ചിത്രദുർഗ സ്വദേശിയായ 25കാരൻ വസിം ഷെയ്ഖ്, തന്‍റെ ഉറ്റ കൂട്ടുകാരികളായ ഷിഫ ഷെയ്ഖിനെയും ജന്നത്ത് മഖന്ദാറിനെയും ഒരേ വേദിയിൽ വിവാഹം ചെയ്തു. വർഷങ്ങളായുള്ള സൗഹൃദം പ്രണയമായി മാറിയതോടെയാണ് മൂവരും കുടുംബങ്ങളുടെ സമ്മതത്തോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്.
ചിത്രദുർഗ: തന്‍റെ ഉറ്റ കൂട്ടുകാരികളെ ഒരേ വേദിയിൽ വിവാഹം ചെയ്ത് 25കാരൻ. കർണാടകയിലെ ചിത്രദുർഗ സ്വദേശിയായ വസിം ഷെയ്ഖിന്‍റെ (25) വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്. ഒക്ടോബർ 16ന് ഹോരപ്പേട്ടിലെ എം കെ പാലസിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് വസിം, ഷിഫ ഷെയ്ഖിനെയും ജന്നത്ത് മഖന്ദാറിനെയും വിവാഹം ചെയ്തത്. മൂന്ന് പേരുടെയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
വിവാഹ ചടങ്ങിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വസിം രണ്ട് വധുമാർക്കുമൊപ്പം നിൽക്കുന്നതും, സമാനമായ വസ്ത്രങ്ങൾ ധരിച്ച വധുമാരുടെ കൈകൾ ചേർത്തുപിടിച്ച് ചടങ്ങുകളിൽ പങ്കെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സന്തോഷത്തോടെ ചിത്രങ്ങൾ എടുക്കുന്നതും ആഘോഷിക്കുന്നതും വീഡിയോയിലുണ്ട്. മൂന്ന് പേരുടെയും കുടുംബങ്ങളുടെ പൂർണ്ണ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നാണ് റിപ്പോർട്ട്.
സൗഹൃദം പ്രണയമായി, ഒരുമിച്ചു ജീവിക്കാൻ തീരുമാനം
വർഷങ്ങളായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന മൂവരുടെയും ബന്ധം ആഴത്തിലുള്ള പ്രണയബന്ധമായി വളരുകയായിരുന്നു. തുടർന്നാണ് ഒരുമിച്ച് ജീവിക്കാൻ ഇവർ തീരുമാനിച്ചത്. വസിം, ഷിഫയ്ക്കും ജന്നത്തിനും തുല്യമായ സ്നേഹവും പ്രതിബദ്ധതയും വാഗ്ദാനം ചെയ്തുകൊണ്ട് വ്രതമെടുത്തു. പരസ്പര ഐക്യവും സൗഹാർദ്ദവും സൂചിപ്പിക്കുന്ന ആചാരങ്ങളാണ് ചടങ്ങിൽ നടന്നത്. ഇന്ത്യൻ നിയമപ്രകാരം, ഭൂരിഭാഗം സമുദായങ്ങൾക്കും ബഹുഭാര്യത്വം നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍, ചില പ്രത്യേക വിഭാഗങ്ങൾക്ക് ഇതിൽ ഇളവുകളുണ്ട്.
വിവാഹം ഓൺലൈനിൽ ചർച്ചയായി
ഈ വിവാഹത്തിന്‍റെ വീഡിയോ നിമിഷനേരം കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടി. ഇത്തരം വിവാഹങ്ങൾ നിയമപരമായി അനുവദനീയമാണോ എന്നതിനെക്കുറിച്ച് ഓൺലൈനിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. പലരും ഇതിനെ സന്തോഷകരമായ തീരുമാനം എന്ന് വിളിച്ചപ്പോൾ, ഇത്തരം ബന്ധങ്ങളുടെ സാധുതയെയും നിലനിൽപ്പിനെയും ചോദ്യം ചെയ്യുന്നവരും ധാരാളമായിരുന്നു.
"നമ്മുടെ അടുത്ത തലമുറയ്ക്ക് നമ്മൾ എന്ത് സന്ദേശമാണ് നൽകുന്നത്? പെൺകുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും എന്ത് പറ്റി? എന്തിനാണ് ആളുകൾ ഒരേ ഒരാളെ വിവാഹം കഴിക്കാൻ തയ്യാറാകുന്നത്, എങ്ങനെയാണ് അവർ വിട്ടുവീഴ്ചക്ക് തയ്യാറാകുന്നത്? അവർ വളർന്നുവന്ന രീതിയും അവരുടെ പഠിപ്പിക്കലുകളും എന്നെ ദുഃഖിപ്പിക്കുന്നു," ഒരു ഉപയോക്താവ് നിരാശയോടെ കുറിച്ചു. "സഹോദരാ, ഇവിടെ ഒരാളെ കിട്ടാൻ പാടുപെടുമ്പോൾ നിങ്ങൾ രണ്ടെണ്ണത്തിനെ ഒരേ സമയം വിവാഹം കഴിച്ചല്ലോ. അഭിനന്ദനങ്ങൾ," എന്നായിരുന്നു ഒരു തമാശരൂപേണയുള്ള കമന്‍റ്.
ഇത് നിയമപരമായി അനുവദനീയമാണോ? എനിക്ക് തോന്നുന്നില്ല... ഒരേ സമയം രണ്ട് സ്ത്രീകൾ. ഇത് അസാധാരണമാണ് എന്ന് മറ്റൊരാൾ ചോദ്യമുന്നയിച്ചു. ഇതാദ്യമായല്ല ഒരേ ചടങ്ങിൽ മൂന്ന് പേർ വിവാഹിതരാകുന്നത്. ഇതിന് മുമ്പ് തെലങ്കാനയിൽ ഒരു യുവാവ് രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം ഗുജറാത്തിലെ ഒരു യുവാവും രണ്ട് സ്ത്രീകളെ വിവാഹം ചെയ്തിരുന്നു.


