ഭക്ഷണത്തിന് ശേഷം വിദ്യാർത്ഥിനികൾ പതിവ് പോലെ സ്കൂളിലേക്ക് പോയി. എന്നാൽ 11 മണിയോടെ ആറ് വിദ്യാർത്ഥിനികൾ ഛർദ്ദിക്കുകയും പിന്നാലെ തലകറങ്ങി വീഴുകയുമായിരുന്നു
തഞ്ചാവൂർ: പ്രഭാത ഭക്ഷണത്തിന് വിളമ്പിയത് പുളിയോദരയും തക്കാളി കറിയും. അവശനിലയിലായി എസ് സി ഹോസ്റ്റലിലെ 30 വിദ്യാർത്ഥിനികൾ. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. പട്ടുകോട്ടെയിലെ ആദി ദ്രാവിഡർ ഗേൾസ് ഹോസ്റ്റലിലെ 30 വിദ്യാർത്ഥിനികളാണ് വെള്ളിയാഴ്ച പ്രഭാത ഭക്ഷണത്തിന് പിന്നാലെ അവശനിലയിലായത്. ഭക്ഷ്യ വിഷബാധയെന്ന സംശയത്തിലാണ് വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ മൂന്ന് വർഷമായി ഒരു സ്വകാര്യ കല്യാണ ഓഡിറ്റോറിയത്തിന് പുറത്തായാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. മുപ്പത് വിദ്യാർത്ഥിനികളാണ് ഈ ഹോസ്റ്റലിലുള്ലത്. പട്ടുകോട്ടെയിലെ സർക്കാർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളാണ് ഇവർ. വെള്ളിയാഴ്ച രാവിലെ പുളിയോദരെയും തക്കാളി കറിയും ഉരുളക്കിഴങ്ങ് പൊരിച്ചതുമാണ് പ്രഭാത ഭക്ഷണമായി നൽകിയത്.
ഭക്ഷണത്തിന് ശേഷം വിദ്യാർത്ഥിനികൾ പതിവ് പോലെ സ്കൂളിലേക്ക് പോയി. എന്നാൽ 11 മണിയോടെ ആറ് വിദ്യാർത്ഥിനികൾ ഛർദ്ദിക്കുകയും പിന്നാലെ തലകറങ്ങി വീഴുകയുമായിരുന്നു. ഇവരെ അധ്യാപകർ ആശുപത്രിയിലേക്ക് എത്തിച്ചു. ഇതിന് പിന്നാലെ 22 വിദ്യാർത്ഥിനികൾ കൂടി സമാന ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളാണ് വിദ്യാർത്ഥിനികൾക്കുള്ളതെന്നാണ് ഡോക്ടർമാർ വിശദമാക്കിയത്.
ചികിത്സ തേടിയവരിൽ ആരുടേയും ആരോഗ്യനില മോശമല്ലെന്നും ആശുപത്രി അധികൃതർ വിശദമാക്കിയത്. പട്ടുകോട്ടെ ആർഡിഒ ശങ്കർ, തഹസിൽദാർ ധർമേന്ദ്ര, പട്ടുകോട്ടെ ഡിഎസ്പി രവിചന്ദ്രൻ എന്നിവർ വിദ്യാർത്ഥിനികളെ ആശുപത്രിയിൽ സന്ദർശിച്ചു. ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വിഭാഗവും ഹോസ്റ്റലിലെത്തി ഭക്ഷണ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.


