അടുത്ത വര്‍ഷം രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ ജനപ്രിയതയുടെ കാര്യത്തിലും സംഘടനാ കെട്ടുറപ്പിലും ഫലപ്രദമായ രാഷ്ട്രീയ നയരൂപീകരണങ്ങളിലും  പ്രതിപക്ഷത്തെ അപേക്ഷിച്ച് വ്യക്തമായ മേല്‍ക്കൈ നേടിയിരിക്കുകയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെന്ന് കാനെഗി എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ്, സീനിയര്‍ ഫെല്ലോ മിലന്‍ വൈഷ്‍ണവ് വിലയിരുത്തുന്നു.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രിയ മുഖവും ശക്തമായ സംഘടനാ സംവിധാനവും ഏറെ മുന്നോട്ടുപോയ തന്ത്രങ്ങളും കൂട്ടിച്ചേര്‍ത്ത് നിലവില്‍ വ്യക്തമായ മേല്‍ക്കൈ നേടിയിട്ടുണ്ടെന്ന് കാനെഗി എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസില സൗത്ത് ഏഷ്യ പ്രോഗ്രാം ഡയറക്ടറും സീനിയര്‍ ഫെല്ലോയുമായ മിലാന്‍ വൈഷ്ണവ് വിശദീകരിക്കുന്നു. അതേസമയം അടുത്തിടെ കഴിഞ്ഞ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തന്നെ വേണ്ടത്ര ആശ്വാസം കണ്ടെത്താന്‍ സാധിക്കാത്ത പ്രതിപക്ഷം പുനഃസംഘടനയ്ക്ക് നിര്‍ബന്ധിതമാവുകയും നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന വെല്ലുവിളിയെ നേരിടുന്ന കാര്യത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. കുടുംബവാഴ്ചയുടെ പേരില്‍ പഴികേട്ടിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗാന്ധിപ്പേരില്ലാത്ത ഒരു നേതാവിനെ കൊണ്ടുവരേണ്ടി വരുന്ന സാഹചര്യവുമുണ്ടായി. 

വ്യത്യസ്ഥ പാര്‍ട്ടികള്‍ അണിനിരക്കുന്ന പ്രതിപക്ഷ മുന്നണിക്ക് പ്രതീക്ഷനല്‍കുന്നതും പ്രായോഗികമായതുമായ ഒരു രാഷ്ട്രീയ ലക്ഷ്യം കൈവരിക്കാനാവുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. ഒപ്പം സമയമാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ബിജെപിയെ നേരിടുന്നത് പ്രതിപക്ഷത്തിന് മുന്നിലെ വലിയ വെല്ലുവിളിയായി മാറുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏറെ നിര്‍ണായകമെന്ന് കണക്കാക്കപ്പെട്ടിരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുടരുന്ന ജപ്രിയത കാരണമായിത്തന്നെ ബിജെപി ശക്തമായ നില ഉറപ്പാക്കിയിട്ടുണ്ടെന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞതായും അദ്ദേഹം പറയുന്നു.

ആഗോള രാഷ്ട്രീയ നേതാക്കളെ വിലയിരുത്തുന്ന പ്ലാറ്റ്ഫോമായ മോണിങ് കണ്‍സള്‍ട്ടിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നവംബര്‍ അവസാനം നടത്തിയ സര്‍വേയില്‍ 78 ശതമാനം ഇന്ത്യക്കാര്‍ നരേന്ദ്രമോദിയുടെ പ്രകടനം ശരിവെയ്ക്കുന്നവരാണ്. ആകെ ജന പിന്തുണ അറുപത് ശതമാനത്തിനും മുകളിലാണെന്നും കാണാം. 2019 ഓഗസ്റ്റ് മുതല്‍ ഈ പൊതുജന അംഗീകാരം തുടര്‍ച്ചയായി മോദിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നതും കാണേണ്ടാണ്. സംസ്ഥാന തെര‌ഞ്ഞെടുപ്പുകളുടെ ഫലം വിലയിരുത്തുമ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സംഖ്യം അടുത്ത വര്‍ഷം ലോക്സഭയിലും ഭൂരിപക്ഷം ഉറപ്പാക്കിയേക്കും. എന്നാല്‍ സീറ്റുകള്‍ ചിലപ്പോള്‍ 2019ല്‍ ലഭിച്ചിരുന്നതിനേക്കാള്‍ കുറവായിരിക്കുമെന്ന് മാത്രം.

