആദ്യമായി ജഡ്ജ് പദവിയിലേക്ക് എത്തിയത്. സുൽത്താൻപൂർ, ബധൌൻ, വാരണാസി, ബറേലി അടക്കമുള്ള കോടതിയിൽ ജഡ്ജായി രവികുമാർ ദിവാകർ സേവനം ചെയ്തിട്ടുണ്ട്.


