ഭോപ്പാല്‍: വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ ബെംഗളുരുവിന് പുറത്തെത്തിച്ചാല്‍ അവരുടെ സുരക്ഷ ഉറപ്പാക്കാമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്.  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇത് വ്യക്തമാക്കി കമല്‍ നാഥ് കത്ത് നല്‍കി. 22 മധ്യപ്രദേശ് എംഎല്‍എമാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കമല്‍നാഥ് കത്ത് കൈമാറിയത്. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെയാണ് ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെ 22 എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ചത്. 

മധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; ജ്യോതിരാദിത്യ സിന്ധ്യക്ക് നേരെ ആക്രമണം

ഇവരില്‍ 19 എംഎല്‍എമാര്‍ ബെംഗളുരുവിലാണ് ക്യാംപ് ചെയ്തിരിക്കുന്നത്. എംഎല്‍എമാര്‍ക്ക് സിആര്‍പിഎഫ് സുരക്ഷ നല്‍കണമെന്നാണ് കമല്‍നാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഇവര്‍ രാജി പ്രഖ്യാപിച്ചത്. സുരക്ഷ വേണമെന്ന് ഇവര്‍ മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടനോട് ആവശ്യപ്പെട്ടിരുന്നു. ഭോപ്പാലിലേക്ക് എത്താനാവാത്തത് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നായിരുന്നു എംഎല്‍എമാര്‍ ഗവര്‍ണറെ അറിയിച്ചത്. 

വ്യാജരേഖ ചമയ്ക്കല്‍; ജ്യോതിരാദിത്യ സിന്ധ്യയുടെ പഴയ കേസില്‍ വീണ്ടും അന്വേഷണം

എന്നാല്‍ എംഎല്‍എമാര്‍ക്ക് സുരക്ഷ ആവശ്യപ്പെടേണ്ടത് തന്‍റെ കടമയാണെന്നാണ് കമല്‍നാഥ് വ്യക്തമാക്കുന്നത്. ബെംഗളുരുവിന് പുറത്ത് എത്തിച്ചാല്‍ ഇവര്‍ക്ക് നിയമസഭാ സ്പീക്കറെ കാണാനുള്ള മുഴുവന്‍ സുരക്ഷയും നല്‍കാന്‍ തയ്യാറാണെന്ന് കമല്‍നാഥ് അമിത് ഷായ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു. സംസ്ഥാനത്തെ രാഷ്ട്രീയാവസ്ഥയ്ക്ക് കാരണം ബിജെപിയാണെന്നും കമല്‍നാഥ് കത്തില്‍ വിശദമാക്കുന്നു. ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് എംഎല്‍എമാര്‍ മധ്യപ്രദേശിലേക്ക് മടങ്ങി വരാന്‍ സുരക്ഷാ പ്രശ്നം കാരണമായി കാണിച്ചിരുന്നു.

മധ്യപ്രദേശ്:വിശ്വാസവോട്ടെടുപ്പ് ഉടന്‍ നടത്തണമെന്ന് ബിജെപി; രാജിവച്ച എംഎല്‍എമാര്‍ ഹാജരാകണമെന്ന് സ്പീക്കര്‍