ഭുവനേശ്വര്‍: കൊവിഡ് 19 ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതോടെ കേരളത്തില്‍ നിന്ന് പ്രത്യേക ട്രെയിനില്‍ ഒഡീഷയിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികള്‍ നാട്ടിലെത്തി. ഇന്ന് രാവിലെ ഗഞ്ചം ജില്ലയിലെ ജഗനാഥ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയവരെ ജില്ലാ ഭരണകൂടം സ്വീകരിച്ചു. ശനിയാഴ്‍ച വൈകിട്ട് ആലുവയില്‍ നിന്നാണ് ഇവരുമായി ട്രെയിന്‍ ഒഡീഷയിലേക്ക് യാത്രതിരിച്ചത്. 

കേരളത്തില്‍ നിന്ന് 1,150 അതിഥിതൊഴിലാളികളുമായി യാത്രതിരിച്ച പ്രത്യേക ടെയിനിന്‍റെ ആദ്യ സ്റ്റോപ്പായിരുന്നു ജഗനാഥ്പൂര്‍. ദക്ഷിണ ഒഡീഷ ജില്ലകളില്‍ നിന്നുള്ള 511 അതിഥി തൊഴിലാളികളാണ് ഇവിടെ ഇറങ്ങിയത്. ഇവരില്‍ 382 പേര്‍ കന്ദമാലില്‍ നിന്നുള്ളവരാണ്. 130 പേര്‍ ഗഞ്ചമില്‍ നിന്നും 17 പേര്‍ റായ്ഗഡ ജില്ലയില്‍ നിന്നുള്ളവരും. എറണാകുളം ജില്ലയിലെ ആലുവ, പെരുമ്പാവൂര്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. 

കനത്ത സുരക്ഷയാണ് റെയില്‍വേ സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയിരുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അവരവരുടെ ജില്ലകളിലേക്കും പഞ്ചായത്തുകളിലേക്കു പോകുന്നതിന് ബസ് ഏര്‍പ്പെടുത്തിയിരുന്നു. താപനില അളന്ന ശേഷം സാമൂഹിക അകലം ഉറപ്പുവരുത്തിയാണ് ബസുകളിലേക്ക് എല്ലാവരെയും പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് 14 ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേരുള്ള കന്ദമാല്‍ ജില്ലയിലേക്ക് 14 ബസുകളാണ് ഏര്‍പ്പെടുത്തിയിരുന്നത്. 

അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ ശേഷമാണ് അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ ആരംഭിച്ചത്. രാജ്യത്ത് ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിനുകളില്‍ രണ്ടാം വണ്ടിയായിരുന്നു ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്ക് പുറപ്പെട്ടത്. 

ശനിയാഴ്‍ച രാത്രിയോടെയാണ് അതിഥി തൊഴിലാളികളുമായി ഭുവനേശ്വറിലേക്ക് ആലുവയില്‍ നിന്ന് ട്രെയിന്‍ തിരിച്ചത്. ക്യാമ്പുകളില്‍ അതിഥി തൊഴിലാളികളുടെ ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് ഇവരെ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ചത്. ഏഴുമണിയോടെ ട്രെയിന്‍ പുറപ്പെടുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ അതിഥി തൊഴിലാളികളെ ബസുകളിലായി ആലുവയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നതില്‍ യാത്ര വൈകി. 

Read more: അതിഥി തൊഴിലാളികൾക്കായുള്ള ആദ്യ ട്രെയിൻ ആലുവയിൽ നിന്ന് പുറപ്പെട്ടു; ശനിയാഴ്ച രണ്ട് ട്രെയിനുകൾ