Asianet News MalayalamAsianet News Malayalam

ഗുലാംനബിക്ക് പിന്നാലെ കൂടുതൽ നേതാക്കൾ പുറത്തേക്ക്, അഞ്ച് കോൺഗ്രസ് നേതാക്കൾ കൂടി ജമ്മുകശ്മീരിൽ രാജിവെച്ചു

അടുത്ത ആഴ്ച്ച ഗുലാംനബിയെ അനൂകൂലിക്കുന്നവർ ഒത്തു ചേരും. പുതിയ പാർട്ടി പ്രഖ്യാപനത്തിൽ തീരുമാനം ഗുലാം നബിയുടെതാകുമെന്നും അദ്ദേഹം വിശദീകരിച്ചു. 

5 congress leaders resigned from Congress party in support of Ghulam Nabi Azad
Author
First Published Aug 26, 2022, 3:58 PM IST

കശ്മീര്‍ :  മുതിര്‍ന്ന കോൺഗ്രസ് നേതാവ് ഗുലാംനബിക്ക് പിന്നാലെ കൂടുതൽ കോൺഗ്രസ് നേതാക്കൾ പാര്‍ട്ടി വിട്ട് പുറത്തേക്ക്. ജമ്മുകശ്മീരിലെ മുൻ എംഎൽഎമാര്‍ കൂടിയായ അഞ്ച് കോൺഗ്രസ് നേതാക്കൾ രാജി പ്രഖ്യാപിച്ചു. മുൻ മന്ത്രി ജിഎം സരുരി, അബ്ദുൾ റാഷിദ്, അമിൻ ഭട്ട്, അഹമ്മദ് വാനി, എംഡി അക്രം എന്നിവരാണ് ഏറ്റവും ഒടുവിലായി രാജി പ്രഖ്യാപിച്ചത്. ഗുലാം നബി ആസാദിൻ്റെ വസതിയിൽ വച്ചാണ് രാജി പ്രഖ്യാപനമുണ്ടായത്.

Ghulam Nabi Azad : ഗുലാം നബി ആസാദ് രാജിവെച്ചു; പടിയിറങ്ങുന്നത് കോണ്‍ഗ്രസിന്‍റെ തല മുതിര്‍ന്ന നേതാവ്

ഗുലാംനബിക്കൊപ്പം കൂടൂതൽ നേതാക്കളും പ്രവർത്തകരും രാജിവെച്ച് പുറത്തേക്ക് പോകുമെന്ന് ജി എം സരൂരി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. അടുത്ത ആഴ്ച്ച ഗുലാംനബിയെ അനൂകൂലിക്കുന്നവർ ഒത്തു ചേരും. പുതിയ പാർട്ടി പ്രഖ്യാപനത്തിൽ തീരുമാനം ഗുലാം നബിയുടെതാകുമെന്നും അദ്ദേഹം വിശദീകരിച്ചു. 

രാഹുൽ ഗാന്ധിക്കെതിരാണ് നീക്കമെന്ന ശക്തമായ സന്ദേശം നല്കിയാണ് ഗുലാംനബി ആസാദ് കോൺഗ്രസ് വിടുന്നത്. ജമ്മുകശ്മീരിലെ തെര‌‌ഞ്ഞെടുപ്പിൽ ഗുലാംനബി ആസാദ് പുതിയ പാർട്ടി രൂപീകരിച്ച് മത്സരിക്കാനാണ് സാധ്യത. അഞ്ച് പേജ് രാജി കത്തില്‍ രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമാണ്  ജി 23 നേതാവ് ഉയർത്തിയത്. കോണ്‍ഗ്രസില്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് രാഹുല്‍ഗാന്ധിയും അദ്ദേഹത്തിന്‍റെ സുരക്ഷ ഉദ്യോഗസ്ഥരുമാണെന്നതടക്കമുള്ള വിമർശനമാണ് സോണിയഗാന്ധിക്ക് നല്‍കിയ കത്തില്‍ അദ്ദേഹം ഉയര്‍ത്തുന്നത്. 

'ഗുലാംനബിയുടെ നിയന്ത്രണം മോദിയുടെ റിമോട്ട് കൺട്രോളിൽ'; വിമ‍ര്‍ശിച്ച് മുതി‍ര്‍ന്ന കോൺഗ്രസ് നേതാവ്

ചികിത്സക്കായി സോണിയക്കൊപ്പം രാഹുലും പ്രിയങ്കയും വിദേശത്തേക്ക് തിരിച്ച വേളയിലാണ് ഗുലാം നബി കോണ്‍ഗ്രസില്‍ നിന്നുള്ള പടിയിറങ്ങൽ പ്രഖ്യാപിച്ചത്. ഗുലാം നബി ആസാദിന്റെ രാജി ദൗര്‍ഭാഗ്യകരവും ദുഖകരവുമെന്ന്  ആദ്യം വിമർശിച്ച കോൺഗ്രസ് പിന്നീട് വിമർശനം ശക്തിപ്പെടുത്തി. നല്ല  കാലത്ത് കോണ്‍ഗ്രസില്‍ നിന്ന് ധാരാളം പദവി നേടിയ ഗുലാം നബി ആസാദ് അധികാരമില്ലാതായപ്പോള്‍ പാര്‍ട്ടിയെ വഞ്ചിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്.  തീരുമാനം ഞെട്ടിച്ചുവെന്ന് പറഞ്ഞ വിമത നേതാവ് ആനന്ദ് ശർമ ഒഴിവാക്കാവുന്ന സാഹചര്യമായിരുന്നുവെന്നും പ്രതികരിച്ചു. സംഘടനയില്‍ കലാപമല്ല ഉദ്ദേശിക്കുന്നതെന്ന് ജി 23 നേതാവ് സന്ദീപ് ദീക്ഷിത്ത് പറഞ്ഞു. 

അതേസമയം നേരത്തെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്ന ഹിമന്ത ബിശ്വ ശർമ അടക്കമുള്ലവർ ഗുലാം നബി ആദാസ് പാര്‍ട്ടിയെ വിട്ടതിന് രാഹുല്‍ഗാന്ധിയെ കുറ്റപ്പെടുത്തി. പാര്‍ട്ടിയോട് കൂറുണ്ടായിരുന്നവർ കോണ്‍ഗ്രസില്‍  തഴയപ്പെടുകയാണെന്നാണ് അദ്ദേഹം ഉയര്‍ത്തുന്ന വിമര്‍ശനം. 

 

Follow Us:
Download App:
  • android
  • ios