ഹൈദരാബാദിലെ സ്റ്റേഡിയത്തിൽ ബാഡ്‌മിൻ്റൺ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു
ഹൈദരാബാദ്: ഹൈദരാബാദിൽ ബാഡ്‌മിൻ്റൺ കളിക്കിടെ ഹൃദയാഘാതമുണ്ടായി 25കാരൻ മരിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും കമ്മം ജില്ലയിലെ തല്ലഡയിൽ മുൻ ഡപ്യൂട്ടി സർപഞ്ച് ഗുണ്ട്‌ല വെങ്കിടേശ്വരലുവിൻ്റെ മകനുമായ ഗുണ്ട്‌ല രാകേഷാണ് മരിച്ചത്.
ഹൈദരാബാദിലെ നാഗോൽ സ്റ്റേഡിയത്തിൽ ബാഡ്‌മിൻ്റൺ കളിച്ചുകൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഡബിൾസ് മത്സരത്തിനിടെ തറയിൽ വീണ ഷട്ടിൽകോക്ക് എടുക്കാൻ കുനിഞ്ഞ രാകേഷ് അവിടെ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന കളിക്കാർ ഉടനെ രാകേഷിനടുത്തേക്ക് ഓടിയെത്തി. ഇവർ സിപിആർ നൽകാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തുമ്പോഴേക്കും യുവാവ് മരിച്ചിരുന്നു. സ്റ്റേഡിയത്തിനകത്ത് നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജിമ്മിലും കളിസ്ഥലങ്ങളിലും യുവാക്കൾ ഹൃദയാഘാതമുണ്ടായി മരിക്കുന്ന സംഭവങ്ങളിൽ അവസാനത്തേതാണിത്. ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം അടക്കം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് രാകേഷിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.