തെരഞ്ഞെടുപ്പിലേക്കുള്ള യാത്രയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന അഞ്ച് കാര്യങ്ങളിലേക്കാണ് ഇപ്പോൾ അദ്ദേഹം ശ്രദ്ധ ക്ഷണിക്കുന്നത്. പ്രവചനാതീതമായ സംസ്ഥാന തെരഞ്ഞെടുപ്പ് അവലോകനങ്ങള്‍, പ്രതിപക്ഷ നീക്കങ്ങളുടെ സങ്കീര്‍ണതകള്‍, പിന്നോക്ക വിഭാഗങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ കാണിക്കുന്ന മത്സരം, ക്ഷേമപദ്ധതികളിലെ മത്സരം, വിദേശനയത്തിന് കൈവരുന്ന വര്‍ദ്ധിച്ച പ്രാധാന്യം എന്നിവയാണ് അവ.

സംസ്ഥാന - ദേശീയ തെരഞ്ഞെടുപ്പുകള്‍
അടുത്തിടെ ബിജെപിക്ക് സന്തോഷത്തിന് വകനല്‍കിയ സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങളെ സൂക്ഷ്മതയോടെ സമീപിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ചരിത്രപരമായിത്തന്നെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പുകളും തമ്മിലൊരു ബന്ധം നിലനിന്നിരുന്നുവെങ്കിലും അടുത്തിടെയായി അത് തീരെ ദുര്‍ബലമായെന്ന് വേണം കരുതാന്‍. ഉദാഹരണമായി 2018ലെ ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മിന്നും വിജയം, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. എന്നാല്‍ മോദി പ്രഭാവത്താല്‍ സംസ്ഥാന - ദേശീയ തെരഞ്ഞെടുപ്പുകളിലെ സാമ്യത ചിലപ്പോള്‍ ഇക്കുറി ബലപ്പെട്ടേക്കാനും സാധ്യതയുണ്ട്.

പലതട്ടിലായ പ്രതിപക്ഷം
പ്രതിപക്ഷത്തെ അനൈക്യം 2014ലും പിന്നീട് 2019ലും ബിജെപിക്ക് ഗുണം ചെയ്തപ്പോള്‍ ഈ പ്രശ്നങ്ങള്‍ പരിഹരിച്ച് പ്രതിപക്ഷത്തെ ഏകീകരിക്കുകയെന്നത് നിരന്തരം ഉയരുന്ന ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇതിനെ നേരിടാനാണ് രണ്ട് ഡസനിലധികം പാര്‍ട്ടികള്‍ ചേര്‍ന്ന് ഇന്ത്യ മുന്നണിയുണ്ടാക്കിയത്. ബിജെപിക്ക് എതിരായി ഐക്യപ്പെടുകയെന്നതാണ് ഈ മുന്നണിയുടെ ലക്ഷ്യമെങ്കിലും ഒരു പൊതു പ്ലാറ്റ്ഫോം ഇല്ലാത്തതും വ്യക്തമായ ഒരു നേതാവില്ലാത്തതും സീറ്റ് പങ്കുവെയ്ക്കല്‍ കാര്യങ്ങളിലെ സങ്കീര്‍ണതകളും ഈ മുന്നണിക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്.

പിന്നോക്ക വിഭാഗങ്ങളോടുള്ള താത്പര്യം
പിന്നോക്ക വിഭാഗങ്ങളോട് കാണിക്കുന്ന കൂറും താത്പര്യവും മറ്റൊരു പ്രധാന വിഷയമാണ്. ഒബിസി വോട്ടര്‍മാരെ ആകര്‍ഷിക്കുകയെന്നത് തെരഞ്ഞെടുപ്പ് വിജയത്തില്‍ ഒഴിവാക്കാനാകാത്ത നയവുമാണ്. അതേസമയം മണ്ഡല്‍ പാര്‍ട്ടികള്‍ ഇതില്‍ കൂടുതല്‍ സമ്മര്‍ദങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ജാതി സെന്‍സസും സര്‍ക്കാര്‍ ജോലികളിലെ ആനുപാതിക സംവരണവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇതിന്റെ ഭാഗമായി വരികയും ചെയ്യുന്നു

