നേരത്തെ ധാരാവി മേഖലയിലെ കണ്ടൽക്കാട് പ്രദേശങ്ങളിൽ നിന്ന് പെരുമ്പാമ്പുകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും നഗരമധ്യത്തിൽ നിന്ന് പിടികൂടുന്നത് അപൂർവ്വമായിരുന്നു
മുംബൈ: മുംബൈ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ ബാന്ദ്ര കുർള കോപ്ലെക്സിൽ നിന്ന് ഒരു മാസത്തിനുള്ളിൽ പിടികൂടിയത് 41 പെരുമ്പാമ്പുകൾ. അടുത്ത കാലത്തായി വന്യമൃഗ മനുഷ്യ സംഘർഷ നഗരമധ്യത്തിലും പെരുകുന്നുവെന്നതിന്റെ സൂചന നൽകുന്നതാണ് സംഭവം. ജൂൺ മാസത്തിൽ മാത്രമായി വന്യജീവി വിദഗ്ധരും പാമ്പുകളെ രക്ഷിക്കുന്ന എൻജിഒകളും അടക്കം നിരവധി പേർ ബാന്ദ്ര കുർള കോംപ്ലക്സിൽ നിന്ന് മാത്രമാണ് ഇത്രയധികം പെരുമ്പാമ്പുകളെ പിടികൂടിയത്.
കാൽനട യാത്രക്കാർ, പൂന്തോട്ടം നോക്കുന്നവർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ, കോർപ്പറേറ്റ് ഓഫീസ് ജീവനക്കാർ എന്നിങ്ങനെ നിരവധിപ്പേരാണ് പാമ്പിനെ കണ്ടതായി വിശദമാക്കി സഹായം തേടിയിട്ടുള്ളത്. ജൂൺ 4ന് ആയിരുന്നു ആദ്യത്തെ പെരുമ്പാമ്പിനെ കണ്ടെത്തിയത്. എയർ കണ്ടീഷന് ഡക്ടിലൂടെ കോൺഫറൻസ് ഹാളിലേക്ക് വീണ പെരുമ്പാമ്പിനെയായിരുന്നു ജൂൺ 4ന് രക്ഷിച്ചത്. ദേശീയ പാതയിലെ പില്ലറുകൾക്ക് സമീപത്ത് നിന്നും ഇന്റർനെറ്റ് കേബിളുകളിൽ നിന്നും പാമ്പുകളെ കണ്ടെത്താൻ തുടങ്ങിയത് ഇതിന് ശേഷമാണ്. ജൂൺ 25നാണ് ഒറ്റയടിക്ക് ഏറ്റവുമധികം പെരുമ്പാമ്പുകളെ രക്ഷിച്ചത്. കൗശിക് കേനി എന്ന സ്നേക്ക് റസ്ക്യൂവറാണ് മിഥി നദിക്ക് സമീപത്തെ കെട്ടിട നിർമ്മാണ സൈറ്റിന് സമീപത്ത് നിന്ന് 10 പെരുമ്പാമ്പുകളെയാണ് പിടികൂടിയത്. ഒരു പെരുമ്പാമ്പിനെ വാഹനമിടിച്ച് ചത്തതിന് പിന്നാലെ നടത്തിയ പരിശധനയിൽ മേഖലയിൽ നിന്ന് വാഹനങ്ങൾക്ക് ഉള്ളിൽ നിന്ന് വരെയായി പത്ത് പെരുമ്പാമ്പുകളെയാണ് പിടികൂടിയത്.
നേരത്തെ ധാരാവി മേഖലയിലെ കണ്ടൽക്കാട് പ്രദേശങ്ങളിൽ നിന്ന് പെരുമ്പാമ്പുകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും നഗരമധ്യത്തിൽ നിന്ന് പിടികൂടുന്നത് അപൂർവ്വമായിരുന്നു. ഇതിനാണ് നിലവിൽ വലിയ രീതിയിൽ മാറ്റമുണ്ടായിട്ടുള്ളത്. സ്വാഭാവിക ആവാസ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പതിവായതാകാം ഇത്തരത്തിൽ പെരുമ്പാമ്പുകൾ ജനവാസ മേഖകളിലേക്ക് എത്തുന്നതിന് കാരണമായി വിദഗ്ധർ നിരീക്ഷിക്കുന്നത്.
