സസ്പെൻഡ് ചെയ്യുമെന്നും മെഡലുകൾ തിരിച്ചെടുക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞതിനെ തുടർന്നാണ് ദേശീയ തലത്തിൽ സ്കേറ്റിങ് മത്സരങ്ങളിൽ പങ്കെടുത്ത13കാരൻ ജീവനൊടുക്കാൻ ശ്രമിച്ചത്.

ഭോപ്പാൽ: സ്‌കൂളിന്‍റെ മൂന്നാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച എട്ടാം ക്ലാസ്സുകാരന്‍റെ നില ഗുരുതരം. വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ രത്‌ലാമിലെ ഡോംഗ്രെ നഗറിലെ സ്കൂളിലാണ് സംഭവം നടന്നത്.

സ്‌കൂൾ അധികൃതർ പറയുന്നത് എട്ടാം ക്ലാസുകാരൻ വ്യാഴാഴ്ച മൊബൈൽ ഫോൺ സ്‌കൂളിൽ കൊണ്ടുവന്നു എന്നാണ്. ക്ലാസ് മുറിയിലെ വീഡിയോ റെക്കോർഡ് ചെയ്‌തു, അത് പിന്നീട് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്‌തെന്നും പറയുന്നു. കുട്ടി സ്‌കൂൾ നിയമങ്ങൾ ലംഘിച്ചെന്ന് പറഞ്ഞ് മാതാപിതാക്കളെ വിളിച്ചുവരുത്തി. പിന്നാലെയാണ് വിദ്യാർത്ഥി ചാടി മരിക്കാൻ ശ്രമിച്ചത്.

തുടർന്ന് പൊലീസ് സ്കൂളിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ 13 വയസ്സുകാരൻ പ്രിൻസിപ്പലിന്‍റ ഓഫീസിൽ പ്രവേശിക്കുന്നതു കണ്ടു. ക്ഷമിക്കണമെന്ന് നാല് മിനിറ്റോളം ആവർത്തിച്ച് വിദ്യാർത്ഥി പറഞ്ഞു. ഭയത്തിലും നിരാശയിലുമായിരുന്നു കുട്ടി. ഏകദേശം 52 തവണ "ക്ഷമിക്കണം" എന്ന് കുട്ടി ആവർത്തിച്ചു.

സസ്‌പെൻഡ് ചെയ്യുമെന്നും മെഡലുകൾ തിരിച്ചെടുക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞതായി വിദ്യാർത്ഥി പിന്നീട് വിശദീകരിച്ചു. സ്കേറ്റിംഗിൽ ദേശീയ തലത്തിൽ രണ്ടു തവണ മത്സരിച്ച കുട്ടി ഇത് കേട്ടപ്പോൾ തകർന്നുപോയി. പ്രിൻസിപ്പലിന്‍റെ ഓഫീസിൽ നിന്ന് പുറത്തേക്ക് ഓടിയ വിദ്യാർത്ഥി മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു. അതേസമയം എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ വിദ്യാർത്ഥിയുടെ അച്ഛൻ സ്കൂളിലെ വെയ്റ്റിങ് റൂമിൽ ഇരിക്കുകയായിരുന്നു.

സ്കൂളിലെത്താൻ ആവശ്യപ്പെട്ടതു പ്രകാരമാണ് ചെന്നതെന്ന് കുട്ടിയുടെ അച്ഛൻ പ്രീതം കട്ടാര പറഞ്ഞു. സ്കൂളിൽ എത്തിയപ്പോൾ, അവൻ വീണുവെന്നാണ് പറഞ്ഞത്. ഉടനെ ആശുപത്രിയിലേക്ക് തിരിച്ചെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.

കുട്ടി സ്കൂളിലേക്ക് ഫോൺ കൊണ്ടുവന്നത് സ്കൂൾ നിയമത്തിന്റെ ലംഘനമാണെന്ന് എസ്ഡിഎം ആർച്ചി ഹരിത് പറഞ്ഞു. ഈ സ്കൂളിൽ അധ്യാപകർക്കു പോലും ഫോണ്‍ ഉപയോഗിക്കാൻ അനുവാദമില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുമ്പ് കുട്ടിയുടെ പിതാവുമായി സംസാരിക്കാനാണ് വിളിച്ചുവരുത്തിയതെന്നും അതിനിടെയാണ് അവിചാരിതമായി ഈ സംഭവമുണ്ടായതെന്നും സ്കൂൾ അധികൃതർ പ്രതികരിച്ചു.