ഇൻഡോറിൽ 25 ഓളം ട്രാൻസ്ജെൻഡറുകൾ ഒരുമിച്ച് വിഷം കഴിച്ചുവെന്ന അവകാശവാദവുമായി സർക്കാർ ആശുപത്രിയിൽ പ്രവേശിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നും, സംഭവത്തിന് പിന്നിൽ രണ്ട് പ്രാദേശിക ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കമാകാമെന്നും പൊലീസിന്റെ സംശയം. 

ഇൻഡോർ: ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുന്ന 25 ഓളം പേർ ഒരുമിച്ച് വിഷം കഴിച്ചുവെന്ന് അവകാശപ്പെട്ടുവെന്നും ഇവരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആശുപത്രി അധികൃതർ. ബുധനാഴ്ച അർദ്ധ രാത്രിയോടെയാണ് സംഭവം. കൂട്ടത്തോടെ ഇവർ ആശുപത്രിയിൽ എത്തുകയായിരുന്നു. അതേ സമയം ഫിനൈൽ ആണ് കഴിച്ചതെന്ന് ഇവർ ആശുപത്രിയിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ ഫിനൈൽ തന്നെയാണോ കഴിച്ചിട്ടുള്ളതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും, ഇത് ഉടനെ സ്ഥിരീകരിക്കാൻ കഴിയില്ലെന്നും രോഗികളിൽ ആരുടെയും നില ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

25 ഓളം പേർ വരുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുന്ന ഇവർ എന്തിനാണ് ഇങ്ങനെ ചെയ്യാൻ കാരണമെന്ന് വ്യക്തമല്ല. പൊലീസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തി വരികയാണ്. ഇവർ ഏത് പദാർത്ഥമാണ് കഴിച്ചതെന്നും എന്തുകൊണ്ടാണെന്നും അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂവെന്നും പൊലീസും പറഞ്ഞു. അതേ സമയം, ട്രാൻസ്‌ജെൻഡർ സമൂഹത്തിലെ രണ്ട് പ്രാദേശിക ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കവും ഈ സംഭവവും ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.