ദില്ലിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും ജനജീവിതം സ്തംഭിപ്പിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെടുകയും പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും രൂപപ്പെടുകയും ചെയ്തു. ഗുരുഗ്രാമിൽ വർക്ക് ഫ്രം ഹോം നിർദേശം.

ദില്ലി: ദില്ലിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 397 ഓളം വിമാന സർവീസുകൾ വൈകുകയോ തടസ്സപ്പെടുകയോ ചെയ്തു. 26 വിമാനങ്ങൾ റദ്ദാക്കുകയും 3 അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ 15 വിമാനങ്ങൾ വഴി തിരിച്ചുവിടുകയും ചെയ്തു. 12 എണ്ണം ജയ്പൂരിലേക്കും 2 എണ്ണം ചണ്ഡീഗഡിലേക്കും ഒരെണ്ണം ലഖ്‌നൗവിലേക്കുമാണ് വഴി തിരിച്ചുവിട്ടത്.

ഗുരുഗ്രാമിൽ വർക്ക് ഫ്രം ഹോം നിർദ്ദേശം

കനത്ത മഴയെ തുടർന്ന് ആഗസ്റ്റ് 25-ന് കോർപ്പറേറ്റ് ഓഫീസുകൾ, സർക്കാർ-സ്വകാര്യ സ്കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയോട് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഗുരുഗ്രാം ഭരണകൂടം നിർദ്ദേശിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും റോഡ്, ഓവുചാൽ അറ്റകുറ്റപ്പണികൾ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണിത്.

മഴ മുന്നറിയിപ്പ്

ഓറഞ്ച് അലേർട്ട്: ഗുരുഗ്രാം, ഫരീദാബാദ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഐഎംഡി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ്, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും ഡൽഹി-എൻ സി ആറിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഗതാഗത തടസ്സവും വെള്ളക്കെട്ടും

ഗുരുഗ്രാമിൽ ഇസ്‌ലാംപൂർ ഗ്രാമത്തിന് സമീപം സോഹ്ന റോഡിലെ സർവീസ് ലെയ്നിൽ രണ്ടടിയോളം വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് നാല് കിലോമീറ്ററോളം നീളത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. എം ബി റോഡിൽ സംഗം വിഹാറിന് സമീപം കനത്ത ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തു. വിമാനത്താവളം, സാകേത് കോടതി എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട യാത്രക്കാരും ജീവനക്കാരും മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. വെസ്റ്റ് ഡൽഹിയിലെ അശോക് നഗറിലുള്ള ജയിൽ റോഡിൽ വലിയ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.