ജ്യോതി നഗറിലെ മൗലാ ബക്ഷ് പള്ളിക്ക് സമീപം ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ആരോപണവിധേയമായ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ദില്ലി: കാവിക്കൊടിയെ അപമാനിച്ചെന്ന പേരിൽ 18കാരനെ അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്. വടക്കു കിഴക്കൻ ദില്ലിയിലാന് സംഭവം. 18കാരനായ ഫൈസ് ആലമാണ് അറസ്റ്റിലായത്. പള്ളിക്ക് സമീപം സ്ഥാപിച്ചിരുന്ന കൊടിയെ ഇയാൾ അപമാനിച്ചെന്നാണ് കേസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിച്ചിരുന്നു. ജ്യോതി നഗറിലെ മൗലാ ബക്ഷ് പള്ളിക്ക് സമീപം ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ആരോപണവിധേയമായ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ബുധനാഴ്‌ച പുലർച്ചെ 5.35 ഓടെ രണ്ട് സുഹൃത്തുക്കളോടൊപ്പം നമസ്‌കാരത്തിന് ശേഷം തിരിച്ചുവന്നപ്പോഴാണ് പള്ളിക്ക് സമീപത്തെ കാവിക്കൊടിയെ അപമാനിക്കുന്ന വീഡിയോ ചിത്രീകരിച്ചതെന്ന് 18കാരൻ പറഞ്ഞതായി പൊലീസ് പറഞ്ഞു. മതസ്പർധ വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ പ്രധാന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ വീഡിയോ വൈറലായിരുന്നു. തുടർന്നാണ് പൊലീസ് നടപടിയെടുത്തത്.
ചാർമിനാറിന് സമീപം രാമനവമി ആഘോഷത്തിനിടെ സംഘർഷം; വീഡിയോ പ്രചരിച്ചു, കേസെടുത്ത് പൊലീസ്
അതേസമയം, ഹൈദരാബാദിൽ ചാർമിനാറിന് സമീപം രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. റമദാൻ പ്രാർത്ഥനകൾ നടക്കുന്നതിനിടെ ഒരു വിഭാഗം പ്രകോപന മുദ്രാവാക്യം വിളിച്ചതാണ് അക്രമത്തിൽ കലാശിച്ചത്. സംഘർഷത്തിൻ്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേസമയം, രാമനവമി ആഘോഷങ്ങൾക്കിടെ രാജ്യത്ത് വിവിധയിടങ്ങളിലായി അക്രമസംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തു.
ഹൗറയിൽ രണ്ട് വിഭാഗങ്ങൾ ഏറ്റുമുട്ടി. മഹാരാഷ്ട്രയിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. തെലങ്കാനയിൽ കേരളത്തിനെതിരായ എംഎൽഎയുടെ പ്രസംഗവും വിവാദമായി. രാമനവമി ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്ര ഹൗറയിലൂടെ കടന്നുപോയതിന് പിന്നാലെയാണ് ബംഗാളിൽ സംഘർഷം തുടങ്ങിയത്. മുമ്പ് സംഘർഷമുണ്ടായ മേഖലയിൽ ഗതാഗതം നിരോധിച്ചിരുന്നു. ഇത് പുനസ്ഥാപിച്ചതിന് പിന്നാലെയാണ് വീണ്ടും സംഘർഷമുണ്ടായത്.
