ഏകദേശം 20 മാസം മാത്രം പ്രായമുള്ള ചീറ്റ കുഞ്ഞിനെ കഴിഞ്ഞ ദിവസം മാത്രമാണ് കുനോ ദേശീയോദ്യാനത്തിലെ വനത്തിലേക്ക് തുറന്നുവിട്ടത്. വനത്തിൽ നിന്നും വഴിതെറ്റി പുറത്തെത്തുകയായിരുന്നു.
ദില്ലി : കുനോ ദേശീയോദ്യാനത്തിൽ നിന്ന് പുറത്തുവന്ന ആൺ ചീറ്റക്കുഞ്ഞ് വാഹനമിടിച്ച് ചത്തു. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ദേശീയപാതയിൽ വെച്ച് വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ആഗ്ര-മുംബൈ ദേശീയപാതയിൽ ഘാട്ടിഗാവ് ഏരിയയിലാണ് അപകടമുണ്ടായത്. ഗ്വാളിയോർ നഗരത്തിൽ നിന്ന് 35 മുതൽ 40 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. ഏകദേശം 20 മാസം മാത്രം പ്രായമുള്ള ചീറ്റക്കുഞ്ഞിനെ കഴിഞ്ഞ ദിവസം മാത്രമാണ് കുനോ ദേശീയോദ്യാനത്തിലെ വനത്തിലേക്ക് തുറന്നുവിട്ടത്. രണ്ട് ചീറ്റക്കുഞ്ഞുങ്ങളെ തുറന്നുവിട്ടരുന്നു. ഇതിലൊന്നാണ് ചത്തത്. വനത്തിൽ നിന്നും വഴിതെറ്റി പുറത്തെത്തുകയായിരുന്നു. ചീറ്റയെ ഇടിച്ച വാഹനം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇടിച്ചെന്ന് സംശയിക്കുന്ന കാറിനെക്കുറിച്ച് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അന്വേഷണ സംഘത്തിലെ ഒരംഗം അറിയിച്ചു.
മറ്റൊരു ചീറ്റക്കുഞ്ഞ് കൂടി ഇതേ അമ്മയിൽ നിന്ന് വേർപെട്ട് ഈ പ്രദേശത്ത് ഉണ്ടായിരിക്കാൻ സാധ്യതയുള്ളതിനാൽ, കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ ഹൈവേയിലെ ഗതാഗതം കുറയ്ക്കുകയും വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ടെന്നും ഐ.ജി. സക്സേന കൂട്ടിച്ചേർത്തു. നേരത്തെ ഈ രണ്ട് ആൺ ചീറ്റക്കുഞ്ഞുങ്ങളെയും ഒരുമിച്ച് കണ്ടിരുന്നു.