ക്ഷേമപദ്ധതികളിലെ മത്സരം
ജനക്ഷേമ പദ്ധതികളിലെ മത്സരം വോട്ടിങ് രീതികളില്‍ മാറ്റം വരുത്തുന്നുണ്ട്. പൊതുവിതരണത്തിലെ നിക്ഷേപവും ആനുകൂല്യങ്ങളുടെ നേരിട്ടുള്ള വിതരണവും വോട്ടര്‍മാരെ സ്വാധീനിച്ചു. ഇത് 2019ല്‍ തന്നെ വ്യക്തമായിട്ടുള്ളതുമാണ്. അടുത്തിടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും സാമ്പത്തിക ആനുകൂല്യങ്ങള്‍ സംബന്ധിച്ചുള്ള വാഗ്ദാനങ്ങള്‍ നിറഞ്ഞുനിന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുകയുമാണ്.

വിദേശനയത്തിന്റെ പ്രാധാന്യം
വിദേശനയം വലിയ പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന ഒരു വിഷമായി മാറി. നേരത്തെ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗം മാത്രം ശ്രദ്ധിക്കുന്ന കാര്യമായിരുന്നു ഇതെങ്കില്‍ പൊതുജനങ്ങളെ ബാധിക്കുന്ന വിഷയം പോലെയാക്കി വിദേശകാര്യ നയത്തെയും മാറ്റിയത് മോദി സര്‍ക്കാറാണ്. 2019ലെ പുല്‍വാമ ആക്രമണവും അതിന് ശേഷം പാകിസ്ഥാനില്‍ നടന്ന മിന്നലാക്രമണവും പോലുള്ള കാര്യങ്ങള്‍ പ്രത്യേകിച്ചും. ഇന്ത്യയുടെ ആഗോള ഇമേജ് മോദി വര്‍ദ്ധിപ്പിച്ചു എന്നൊരു ധാരണ പരക്കെ ഉണ്ടാവുകയും ചെയ്തു. ജി20 അദ്ധ്യക്ഷസ്ഥാനം പോലുള്ളവ വഴി ഇത് സര്‍ക്കാര്‍ വലിയതോതില്‍ ഉയര്‍ത്തിക്കാട്ടാന്‍ പരിശ്രമിക്കുകയും ചെയ്തു. ഇതും രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്.

ചുരുക്കത്തില്‍ 2024ലെ ലോക്സസഭാ തെര‍ഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ബിജെപിക്ക് കാര്യമായ മേല്‍ക്കൈയുണ്ടെന്ന് തന്നെയാണ് മിലാന്‍ അഭിപ്രായപ്പെടുന്നത്. അടുത്തിടെ കഴിഞ്ഞ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തന്നെ വേണ്ടത്ര ആശ്വാസം കണ്ടെത്താന്‍ സാധിക്കാത്ത പ്രതിപക്ഷം പുനഃസംഘടനയ്ക്ക് നിര്‍ബന്ധിതമാവുകയും നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന വെല്ലുവിളിയെ നേരിടുന്ന കാര്യത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. കുടുംബവാഴ്ചയുടെ പേരില്‍ പഴികേട്ടിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗാന്ധിപ്പേരില്ലാത്ത ഒരു നേതാവിനെ കൊണ്ടുവരേണ്ടി വരികയും ചെയ്തു. വ്യത്യസ്ഥ പാര്‍ട്ടികള്‍ അണിനിരക്കുന്ന പ്രതിപക്ഷ മുന്നണിക്ക് പ്രതീക്ഷനല്‍കുന്നതും പ്രായോഗികമായതുമായ ഒരു രാഷ്ട്രീയ ലക്ഷ്യം കൈവരിക്കാനാവുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. അതിന് വേണ്ടിവരുന്ന സമയമാണ് അവര്‍ക്ക് മുന്നിലെ മറ്റൊരു വെല്ലുവിളി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...