അഹമ്മദാബാദിൽ സ്ഥിരതാമസമാക്കിയ ഈ ദമ്പതികൾ നിയമപരമായി വിവാഹിതരായിരുന്നില്ലെങ്കിലും ഒരുമിച്ച് ജീവിതം കെട്ടിപ്പടുക്കുകയും അവർക്കൊരു മകൻ ജനിക്കുകയും ചെയ്തിരുന്നു
അഹമ്മദാബാദ്: 30 വർഷത്തിലേറെ തന്റെ ലിവിംഗ് പങ്കാളിയായിരുന്ന വയോധികനെ സഹോദരി തടഞ്ഞുവച്ചുവെന്ന ആരോപണവുമായി 60കാരി. 1996ൽ ആരംഭിച്ച പ്രണയം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിൽ എത്തിയിരിക്കുകയാണ്. അഹമ്മദാബാദിൽ സ്ഥിരതാമസമാക്കിയ ഈ ദമ്പതികൾ നിയമപരമായി വിവാഹിതരായിരുന്നില്ലെങ്കിലും ഒരുമിച്ച് ജീവിതം കെട്ടിപ്പടുക്കുകയും അവർക്കൊരു മകൻ ജനിക്കുകയും ചെയ്തിരുന്നു. എന്നാൽ 2026 ഫെബ്രുവരി മുതൽ തന്റെ പങ്കാളിയെ അദ്ദേഹത്തിന്റെ സഹോദരി ഗാന്ധിനഗറിലെ വീട്ടിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും താനുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചുവെന്നുമാണ് ഈ സ്ത്രീ ആരോപിക്കുന്നത്. തനിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് സഹോദരി അദ്ദേഹത്തെ ഗാന്ധിനഗറിലേക്ക് വിളിച്ചുവരുത്തിയതെന്നും, അവിടെ എത്തിയ ശേഷം അദ്ദേഹത്തെ മടങ്ങാൻ അനുവദിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.

തന്റെ പങ്കാളിയെ സഹോദരി പൂർണ്ണമായും നിയന്ത്രണത്തിലാക്കിയിരിക്കുകയാണെന്നും തന്നെ കാണാൻ അനുവദിക്കുന്നില്ലെന്നും ഹർജിക്കാരിയുടെ ആരോപണം. അഹമ്മദാബാദിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ അവിടെ നിന്നും മാറ്റി നിർബന്ധപൂർവ്വം മരുന്നുകൾ നൽകി ഒറ്റപ്പെടുത്തുകയാണെന്നും അവർ ആരോപിച്ചു. മാസങ്ങളോളം അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടർന്ന് സ്വകാര്യ അന്വേഷണ ഏജൻസികളെയും പോലീസ് കമ്മീഷണറെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് 'ഹേബിയസ് കോർപ്പസ്' ഹർജിയുമായി അവർ ഹൈക്കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച കോടതിയുടെ മുൻപാകെ ഹാജരാക്കിയപ്പോൾ വയോധികൻ ശാരീരികമായി അവശനായിരുന്നു. എങ്കിലും, കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലും തനിക്ക് പരാതിക്കാരിയായ സ്ത്രീക്കൊപ്പം ജീവിക്കാനാണ് താല്പര്യമെന്ന് അദ്ദേഹം കോടതിയിൽ തുറന്നുപറഞ്ഞു. എന്നാൽ ഹർജിക്കാരിയുടെ ലക്ഷ്യം പ്രണയമല്ലെന്നും മറിച്ച് കുടുംബ സ്വത്താണെന്നുമാണ് സഹോദരി കോടതിയിൽ വാദിച്ചത്. വിവാഹം കഴിക്കാതെ 30 വർഷം നീണ്ട ബന്ധം, ആ ബന്ധത്തിലുണ്ടായ മകൻ, തടങ്കലിൽ വെച്ചെന്ന ആരോപണം, ഒടുവിൽ സ്വത്തുതർക്കം എന്നിങ്ങനെ സങ്കീർണ്ണമായ പല ഘടകങ്ങൾ ഈ കേസിലുണ്ട്. നിലവിൽ സഹോദരിയോട് വിശദമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട കോടതി, കേസ് ജൂൺ മാസത്തിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.


